Breaking NewsINDIANEWSTrending

പശ്ചിമബം​ഗാളിൽ കേന്ദ്രമന്ത്രി വി മുരളീധരന് നേരേ തൃണമൂൽ ആക്രമണം; മന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകൾ അടിച്ചുതകർത്തു; അക്രമികളിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; വീഡിയോ കാണാം..

കൊൽക്കത്ത: ബം​ഗാളിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ നേരേ ആക്രമണം. മന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകൾ അക്രമികൾ പൂർണമായും അടിച്ചു തകർത്തു. പശ്ചിമ ബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിജെപി പ്രവർത്തകർക്കെതിരെ നടക്കുന്ന വ്യാപക ആക്രമണങ്ങൾ സംബന്ധിച്ച് നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് എത്തിയതായിരുന്നു മന്ത്രി. എന്നാൽ, അക്രമാസക്തരായ തൃണമൂൽ പ്രവർത്തകർ മുരളീധരൻ സഞ്ചരിച്ച വാഹനത്തിന് നേരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് നോക്കി നിൽക്കെയായിരുന്നു ആക്രമണം. വാഹനത്തിന്റെ ചില്ലുകൾ പൂർണമായും അടിച്ചുതകർത്തു. മുന്നോട്ട് പോയ വാഹനത്തിന് പിന്നാലെ അക്രമികൾ ആക്രോശിച്ച് ഓടിയെങ്കിലും കൂടുതൽ അപകടം ഉണ്ടാകാതെ മന്ത്രിയും സംഘവും രക്ഷപെടുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബം​ഗാളിൽ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ബിജെപിയെ പിന്തുണച്ച ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള പ്രവർത്തകർക്കെതിരെ രൂക്ഷമായ ആക്രമണമാണ് തൃണമൂൽ പ്രവർത്തകർ നടത്തുന്നത്. ബിജെപിയുടെ പോളിംഗ് ഏജന്റ് ആയിരുന്ന മൂന്നു സ്ത്രീകളെ കൂട്ട ബലാത്സംഗം നടത്തുകയും കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 6 ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തുകയും ചെയ്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷോവ റാണി മൊണ്ഡൽ , ഉത്തം ഘോഷ്, അഭിജിത് സർക്കാർ , ഹൊറോം അധികാരി , മോമിക് മൊയ്ത്ര , ഗൗരവ് സർക്കാർ എന്നിവരാണ് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകർ.

നിരവധി വീടുകളും പാർട്ടി ഓഫീസുകളും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ബിജെപി പ്രവർത്തകരുടെ വീടുകൾ തേടി ആയുധങ്ങളുമായി തൃണമൂൽ പ്രവർത്തകർ പോകുന്നതിന്റെ വിഡിയോകളും ട്വിറ്ററിൽ വൈറൽ ആകുന്നുണ്ട്. ബംഗാളിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ കാർ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സുവേന്ദു അധികാരി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപെപ്പടുകയും ബംഗാൾ ഗവർണർ സംസ്ഥാന ഡിജിപിയെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ബംഗാളിലുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രലായം സംഘത്തെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും.

അക്രമ സംഭവങ്ങളെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്നലെ ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അക്രമങ്ങള്‍ തടയാന്‍ അടിയന്തര നടപടി വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ പരാജയപ്പെടുന്ന പക്ഷം ഗൗരവത്തോടെയുള്ള നടപടികളുണ്ടാവുമെന്നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വസ്തുതാന്വേഷണത്തിനായി സമിതിയെ നിയോഗിച്ച നടപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close