പെഷവാര്‍: പാകിസ്ഥാനില്‍ പെഷവാറിലെ ദിര്‍ കോളനിയിലെ മദ്രസയില്‍ ബോംബ് സ്ഫോടനം. ഏഴ് പേര്‍ മരണമടഞ്ഞതായും 70ഓളം പേര്‍ക്ക് ഗുരുതര പരുക്കേറ്റതായുമാണ് ലഭ്യമായ വിവരം. മരണമടഞ്ഞവരില്‍ നാലുപേര്‍ കുട്ടികളാണ്. ഒരു പ്‌ളാസ്റ്റിക് ബാഗിനുളളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ശേഷം പളളിയില്‍ അജ്ഞാതരായ ആരോ കൊണ്ടുവച്ചതാണെന്നും മരണമടഞ്ഞവരില്‍ കുട്ടികളുമുണ്ടെന്ന് സ്ഥലത്തെത്തിയ പൊലീസ് അധികൃതര്‍ അറിയിച്ചു.
മതപഠനം നടത്തുന്ന മുതിര്‍ന്ന കുട്ടികള്‍ക്കുളളതാണ് മദ്രസ. സ്ഫോടനം നടക്കുന്ന സമയത്ത് ധാരാളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നുവെന്നും സ്ഥലവാസികള്‍ അറിയിച്ചു. ശക്തികൂടിയ സ്ഫോടകവസ്തുവാണ് മദ്രസയില്‍ ഉപയോഗിച്ചതെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് കിലോയോളം വരുന്ന സ്ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് ഖുറാന്‍ ക്‌ളാസിനിടെ മദ്രസയില്‍ കൊണ്ടുവയ്ക്കുകയായിരുന്നു
ദിവസങ്ങള്‍ക്ക് മുന്‍പും പാകിസ്ഥാനില്‍ ബോംബ്സ്ഫോടനത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി നടക്കുന്നതിനാല്‍ പ്രവിശ്യയില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് സ്ഫോടനം. മറ്റൊരു സംഭവത്തില്‍ ഒക്ടോബര്‍ 21ന് സിന്ധ് പ്രവിശ്യയില്‍ നാല് നില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.