കേരളത്തിന്റെ ഇഷ്ട വിനോദങ്ങളില്‍ ഒന്നായി മിമിക്രി എന്ന കലാരൂപം മാറിയതിനു പിന്നില്‍ ഒരു കലസ്‌നേഹിയുടെ പേരുണ്ട്. അള്‍ത്താരയിലെ വാനമ്പാടിയെന്നറിയപ്പെടുന്ന ഫാ. ആബേല്‍.കലാഭവന്റെ സ്ഥാപകനായ അദ്ദേഹത്തിന്റെ തൂലികയിലൂടെ ആരാധനക്രമത്തിനും അനുദിന പ്രാര്‍ത്ഥനകള്‍ക്കുമുള്‍പ്പെടെ ആയിരക്കണക്കിന് ഗാനങ്ങളാണ് പിറവിയെടുത്തത്. ഉത്സവപറമ്പുകളെ കീഴടക്കിയ മിമിക്‌സ് പരേഡ് എന്ന മുഴുനീള ഹാസ്യ പരിപാടിയുടെ ശില്പി അപൂര്‍വ്വമായി മാത്രം ചിരിക്കുന്ന ഫാദര്‍ ആബേല്‍ ആണ്. മരണം വരെ കലാഭവന്‍ എന്ന സ്ഥാപനത്തില്‍ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച ആബേലച്ചന്റെ ശിഷ്യ സമ്പത്ത് മലയാള ചലച്ചിത്ര -ടെലിവിഷന്‍ വ്യവസായത്തിന്റെ നെടുംതൂണുകളാണ്. സിദ്ദിഖ് -ലാല്‍ , ജയറാം , ദിലീപ് , നാദിര്‍ഷാ തുടങ്ങി എണ്ണിയാല്‍ തീരില്ല ആ പട്ടിക.
ഹാസ്യത്തിനുമപ്പുറം സംഗീതത്തിന് പുതിയ ഒരു വഴി കൂടി തെളിയിച്ച ആളാണ് ആബേല്‍ അച്ചന്‍.ഒരു കാലത്ത് മലയാളത്തില്‍ നിറഞ്ഞു നിന്നിരുന്ന പള്ളിപാട്ടുകളെ തിരുത്തിക്കുറിക്കുന്നതായിരുന്നു 1967-ല്‍ പുറത്തിറങ്ങിയ ആബേലച്ചന്റെ കുരിശിന്റെ വഴി.കുരിശിന്റെ വഴി വന്നതോടെ അതുവരെ പാടിയിരുന്ന പാട്ടുകള്‍ പള്ളികളില്‍ കേള്‍ക്കാതായി.
കാളിദാസ കലാകേന്ദ്രത്തിന്റെ 1961-ലെ ‘കാക്കപ്പൊന്ന്’ എന്ന നാടകത്തിനുവേണ്ടി ഒ.എന്‍.വി. രചിച്ച് ദേവരാജന്‍ ഈണം നല്‍കി സി.ഒ. ആന്റോയും സംഘവും ആലപിച്ച ഗാനമാണ് കുരിശിന്റെ വഴി എന്ന ഗാനത്തിന്റെ രചനയ്ക്ക് ആബേല്‍ അച്ചനെ സഹായിച്ചത്.1961-ല്‍ പുറത്തിറങ്ങിയ നാടാകെ പരന്നു ജനകീയമായ ആ നാടകഗാനത്തെ രചനയിലും ഈണത്തിലും തന്റെ കുരിശിന്റെ വഴിക്ക് ആബേലച്ചന്‍ മാതൃകയാക്കി. കുരിശിന്റെ വഴിയുടെ തുടക്കത്തില്‍ത്തന്നെ അച്ചന്‍ രേഖപ്പെടുത്തിയത് ‘കുരിശു ചുമന്നവനേ…’ എന്നാണ്.
രണ്ടു ഘട്ടങ്ങളിലൂടെയാണ് അച്ചന്റെ കുരിശിന്റെ വഴി കടന്നു പോകുന്നത്.അനുകരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ ,അക്കാലത്തെ പ്രശസ്ത സിനിമാ-നാടകഗാനങ്ങളുടെ ഈണങ്ങളിലുള്ള ഗാനരചനയാണ് കാണാന്‍ കഴിയുന്നത്.ഇതിനു നല്ലൊരു ഉദാഹരണം: അച്ചന്റെ ”കാലം കനി ചൂടി, കനകക്കതിര്‍ വീശി” എന്നു തുടങ്ങുന്ന ആദ്യകാല ക്രിസ്തുമസ് ഗാനമാണ്.ഇത് അക്കാലത്തെ ‘കാവ്യമേള’യെന്ന സിനിമയിലെ വയലാര്‍-ദക്ഷിണാമൂര്‍ത്തി-പി. ലീല, യേശുദാസ് കൂട്ടുകെട്ടില്‍ പിറന്ന ‘ദേവീ, ശ്രീദേവി’ എന്ന ഗാനത്തിന്റെ മാതൃകയില്‍ രചിക്കപ്പെട്ടതാണ്.അതിന്റെ ചരണത്തിലെ ഉയര്‍ന്ന സ്ഥായിയില്‍ പാടുന്ന ”ഉണ്ണി പിറന്നതറിഞ്ഞില്ലേ / നിങ്ങള്‍ ബെസ്ലഹം പുരിയില്‍ പോയില്ലേ?” എന്ന വരികള്‍ ഇപ്പോഴും മലയാളി മനസ്സുകളില്‍ മായാതെയുണ്ടാകും.ചുരുക്കിപ്പറഞ്ഞാല്‍ പ്രശസ്തമായ സിനിമാ-നാടകഗാനങ്ങളെ അനുകരിച്ചു രചന നടത്തിയതിന്റെ ഉത്തമമാതൃകയാണ് അച്ചന്റെ കുരിശിന്റെ വഴി.
