KERALANEWS

പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കാന്‍ സ്വകാര്യ വ്യക്തികളെ ഏല്‍പ്പിച്ചിട്ടില്ല: കെപിഎ മജീദ്

മലപ്പുറം:കേരളത്തില്‍ മുസ്ലിംലീഗിന് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനമുണ്ടെന്നും സ്വതന്ത്ര വ്യക്തികളെയോ സംഘത്തെയോ ഏല്‍പിച്ചിട്ടില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അങ്ങനെ ആരെങ്കിലും പാര്‍ട്ടിയുടെ സൈബര്‍ വക്താക്കളായോ ഐ.ടി സെല്‍ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്കു വേണ്ടി മാന്യമായും നിസ്വാര്‍ത്ഥമായും ഇടപെടുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സേവനം വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കെ.പി.എ മജീദിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

മുസ്ലിംലീഗ് പാര്‍ട്ടിക്ക് അന്തസ്സാര്‍ന്ന ആശയവും ചരിത്രവും പാരമ്പര്യവുമുണ്ട്. പാര്‍ട്ടിയുടെ നയവും നിലപാടും വ്യക്തമാക്കാന്‍ പര്യാപ്തമായ വാര്‍ഡ് കമ്മിറ്റി മുതല്‍ ദേശീയ കമ്മിറ്റി വരെയുള്ള സംവിധാനങ്ങളും നേതാക്കളുമുണ്ട്. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതിന് വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്കു വേണ്ടി മാന്യമായും നിസ്വാര്‍ത്ഥമായും ഇടപെടുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സേവനവും വിലമതിക്കുന്നു.

അതേസമയം പാര്‍ട്ടിക്കു വേണ്ടി പോരാടാന്‍ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയെയോ സംഘത്തെയോ ഏല്‍പിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും പാര്‍ട്ടിയുടെ സൈബര്‍ വക്താക്കളായോ ഐ.ടി സെല്‍ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ല.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവര്‍ഷം നടത്തി വേട്ടയാടുന്ന സി.പി.എം അണികളുടെ സംസ്‌കാരം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പിന്തുടരേണ്ടതില്ല. രാജ്യത്തിന്റെ പരമാധികാരവും വ്യക്തികളുടെ സ്വകാര്യതയും മൗലികാവകാശങ്ങളും മാനിച്ചുകൊണ്ടായിരിക്കണം സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍. മാന്യമായി രാഷ്ട്രീയം പറയാനും സംവദിക്കാനുമുള്ള അവസരമാണ് സാമൂഹ്യ മാധ്യമങ്ങള്‍ നമുക്ക് തുറന്നു തന്നിരിക്കുന്നത്. അതിനെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close