Breaking NewsINSIGHTNEWS

പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്ര; ശുചിമുറിയിൽ തൂങ്ങിയാടിയ വിസ്മയ; പച്ചജീവനോടെ കത്തിയെരിഞ്ഞ അർച്ചന; കാലം മാറിയിട്ടും പണത്തോടുള്ള ആർത്തി മാറാത്ത മലയാളികൾ കൊന്നൊടുക്കുന്ന പെൺകുട്ടികളുടെ കഥ

ദീപ പ്രദീപ്

കണ്ട സ്വപ്‌നങ്ങള്‍ അത്രയും പാതിവഴിയില്‍ ഉപേക്ഷിച്ച് പൊലിഞ്ഞു പോയ പെണ്‍ ജീവനുകള്‍ ഇന്നും പലചോദ്യങ്ങള്‍ക്കും ഉത്തരം തേടുന്നുണ്ടാകും. എന്തിന് വേണ്ടി…? ആര്‍ക്കുവേണ്ടിയാണ് തങ്ങള്‍ ജീവിച്ചത്….? ആരോടും ഒന്നും പറയാന്‍ ആകാതെ ഇഷ്ടപ്പെട്ട ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കഴിയാതെ ഇതുവരെ എന്തിനു ജീവിച്ചു….?ഇതൊക്കെ ചോദിക്കുന്ന ശബ്ദങ്ങള്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കില്ലെങ്കിലും അവരും ഭൂമിയില്‍ ജീവിച്ചിരുന്നവരാണ്…അവരുടേതെന്ന് കൂടി വിശ്വസിച്ചിരുന്ന ഇവിടെനിന്നും അവരെ പറഞ്ഞയച്ചതാണ്.പണത്തിനു മേല്‍ പരുന്തും പറക്കില്ലെന്ന് പറയുന്നത് എത്ര സത്യമാണ്.പരുന്തു മാത്രമല്ല ജീവശ്വാസം പോലും അവിടെ ഉയര്‍ന്നു പൊങ്ങില്ല.

വെറുമൊരു സ്റ്റാറ്റസായും ഡീപ്പിയായുമൊക്കെ ഓരോ ജീവിതങ്ങള്‍ എരിഞ്ഞു തീരുമ്പോള്‍ അവരുടെ ജീവിത്തതില്‍ നടന്നതിനും അനുഭവിച്ച വിഷമങ്ങള്‍ക്കും ഒരു കോളം വാര്‍ത്തയ്ക്ക് അപ്പുറം യാതൊരു അന്വേഷണവും പ്രസക്തിയും ഇല്ലാതെ ആകുന്നു. പറക്കോട് പാമ്പിന്റെ കടിയേറ്റ് മരണത്തിന് കീഴടങ്ങിയ ഉത്രയും ശുചീമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെയും പ്രിയങ്കയുടെയും ഏറ്റവും ഒടുവിലായി മരണത്തിന് കീഴടങ്ങിയ അര്‍ച്ചനയുടെയും മരണത്തിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുമ്പോള്‍ കാരണം ഒന്ന് മാത്രം. സ്ത്രീധനം. സ്ത്രീധന നിയമം നാട്ടില്‍ നടപ്പാക്കിയിട്ടും മക്കള്‍ക്ക് കൈയ്യും കഴുത്തും നിറയെ സ്വര്‍ണ്ണം വാരിവലിച്ച് നല്‍കി അതിന് പുറമെ സ്വത്തും കാറുമൊക്കെ നല്‍കി മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കുന്ന മാതാപിതാക്കള്‍ ഒരിക്കല്‍പ്പോലും അവളുടെ ജീവന്റെ സുരക്ഷ ഈ അഭരണങ്ങള്‍ക്ക് ഉണ്ടോ എന്ന് ചിന്തിക്കാറില്ല.പഠിപ്പിച്ച് ജോലിയായി കഴിഞ്ഞ് കെട്ടിച്ചു വിട്ടാല്‍ പിന്നെ ഓരോ പെണ്ണും സ്വന്തം വീട്ടിലെ വെറും അതിഥികള്‍ മാത്രം.വിശേഷ ദിവസങ്ങളില്‍ വരാനും ഫോണ്‍ വിളിയില്‍ മാത്രം ഒതുക്കാനുമുള്ള ബന്ധങ്ങള്‍ മാത്രം.

ഭര്‍ത്താവിന്റെ വീട്ടില്‍ പറ്റുന്നില്ല….ഞാന്‍ അവിടേക്ക് തിരിച്ചു വരുവാണ് എന്നൊരു പെണ്‍കുട്ടി പറഞ്ഞാല്‍ നാലാള്‍ അറിയെ നിന്നെ കെട്ടിച്ചു വിട്ടതല്ലേ…നിനക്ക് അവിടെ നിന്നൂടെ…അഡ്ജസ്റ്റ് ചെയ്യ് എന്ന് പറഞ്ഞ് മക്കളെ സമാധാനിപ്പിക്കുന്ന മാതാപിതാക്കള്‍ സമൂഹത്തില്‍ നഷ്ടപ്പെടുന്ന നിലയെപ്പറ്റി മാത്രമെ ചിന്തിക്കാറുള്ളു….എന്നാല്‍ ആളുകള്‍ എന്ത് പറയും ഞാന്‍ ഇവിടെ നിന്നോളാം എന്ന് അമ്മയെ വിളിച്ചു പറഞ്ഞ വിസ്മയയോട് നീ അതൊന്നും ചിന്തിക്കണ്ട ഇങ്ങു വന്നേക്ക് എന്ന് ആ അമ്മ പറഞ്ഞിരുന്നെങ്കില്‍ ഒരു ജീവന്‍ എങ്കിലും നിലനിര്‍ത്താന്‍ കഴിയുമായിരുന്നു..ഇല്ലെങ്കില്‍ ഫാദേഴ്‌സ് ഡേയ്ക്ക് ഒളിച്ചിരുന്നു വിളിയ്ക്കുകയാണ് എന്നു അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് എങ്കിലും മകളെ ഒന്ന് തിരികെ വിളിയ്ക്കാമായിരുന്നു… ഇതൊന്നിനും കഴിയാതെ അവരൊക്കെ എന്തിന് ജീവിച്ചു…

