INDIANEWSTop News

പശ്ചിമ ബം​ഗാൾ നിയമസഭയിൽ ഇക്കുറി പകുതിയോളം ക്രിമിനലുകൾ; എംഎൽഎമാരിൽ ബലാത്സം​ഗക്കേസിലെ പ്രതിയും; ബം​ഗാളിൽ തെരുവ് യുദ്ധം കനക്കുന്നതിനിടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ നിയമസഭയിലെ പുതിയഎ എംഎൽഎമാരിൽ പകുതിയോളം പേരും ക്രിമിനൽ കേസ് പ്രതികൾ. ആകെ എംഎൽഎമാരിൽ 49 ശതമാനവും ക്രിമിനൽ കേസ് പ്രതികളാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. ​ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 113 എംഎൽഎമാരാണ് ബം​ഗാൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ബംഗാളിലെ ആകെ എംഎല്‍എമാരുടെ എണ്ണം 292 ആണ് ഇതില്‍ 142 പേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്.( 49ശതമാനം). അതില്‍ തന്നെ 113 പേർ (39 ശതമാനവും) ഗുരുതരമായ ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. കണക്കനുസരിച്ച് 10 പേര്‍ കൊലപാതക കേസിലും ഒരാള്‍ ബലാത്സംഗ കേസിലും പ്രതിയാണ്. 30പേര്‍ക്കെതിരെയാണ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുള്ളത്.

എഡിആര്‍ കണക്കുകള്‍ പ്രകാരം തൃണമൂലിന്റെ 213 എംഎല്‍എമാരില്‍ 73 പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ആകെ 77 സീറ്റുകളിലാണ് ബിജെപിക്ക് ബംഗാളില്‍ വിജയിക്കാനായത്. ഇതില്‍ 65 ശതമാനം ആളുകളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നാണ് എഡിആര്‍ ബുധനാഴ്ച്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 39 എംഎല്‍എമാര്‍ക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കേസുകളാണ് നിലവിലുള്ളത്.

292 എംഎല്‍എമാരില്‍ 158എംഎല്‍എമാരും കോടിപതികളാണെന്നും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. തൃണമൂലിന്റെ 132 എംഎല്‍എമാരും ബിജെപിയുടെ 25 ഒരു സ്വതന്ത്രനുമടക്കം ഉള്ളവര്‍ ഒരു കോടിയിലധികം സമ്പാദ്യം ഉള്ളതായും കണക്കുകളില്‍ നിന്നും വ്യക്തമാണ്. എഡിആര്‍ പുറത്തിറക്കിയിട്ടുള്ള ഈ പട്ടിക ദി പ്രിന്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബം​ഗാളിൽ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ബിജെപിയെ പിന്തുണച്ച ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള പ്രവർത്തകർക്കെതിരെ രൂക്ഷമായ ആക്രമണമാണ് തൃണമൂൽ പ്രവർത്തകർ നടത്തുന്നത്. ബിജെപിയുടെ പോളിംഗ് ഏജന്റ് ആയിരുന്ന മൂന്നു സ്ത്രീകളെ കൂട്ട ബലാത്സംഗം നടത്തുകയും കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 6 ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തുകയും ചെയ്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷോവ റാണി മൊണ്ഡൽ , ഉത്തം ഘോഷ്, അഭിജിത് സർക്കാർ , ഹൊറോം അധികാരി , മോമിക് മൊയ്ത്ര , ഗൗരവ് സർക്കാർ എന്നിവരാണ് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകർ.

നിരവധി വീടുകളും പാർട്ടി ഓഫീസുകളും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ബിജെപി പ്രവർത്തകരുടെ വീടുകൾ തേടി ആയുധങ്ങളുമായി തൃണമൂൽ പ്രവർത്തകർ പോകുന്നതിന്റെ വിഡിയോകളും ട്വിറ്ററിൽ വൈറൽ ആകുന്നുണ്ട്. ബംഗാളിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ കാർ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സുവേന്ദു അധികാരി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപെപ്പടുകയും ബംഗാൾ ഗവർണർ സംസ്ഥാന ഡിജിപിയെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ബംഗാളിലുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രലായം സംഘത്തെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും.

അക്രമ സംഭവങ്ങളെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്നലെ ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അക്രമങ്ങള്‍ തടയാന്‍ അടിയന്തര നടപടി വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ പരാജയപ്പെടുന്ന പക്ഷം ഗൗരവത്തോടെയുള്ള നടപടികളുണ്ടാവുമെന്നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വസ്തുതാന്വേഷണത്തിനായി സമിതിയെ നിയോഗിച്ച നടപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close