INDIANEWSTop News

പശ്ചിമ ബം​ഗാളിൽ കളിക്കാനുറച്ച് ബിജെപി; മുഴുവൻ ബിജെപി എംഎൽഎമാർക്കും സുരക്ഷയൊരുക്കുക കേന്ദ്രസേന; തൃണമൂൽ ആക്രമണങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടി നൽകാനുറച്ച് അമിത് ഷായും സംഘവും

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ തൃണമൂൽ ആക്രമണങ്ങളെ പ്രതിരോധിക്കനിറങ്ങി കേന്ദ്ര സർക്കാർ. ബം​ഗാളിൽ ജയിച്ചെത്തിയ ബിജെപി എംഎൽഎമാർക്ക് ഇനി സംരക്ഷണമൊരുക്കുക കേന്ദ്രസേന. ബംഗാളിലെ 77 ബിജെപി എം‌എൽ‌എമാർക്കും കേന്ദ്ര സുരക്ഷാസേനയുടെ സംരക്ഷണം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ബിജെപി എം‌എൽ‌എമാർക്ക് സംസ്ഥാനത്ത്‌ ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്ന കേന്ദ്ര സുരക്ഷാ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എക്സ്, വൈ, ഇസെഡ് കാറ്റ​ഗറി സുരക്ഷകളാണ് എംഎൽഎമാർക്കായി ഒരുക്കുക. അറുപത്തിയൊന്ന് എം‌എൽ‌എമാരെയാണ് ‘എക്സ്’ വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഇവർക്ക് സുരക്ഷ നൽകുന്നതിനായ് സിഐ‌എസ്‌എഫിൽ നിന്നാണ് കമാൻഡോകളെ നിയോഗിക്കുക. ബാക്കിയുള്ള എംഎൽഎമാർ ഉയർന്ന സുരക്ഷാ വിഭാഗമായ ‘വൈ’ യിലാകും. ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിലവിൽ ‘സെഡ് ‘വിഭാഗത്തിന്റെ സുരക്ഷയിലാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ 77 നിയമസഭാംഗങ്ങൾക്കും സി‌ഐ‌എസ്‌എഫിന്റെയും സി‌ആർ‌പി‌എഫിന്റെയും സായുധ കമാൻഡോകളുടെ സുരക്ഷ നൽകണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. കേന്ദ്ര സുരക്ഷാ ഏജൻസികൾ തയ്യാറാക്കിയ ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

പശ്ചിമ ബംഗാളിലെ വോട്ടെടുപ്പിന് ശേഷം ബിജെപി പാർട്ടി പ്രവർത്തകർക്ക് നേരെ നിരവധി അക്രമങ്ങളാണ് ഉണ്ടായതെന്ന ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് കേന്ദ്രം വിഷയത്തിൽ വിശദാന്വേഷണം നടത്താൻ കേന്ദ്ര സുരക്ഷാ ഏജൻസികളെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ്സ് ആണ് പശ്ചിമ ബംഗാളിൽ സർക്കാർ രൂപീകരിച്ചിട്ടുള്ളത്. 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 10 സഹമന്ത്രിമാരും 9 ഡെപ്യൂട്ടി മന്ത്രിമാരുമാണ് ചുമതലയേറ്റത്. അനാരോഗ്യം കാരണം മത്സരരംഗത്ത് നിന്ന് മാറി നിന്ന ധനമന്ത്രി അമിത് മിത്രയേയും മന്ത്രിസഭയിൽ നിലനിറുത്തി. ഈ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയ ബിജെപിയാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടി.

പശ്ചിമബം​ഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിന്റെ പേരിൽ മമതാ ബാനർജി സർക്കാരിനെതിരെ ​ഗവർണർ ജഗ്ദീപ് ദാൻകർ രം​ഗത്തെത്തി. സംസ്ഥാനത്ത് അക്രമം നിയന്ത്രിക്കാനായില്ല. സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മമത ബാനർജി മന്ത്രിസഭയിലെ 43 പേരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെയാണ് ഗവർണ്ണർ അതൃപ്തി അറിയിച്ചത്.

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിൽ കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് സംസ്ഥാനം നല്കിയിട്ടില്ല. ഗവർണ്ണർക്ക് വിശദീകരണം നല്കാനും ആദ്യം ഉദ്യോഗസ്ഥർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഗവർണ്ണർ ജഗ്ദീപ് ധൻകർ ഇന്ന് പരസ്യമായി രംഗത്തു വന്നത്. അക്രമങ്ങളുടെ കാഴ്ച ഖേദകരമാണ്. ഇത് നിയന്ത്രിക്കുന്നതിന് സംസ്ഥാനം നടപടി എടുത്തില്ല. സംസ്ഥാനസർക്കാർ ചുമതല നിറവേറ്റണം. അക്രമം നടന്ന സ്ഥലങ്ങൾ താൻ സന്ദർശിക്കുമെന്നും ഗവർണ്ണർ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close