1969ന്റെ അവസാനം അച്ചന്‍ കലാഭവന്‍ തുടങ്ങുന്നതോടെ അച്ചന്റെ ഗാനരചനയുടെ രണ്ടാംഘട്ടം തുടങ്ങുകയായി. ഒന്നാം ഘട്ടം അനുകരണമാണെങ്കില്‍,അച്ചന്‍ ഗാനരചന നടത്തി സംഗീതസംവിധായകര്‍ ഈണം പകര്‍ന്ന് ഗായകര്‍ ആലപിച്ചു റിക്കാര്‍ഡ് ചെയ്യപ്പെടുന്ന ഘട്ടമായിരുന്നു രണ്ടാമത്തേത്.റാഫി ജോസ്, കെ.കെ. ആന്റണി, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, ആലപ്പി രംഗനാഥ്, സണ്ണി രാജ്, എല്‍ഡ്രിജ് ഐസക്‌സ്, മാനുവല്‍ തങ്കച്ചന്‍ കരിപ്പാപറമ്പില്‍, സേവ്യര്‍ നായത്തോട് എന്നിവരായിരുന്നു പ്രധാനമായും അച്ചന്റെ ഗാനങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചത്.അച്ചന്റെ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് കലാഭവന്റെ അംഗീകൃത സംഗീത സംവിധായകനായിരുന്നു.
കുരിശിന്റെ വഴിയില്‍ കുരിശു ചുമന്നവനേ… എന്ന് അച്ചന്‍ തുടക്കത്തില്‍ രേഖപ്പെടുത്തിയത് അക്കാലത്തെ പ്രശസ്ത നാടകഗാനങ്ങളെ മാതൃകയാക്കിയാണ്.
”ഈശോയുടെ മണവാട്ടി കുരിശിന്റെ പിന്നാലെ’ എന്ന പേരില്‍ ഫാ. ഏ.സി. അന്തിക്കാട് എഴുതിയിരിക്കുന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഈ പുസ്തകരചനയില്‍ എന്നെ സഹായിച്ചിട്ടുണ്ട്” എന്നാണ് 1967-ല്‍ ഇറങ്ങിയ കുരിശിന്റെ വഴിയുടെ ഒന്നാം പതിപ്പില്‍ ആമുഖത്തില്‍ ആബേലച്ചന്‍ കുറിച്ചത്.അച്ചന്റെ ആമുഖത്തില്‍ നാടകഗാനത്തോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നില്ല.
ക്രിസ്തീയഗാനങ്ങള്‍ക്കും ഹാസ്യത്തിനും പുതിയ പ്രതിച്ഛായ നല്‍കിയ ആബേല്‍ അച്ചന്റെ ഓര്‍മ്മ ദിവസമാണ് ഇന്ന്.പാട്ടുകള്‍ക്കൊണ്ട് ക്രിസ്മസ് രാത്രികളെ ധന്യമാക്കിയ ആ അതുല്യപ്രതിഭയെ ഓര്‍മിക്കുന്നതാകട്ടെ ഇന്നത്തെ ദിവസം.
കുരിശിന്റെ വഴി
(ഗാനങ്ങളോടു കൂടിയത്)
ഫാ. ആബേല്‍ സിഎംഐ
പ്രാരംഭഗാനം (കുരിശു ചുമന്നവനേ)
കുരിശില്‍ മരിച്ചവനേ,
കുരിശാലേവിജയം വരിച്ചവനേ,
മിഴിനീരൊഴുക്കിയങ്ങേ,
കുരിശിന്റെവഴിയേ വരുന്നു ഞങ്ങള്‍.
ലോകൈകനാഥാ, നിന്‍
ശിഷ്യനായ്ത്തീരുവാ-
നാശിപ്പോനെന്നുമെന്നും
കുരിശു വഹിച്ചു നിന്‍
കാല്പാടു പിഞ്ചെല്ലാന്‍ക
ല്പിച്ച നായകാ.
നിന്‍ ദിവ്യരക്തത്താ-
ലെന്‍ പാപമാലിന്യം
കഴുകേണമേ, ലോകനാഥാ