
ഗുരുഗ്രാം: ഗോവധ നിരോധനത്തിന്റെ പേരിലുള്ള അക്രമണം. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. പശുവിന്റെ മാംസം കടത്തിയെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചു. പൊലീസുകാരുടെ കണ്മുന്പില് വെച്ചാണ് ചുറ്റിക കൊണ്ടും മറ്റും യുവാവിനെ ഏതാനും പേര് ചേര്‍ന്ന് മര്‍ദിച്ചത്. മാംസം കയറ്റി വന്ന പിക്കപ്പ് വാനിലെ ഡ്രൈവറായ ലുഖ്മാന് എന്ന യുവാവിനെയാണ് തല്ലിച്ചതച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എട്ട് കിലോമീറ്ററോളം ലുഖ്മാന് ഓടിച്ച വാഹനത്തെ പിന്തുടര്ന്നായിരുന്നു ആക്രമണം. വാഹനത്തില്‍ നിന്ന് പിടിച്ചെടുത്ത മാംസം പശുവിന്റേതാണോ എന്ന് പരിശോധിക്കുന്നതിനായി അയച്ചു. എന്നാല്‍ യുവാവിനെ മര്‍ദിച്ച പ്രതികളെ പിടികൂടാന്‍ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല. വീഡിയോയില്‍ മര്‍ദിക്കുന്നവരുടെ മുഖം വ്യക്തമാണെങ്കിലും തിരിച്ചറിയാനാവാത്ത ഏതാനും പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.