2020 മെയ് ആറിന് രാത്രിയിലാണ് ഉത്ര പാമ്പ് കടിയേറ്റ് കൊല്ലപ്പെടുന്നത്. മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതക കേസില്‍ സൂരജിനെ ഒന്നാം പ്രതിയാക്കി നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്ടാം കുറ്റപത്രത്തില്‍ സൂരജിന്റെ പിതാവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. സ്വത്തും സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് സൂരജ് ഉത്രയെ വിവാഹം കഴിക്കുന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിവാഹത്തിന് മുന്‍പ് തന്നെ മകളുടെ അവസ്ഥ സൂരജിന്റെ കുടുംബത്തോട് പറഞ്ഞിരുന്നതായി ഉത്രയുടെ കുടുംബം വ്യക്തമാക്കി. മനോദൌർബല്യമുള്ള കുട്ടിയാണ് ഉത്തരയെന്നാണ് വീട്ടുകാർ സൂരജിന്‍റെ കുടുംബത്തെ അറിയിച്ചിരുന്നത്. ഇതെല്ലാം മനസിലാക്കിക്കൊണ്ട് സൂരജ് ഉത്രയെ വിവാഹം കഴിച്ചത് സ്വത്ത് ലക്ഷ്യമിട്ടായിരുന്നു. 100 പവന്‍ സ്വര്‍ണവും മൂന്നര ഏക്കര്‍ വസ്തുവും കാറും പത്ത് ലക്ഷം രൂപയും സ്ത്രീധനമായും നല്‍കി.

രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയും ആത്മഹത്യ ചെയ്തത് സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിന്റെ പേരിലാണ്. അമ്മ ജയയാണ് പ്രിയങ്കയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. 2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. ഇവർ കാക്കനാട് ഫ്ലാറ്റിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കറുകുറ്റിയിലെ വീട്ടിലേക്കു താമസം മാറ്റി. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു പണം ആവശ്യപ്പെട്ടു മർദനവും അസഭ്യ വർഷവും ഇവിടെയും തുടർന്നു. ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

ഇന്നലെ പുലർച്ചെയാണു വിസ്മയയെ ഭർത്താവ് കിരണിന്റെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകൾ വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാർ വിവാഹം കഴിച്ചത്. മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണു കിരൺ. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്നു വിസ്മയ പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് വിഴിഞ്ഞം പയറ്റുവിളയിലെ വാടകവീട്ടിൽ അർച്ചനയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു സുരേഷിന്‍റെയും അർച്ചനയുടെയും വിവാഹം. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു അർച്ചന. പിന്നീട് വീട്ടുകാർ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. വിവാഹശേഷം പല തവണ സുരേഷും അർച്ചനയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പലതും അർച്ചന വീട്ടിൽ പറയുമായിരുന്നില്ല. നഴ്സിംഗ് കോഴ്സ് പാസ്സായ അർച്ചനയെ റജിസ്റ്റർ ചെയ്യാനോ ജോലി ചെയ്യാൻ വിടാനോ സുരേഷ് തയ്യാറായിരുന്നില്ല. പലപ്പോഴും പ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് താനവിടെ ചെല്ലുമ്പോൾ അർച്ചന കരഞ്ഞു കൊണ്ടിരിക്കുന്നതാണ് കാണാറ്. പ്രശ്നങ്ങളെല്ലാം താൻ തന്നെ പരിഹരിച്ചോളാമെന്ന് അർച്ചന അപ്പോഴെല്ലാം പറയുമെന്നും അർച്ചനയുടെ അച്ഛൻ പറയുന്നു.

സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ളവരായിരുന്നു മരിച്ച ഓരോ പെണ്‍കുട്ടികളും.. വീട്ടുകാര്‍ക്ക് സംരക്ഷിക്കാന്‍ ത്രാണിയുള്ളവര്‍… എന്നിട്ടും അവര്‍ മരണത്തിന് കീഴടങ്ങിയെങ്കില്‍ ഇതിനൊക്കെ ഉത്തരവാദികള്‍ ആരാണ്…എല്ലാം മടുത്ത് ജീവനോടുക്കിയ പാഴ് ജന്മങ്ങളോ….അതോ മകള്‍ സുഖമായിരിക്കും എന്നു കരുതി കെട്ടിച്ചു വിട്ട മാതാപിതാക്കളോ…തന്റെ പാതിയെ കരുതാതെ മരണത്തിന് വിട്ടു കൊടുത്ത പങ്കാളികളോ…. ഉത്തരം കണ്ടെത്തേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്.. ഇനിയും ഇത് ആവര്‍ത്തിക്കണോ എന്ന് തീരുമാനിക്കേണ്ടതും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close