KERALATop News

പറയാത്തത് മറുപടി അര്‍ഹിക്കാത്തത് കൊണ്ടെന്ന് പിണറായി; മുഖ്യമന്ത്രിയുടെ മൗനം ചര്‍ച്ചയാകുന്നത് ഇങ്ങനെ

മംഗളം മീഡിയ നെറ്റ് വര്‍ക്ക് തിരുവനന്തപുരം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മൗനത്തിന്റെ അര്‍ത്ഥം തേടുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പിണറായി വിജയന്‍ ദീര്‍ഘനേരം നീണ്ട മൗനം പാലിച്ചത്. ‘സ്വര്‍ണ്ണക്കടത്ത് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ ആരോപിച്ചിരുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അത്തരത്തിലൊരു ഒത്തുതീര്‍പ്പിലേക്ക് പോകുന്നുണ്ടോ’ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് ശേഷം മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. തന്റെ ചോദ്യം ഇനി മുഖ്യമന്ത്രി കേട്ടില്ലേ എന്ന ആശങ്കയില്‍ ‘സിഎം കേട്ടിരുന്നോ’ എന്ന് മാധ്യമ പ്രവര്‍ത്തക ആവര്‍ത്തിച്ചു. താന്‍ ചോദ്യം കേട്ടുവെന്നും മറുപടി അര്‍ഹിക്കാത്തതുകൊണ്ടാണ് പറയാത്തതെന്നുമായിരുന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കുറച്ച് സമയം കൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ മൗനവും മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയായിരുന്നു. മൗനവും മറുപടിയും പിണറായിയുടെ ധാര്‍ഷ്ട്യമായി എതിരാളികള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ മുഖ്യമന്ത്രിയുടെ മൗനത്തെ ആഘോഷമാക്കുകയാണ് അനുയായികള്‍. ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞനംകുത്തുന്നതിന് തുല്യമായിപ്പോയി മുഖ്യമന്ത്രിയുടെ നടപടി എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. പെട്ടുപോകുന്ന രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിണറായി വിജയനും ഉത്തരംമുട്ടി എന്ന് പ്രതിപക്ഷ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അനാവശ്യ ചോദ്യത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു എന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇരു വിഭാഗവും വലിയതോതിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരുന്ന എം ശിവശങ്കരനെ എന്‍ഐഎ തുടര്‍ച്ചയായി മണിക്കൂറുകളോളം ചോദ്യം ചെയ്യുമ്പോള്‍ വിശദീകരിക്കേണ്ട ബാധ്യത ആര്‍ക്കാണെന്ന ചോദ്യമാണ് പ്രതിപക്ഷ അനുകൂലികള്‍ ഉയര്‍ത്തുന്നത്. കെ-ഫോണും കെ-റെയിലും അടക്കം എം.ശിവശങ്കരന്റെ ഇടപെടലുകള്‍ അന്വേഷണ വിധേയമാക്കേണ്ടതില്ലേ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം നല്‍കിയില്ല എന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് കണ്‍സള്‍ട്ടന്‍സി രാജാണ് എന്ന ആരോപണത്തോടും അദ്ദേഹം കൃത്യമായി പ്രതികരിക്കാന്‍ തയ്യാറായില്ല എന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കണ്‍സള്‍ട്ടന്‍സി മുമ്പുമുണ്ടായിരുന്നുവെന്നും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തേക്കാള്‍ ഇപ്പോള്‍ കുറവാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തില്‍ ഐഎസ് അടക്കമുള്ള ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ചോദ്യത്തിന്, നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണ്ണക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാറിന് ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഇന്നലെയും പിണറായി വിജയന്‍ ആവര്‍ത്തിച്ചു. എന്‍ഐഎയുടെ അന്വേഷണം കൃത്യമായി നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി എത്രസമയം ചോദ്യം ചെയ്യണം, എത്ര തവണ ചോദ്യം ചെയ്യണം, ചോദ്യം ചെയ്യലിന്റെ ഭാഗമായി എന്ത് നിലപാടടെടുക്കണം എന്നത് എന്‍ഐഎ തീരുമാനിക്കേണ്ടതാണ്. അതില്‍ സര്‍ക്കാറിനൊരു കാര്യവുമില്ലെന്നും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വര്‍ണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയിലെത്തിയതായി ഉറച്ചുവിശ്വസിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. രാജ്യദ്രോഹ കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലാണ് എത്തിനില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്കാണ് സംശയത്തിന്റെ വിരല്‍ നീളുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേ വ്യക്തമായ തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോവാനുള്ള ശ്രമവും നടക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ഉത്തരവിനായി കാത്തു നില്‍ക്കുന്ന അവസ്ഥയാണുള്ളത്. നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാവുന്നില്ല. പ്രധാനമന്ത്രിയും അമിത് ഷായും അജിത് ഡോവലുമടങ്ങുന്ന മൂവര്‍ സംഘമാണ് ഡല്‍ഹിയില്‍ നിന്നു കേസ് നിയന്ത്രിക്കുന്നത്.

ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ നീക്കുപോക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അന്വേഷണത്തില്‍ ഭയപ്പാടില്ലെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി സിബിഐ അന്വേഷണം കാബിനറ്റിലൂടെ ആവശ്യപ്പെടുന്നില്ല. സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനും താല്‍പ്പര്യമില്ല. ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്റലിജന്‍സ് സംവിധാനത്തെ നോക്കുകുത്തിയാക്കിയാണ് സ്വര്‍ണകള്ളക്കടത്ത് കേസില്‍ സംശയ നിഴലിലുള്ള യുഎഇ അറ്റാഷെ ഇന്ത്യയില്‍ നിന്നത് രക്ഷപ്പെട്ടത്. ഇത് നാണക്കേടാണ്. വിദേശമന്ത്രാലയത്തിനും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ഇക്കാര്യത്തിലുണ്ടായ വീഴ്ച ചെറുതല്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തീവ്രവാദ ബന്ധത്തോടൊപ്പം രാഷ്ട്രീയ അഴിമതിയും തുറന്നുകാട്ടാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ബിജെപിയും സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ തയ്യാറാവണം. സ്വര്‍ണക്കടത്തിന്റെ യഥാര്‍ഥ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വിദേശയാത്രകളെ കുറിച്ചും അന്വേഷിക്കണം.

ആരെയും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും. കേരള കോണ്‍ഗ്രസിനേയും മുസ് ലിംലീഗിനേയും അവര്‍ സ്വാഗതം ചെയ്യുന്നു. തീവ്രനിലപാടുകളുടെ സംഘടനകളായ എസ് ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരുമായി സിപിഎം ഒളിഞ്ഞും തെളിഞ്ഞും ധാരണയുണ്ടാക്കി. സിപിഎമ്മിന്റെ ജീര്‍ണത, മുതലാളിത്ത ചങ്ങാത്തം, ഇന്ത്യയില്‍ സിപിഎമ്മിന് ഉണ്ടായ അപചയം എന്നിവയെ കുറിച്ച് സത്യസന്ധമായ ഒരു ചര്‍ച്ചയും സിപിഎം കേന്ദ്ര നേതൃത്വം നടത്തുന്നില്ല. കേരളത്തിലെ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന് അപമാനമാണ്. അഴിമതിയുടെ തുടര്‍ക്കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നും എന്‍ഐഎ ചോദ്യം ചെയ്യും. ഇന്നലെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എന്‍ഐഎ നിരീക്ഷണത്തില്‍ തന്നെയാണ് ശിവശങ്കര്‍. ഇദ്ദേഹത്തെ കേസില്‍ സാക്ഷിയാക്കണോ അതോ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയ ശേഷം അര ഡസനോളം വിവാദങ്ങളിലാണു ശിവശങ്കര്‍ കുടുങ്ങിയത്. അപ്പോഴൊന്നും മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കണ്‍സല്‍റ്റന്റായി കെപിഎംജിയെ കൊണ്ടുവരാനുള്ള നീക്കം മുതല്‍ മദ്യവില്‍പനയ്ക്കുള്ള ബെവ്‌കോ ആപ്പ് വരെ വിവാദമായിരുന്നു. പ്രളയത്തെത്തുടര്‍ന്നു നഷ്ടപരിഹാരം നല്‍കുന്നതിനു ഐടി വകുപ്പ് മുന്‍കൈയെടുത്തു മൊബൈല്‍ ആപ്പ് കൊണ്ടുവന്നതു പരാതിക്കിടയാക്കിയിരുന്നു. കോവിഡ് നേരിടുന്നതില്‍ സര്‍ക്കാര്‍ മികവു കാട്ടുമ്പോഴായിരുന്നു സ്പ്രിന്‍ക്ലര്‍ വിവാദം. ഇ-ബസ് പദ്ധതിക്കു പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ കണ്‍സല്‍റ്റന്‍സിയാക്കിയതും അവര്‍ക്കു സെക്രട്ടേറിയറ്റില്‍ ഓഫിസ് തുറക്കാന്‍ അനുമതി നല്‍കിയതും സജീവമായി നില്‍ക്കെയാണു സ്വര്‍ണക്കടത്തു വിവാദം വന്നത്.

എം ശിവശങ്കറിനോട് മുഖ്യമന്ത്രി പിണറായി വിജയന് വല്ലാത്തൊരു വിധേയത്വം ഉണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ അദ്ദേഹത്തിന്റെ പേരും ഉയര്‍ന്നു വന്നത്. ഇതോടെ വിവാദങ്ങളുടെ പടുകുഴിയില്‍ വീണുപോയ സംസ്ഥാന സര്‍ക്കാരിന് ശിവശങ്കറിനെ കൈവിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് പോലെ രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വിഷയം ഇടുത്തീ പോലെ വന്നുവീഴുമെന്ന് മുഖ്യമന്ത്രി പോലും പ്രതീക്ഷിച്ചിരുന്നില്ല. സ്വര്‍ണക്കടത്ത് വിവാദം ആളിക്കത്തുകയും സ്വപ്നയുടെയും സരിത്തിന്റെയും ബന്ധങ്ങള്‍ ശിവശങ്കറിലേക്ക് നീളുകയും ചെയ്തതോടെ സര്‍ക്കാര്‍ വെട്ടിലായി. ഒടുവില്‍ വഹിച്ചിരുന്ന പദവികളില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വ പ്രതാപിയായിരുന്ന ശിവശങ്കര്‍ അതോടെ തീര്‍ത്തും പ്രതിരോധത്തിലായി. ഇന്നത്തെ ചോദ്യം ചെയ്യല്‍ ശിവശങ്കറിന് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.

Show More

Related Articles

Back to top button
Close