KERALANEWSTrending

പശുവിനെ കറക്കാനായാലും വത്സല മെമ്പർ റെഡി; ജനകീയയായ ബിജെപി വനിതാ നേതാവിന്റെ ജീവിതം ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് കാലത്ത് സേവനം ദൗത്യവുമായി സ്വന്തം വാർഡിൽ ഓടിനടക്കുന്ന നിരവധി പഞ്ചായത്തംഗങ്ങളെ നമുക്കറിയാം. നാട്ടുകാർക്ക് ഭക്ഷ്യധാന്യങ്ങളും മരുന്നും എത്തിച്ച്, സാന്ത്വനം പകരുന്ന നന്മമരങ്ങൾ. ഇവരിൽ വ്യത്യസ്ഥയായൊരു പഞ്ചായത്തംഗമുണ്ട് ആറ്റിങ്ങൽ കരവാരം പഞ്ചായത്തിൽ. പേര് വത്സല.

കോവിഡ് ബാധിതരായ ക്ഷീരകർഷകരുടെ വീട്ടിലെ പശുക്കളെ കറക്കാൻ കറവക്കാരൻ വരാതായതോടെ വീടുകളിലെത്തി പാൽ കറന്നുകൊടുത്തും, വീട്ടിൽ എല്ലാവരും രോഗികളായതോടെ നോക്കാൻ ആളില്ലാത്ത പശുക്കളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പരിപാലിച്ചും വത്സല എന്ന പഞ്ചായത്തംഗം വേറിട്ട കാഴ്ചയാവുന്നു. കരവാരം ഗ്രാമപ്പഞ്ചായത്തിലെ പതിനെട്ടാം വാർഡംഗമാണ് വൽസല. കോവിഡിനെതിരേയുള്ള പ്രവർത്തനങ്ങൾക്കൊപ്പം ഈ സേവനത്തിനുകൂടി രംഗത്തിറങ്ങിയ വത്സല ഇതിനോടകം സമൂഹ മാധ്യമങ്ങളിലും തരംഗമായി.

വാർഡിലെ ക്ഷീരകർഷകരിൽ ചിലർക്ക് കോവിഡ് ബാധിച്ചതോടെയാണ് സ്ഥിരമായി പാൽ കറന്നിരുന്നയാൾ രോഗ ഭീതിയിൽ വരാതായത്. ഇതോടെ പരമ്പരാഗത ക്ഷീരകർഷക കൂടിയായ വത്സല കറവക്കാരിയുടെ വേഷം സ്വയമെടുത്തണിഞ്ഞു. വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പഞ്ചായത്തംഗം സജീവമാണ്. മുപ്പത് വർഷം സിപിഎമ്മിൽ പ്രവർത്തിച്ച വത്സല പാർട്ടിയുടെ അവഗണനയിൽ പ്രതിഷേധിച്ച് രണ്ട് വർഷം മുമ്പാപാണ് ബിജെപിയിൽ ചേർന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ ആദ്യമായി മത്സരിച്ചു.

എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ വാർഡിൽ നിന്ന് നേടിയത് 481 വോട്ടുകൾ. വത്സല ഒറ്റയ്ക്ക് പെട്ടിയിലാക്കിയത് 557 വോട്ടുകൾ. അതാണ് സ്വന്തം നാട്ടിൽ വത്സലയുടെ ജനസമ്മതി. കരവാരം ക്ഷീരസംഘം ബോർഡ് മെമ്പർ, പാടശേഖരം കമ്മറ്റിയംഗം, ആശാ പ്രവർത്തനം എന്നീ നിലകളിലെല്ലാം വത്സല കരവാരത്തുകാരുടെ പ്രിയപ്പെട്ടവളായി എപ്പോഴും അരികിലുണ്ട്.

കറവയന്ത്രം വഴിയല്ല, കൈകൾ കൊണ്ടാണ് വത്സലയുടെ കറവ. ഏതു പശുക്കളും തൻ്റെ വിരൽ സ്പർശനത്തിൽ പാൽ ചുരത്തുമെന്നും മെമ്പർ. കറവയ്ക്ക് മാത്രമല്ല, നാട്ടുകാർക്ക് എന്ത് സഹായം ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കണമെന്ന് വത്സല മെമ്പർ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close