KERALANEWS

പാര്‍ട്ടിക്ക് ആശ്വാസം, ക്ലീന്‍ ചീറ്റില്‍ മത്സരിക്കാനൊരുങ്ങി പി കെ ശ്യാമള

കണ്ണൂര്‍: ബക്കളം പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി കെ ശ്യാമളയ്ക്ക് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയത് സിപിഎമ്മിന് ആശ്വാസമായി. സംസ്ഥാനമാകെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു കണ്ണൂര്‍ കൊറ്റാളിയിലെ പ്രവാസി സംരഭകന്‍ സാജന്‍ പാറയിലിന്റെ ആത്മഹത്യ. ആന്തൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണുും ഉദ്യോഗസ്ഥരും പ്രവര്‍ത്തനാനുമതി നല്‍കാന്‍ തയാറാവാത്തതിന്റെ മനോവിഷമം കാരണമാണ് സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആരോപണം. ഇതു സിപിഎമ്മിലും വിവാദത്തിന് വഴിമരുന്നിട്ടിരുന്നു.

സിപിഎം കോട്ടയായ ആന്തൂരില്‍ ജില്ലാ നേതൃത്വത്തിന് വിശദികരണ പൊതുയോഗവും വിളിക്കേണ്ടി വന്നു. പി കെ ശ്യാമളയ്ക്കു നഗരസഭാ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ വീഴ്ച പറ്റിയെന്നു പി ജയരാജനും എം വി ജയരാജനും തുറന്നടിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കിടയാക്കിയിരുന്നു. ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടില്ലെന്നും പാര്‍ട്ടി ശ്യാമളയുടെ കൂടെയാണെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഇതിനു ശേഷമാണ് പ്രതികരണങ്ങള്‍ ആറിത്തണുത്തത്. എന്നാല്‍ അടിത്തട്ടില്‍ അതൃപ്തി നിഴലിച്ചുവെങ്കിലും അച്ചടക്ക നടപടിയെ തുടര്‍ന്ന് അണികള്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോള്‍ പോലീസ് അന്വേഷണത്തില്‍ പി കെ ശ്യാമളയ്ക്കും നഗരസഭാ സെക്രട്ടറിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്‍മാര്‍ക്കും ക്ലീന്‍ ചിറ്റ് ലഭിച്ച സാഹചര്യത്തില്‍ ആന്തൂര്‍ നഗരസഭയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിക്കുകയാണ് സിപിഎം. മാത്രമല്ല വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ ഏറെ സാധ്യതയുള്ള വനിതാ നേതാവാണ് പി കെ ശ്യാമള. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അവര്‍ തന്നെയാണ് സിപിഎം കോട്ടയായ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തുക.

പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ കേസില്‍ കുറ്റവിമുക്തമായതോടെ പി കെ ശ്യാമളയ്‌ക്കെതിരെ പാര്‍ട്ടി ഘടകങ്ങളിലും വിമര്‍ശനമുയരാന്‍ സാധ്യതയില്ല. 2011 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ ജയിംസ് മാത്യുവാണ്. രണ്ടുടേം പൂര്‍ത്തിയായതുകൊണ്ട് അടുത്ത തവണ ജയിംസ് മാത്യു മാറുമെന്നാണ് സൂചന. ഈയൊരു ഒഴിവിലേക്കാണ് ശ്യാമള കയറി വരിക. എന്നാല്‍ ജയിംസ് മാത്യുവിന്റെ ഭാര്യ എന്‍ സുകന്യയുടെ പേരും തളിപ്പറമ്പിലേക്ക് പരിഗണിക്കുന്നുണ്ട്. പി കെ ശ്യാമളയ്‌ക്കെതിരെ ആന്തൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തി നേരത്തെ നിലനിന്നിരുന്നു. ഏകപക്ഷീയമായ പ്രവര്‍ത്തന ശൈലി പിന്തുടരുന്നുവെന്നാണ് ആരോപണം. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദന്റെ ഭാര്യയെന്ന പരിഗണനയും കൂടി ഉള്ളതുകൊണ്ട് തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎമ്മിന്റെ മുന്‍പില്‍ മറ്റു പേരുകളൊന്നുമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close