MoviesTrending

പാര്‍വ്വതിക്ക് പാളിയോ?

കാല്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഇന്ത്യയിലെ ആദ്യ സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ എംഎംഎയ്ക്ക്. അന്യഭാഷ സിനിമകള്‍ക്കെല്ലാം തന്നെ ഇത്തരമൊരു സംഘടനയുണ്ടെങ്കിലും സുശക്തം അമ്മ മാത്രം. പടലപിണക്കങ്ങളും ഗ്രൂപ്പുപോരുകളും സ്വജന പക്ഷവാദവുമെല്ലാമുണ്ടെങ്കിലും സംഘട ഇന്നും പ്രബലമാണ്. എങ്കിലും അമ്മ എന്ന താരസംഘടന ആണ്‍മക്കളുടെ മാത്രമാണെന്നും അഭിനേത്രിമാരോട് വിവേചന നിലപാട് വെച്ചു പുലര്‍ത്തുന്നുവെന്നും തിരിച്ചറിയുന്നത് 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ വച്ച് നടിയാക്രമിക്കപ്പെട്ട സംഭവമാണ്.

കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. അതിന്റെ പേരില്‍ അമ്മയിലെ പെണ്‍മക്കള്‍ അമ്മയോടു പിണങ്ങി മറ്റൊരു സംഘടന തന്നെ സൃഷ്ടിക്കുകയും ചെയ്തു വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന ഡബ്ല്യൂസിസി. രൂപികരിച്ച കാലം മുതല്‍ തന്നെ അമ്മയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു അവര്‍ ഉന്നയിച്ചിരുന്നത്. ഇതില്‍ മുമ്പന്തിയില്‍ നിന്നതാകട്ടെ പാര്‍വ്വതി തിരുവോത്ത്, രേവതി, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമകല്ലിങ്കല്‍, വിധു വിന്‍സന്റ്, പത്മപ്രിയ, തുടങ്ങിയവര്‍. ഇതില്‍ വിധുവാകട്ടേ സംഘടനയില്‍ നിന്നും വിരമിക്കുകയും ചെയ്തു. ഇതിലെ ഓരോ അംഗങ്ങളെയും അവരുടെ കരിയര്‍ ഗ്രാഫും പരിശോധിച്ചാലറിയാം മലയാള സിനിമയ്ക്ക് അരെയാണ് ആവശ്യമെന്നത്.

പാര്‍വ്വതി തിരുവോത്ത്, എന്നു നിന്റെ മൊയ്തീനിലും ഉയരെയിലുമെല്ലാം അവരുടെ അഭിനയ മാസ്മരികത നാം കണ്ടതാണ്. അമ്മയ്ക്കെതിരെ ശബ്ദിച്ചാല്‍ പരിണിത ഫലം എന്തായിരിക്കുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു. ഇവിടെ നഷ്ടം പാര്‍വ്വതിക്കു മാത്രമാണ്. കാരണം പാര്‍വ്വതിക്ക് ഒപ്പമുള്ളവരില്‍ പലരും തങ്ങളുടെ അഭിനയ ജീവിതത്തിന്റെ സകല കടമ്പകളും താണ്ടിയവരാണ്. അന്നും നിലനിന്ന സ്ത്രീ വിവേചനത്തെകുറിച്ച് അക്ഷരം മിണ്ടാത്തവരാണ് ഇന്ന് സിനിമാ ജീവിത്തില്‍ നിന്ന് ഏകദേശ റിട്ടയര്‍ വാങ്ങിയ രേവതിയെപ്പോലുള്ളവര്‍ രംഗത്തിറങ്ങുന്നത്. തന്റെ കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ പ്രതികരണത്തിന്റെ, പ്രതിഷേധത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തുമ്പോള്‍ ചരിത്രത്തിന്റെ ആവര്‍ത്തനമായി അതും മാറിയാല്‍ പ്രതിഭയുള്ള മലയാള സിനിമയിലെ മറ്റൊരു അഭിനേതാവ് കൂടി ഇനിയും അഭ്രപാളികളില്‍ ഇല്ലാതെയാകാം.
അമ്മയുടെ ആരംഭ ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാണ്. രൂപീകരണം മുതല്‍ നിരവധി വിവാദങ്ങളിലൂടെയായിരുന്നു ‘അമ്മ’യുടെ യാത്രകള്‍. 2004ല്‍ ഏഷ്യാനെറ്റ് ചാനലിലെ സ്റ്റേജ് ഷോയില്‍ ‘അമ്മ’യിലെ താരങ്ങള്‍ പങ്കെടുക്കുന്നതിനെതിരെ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് രംഗത്തു വരികയും, ഉടമ്പടിയുടെ ലംഘനമാണിത് എന്നാരോപിക്കുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ അമ്മയിലെ തന്നെ അംഗങ്ങളായ തിലകനും ലാലു അലക്‌സും ‘അമ്മ’യ്ക്കെതിരെ സംസാരിക്കുകയുണ്ടായി. ഉടമ്പടിയില്‍ ഒപ്പുവച്ചതിനു ശേഷം ‘അമ്മ’ ചേംബര്‍ ഓഫ് കൊമേഴ്സിനെ ചതിക്കുകയാണ് ചെയ്തതെന്ന് ലാലു അലക്‌സ് ആരോപിച്ചു. പിന്നീട് ‘അമ്മ’ വാര്‍ത്താ സമ്മേളനം വിളിക്കുകയും, ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സുമായുണ്ടാക്കിയ ഉടമ്പടിയില്‍ മാറ്റം വരുത്തുകയും ചെയ്തു.

ഫയല്‍ ചിത്രംമറ്റൊരു പ്രധാന വിവാദം അന്തരിച്ച നടന്‍ തിലകനുമായി ബന്ധപ്പെട്ടതായിരുന്നു. 2010ല്‍, ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയിലെ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നും തനിക്കെതിരായി കരുനീക്കങ്ങള്‍ നടത്തുന്നുവെന്നും തിലകന്‍ ആരോപണമുന്നയിച്ചു. പിന്നീട് സുകുമാര്‍ അഴീക്കോട്, വി.ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവരുടെ ഇടപെടല്‍ വിവാദങ്ങള്‍ക്ക് ആക്കംകൂട്ടി. ഒടുവില്‍ സംഘടനയില്‍ നിന്നും തിലകന്‍ പുറത്താക്കപ്പെട്ടു.
അതേവര്‍ഷം തന്നെ ഓണ സമയത്ത് ഉലകനായകന്‍ കമല്‍ഹാസനെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന് അമ്മയിലെ താരങ്ങള്‍ വിട്ടുനിന്നത് വീണ്ടും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി. ആ സമയത്തെ കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ സംഭവത്തില്‍ ‘അമ്മ’യ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. മലയാള സിനിമയിലെ താരങ്ങള്‍ പ്രശസ്തിയ്ക്കു പുറകെ പായുകയാണെന്നായിരുന്നു അച്യുതാനന്ദന്റെ വിമര്‍ശനം.

2012ല്‍ സംവിധായകന്‍ വിനയന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 2017 ല്‍ 11.25 ലക്ഷം രൂപ അമ്മയ്ക്കും ഫെഫ്കയ്ക്കും എതിരെ പിഴ ചുമത്തി.2016ലെ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്തുനിന്നും മത്സരിച്ച ഇടതു സ്ഥാനാര്‍ത്ഥി കെ.ബി.ഗണേശ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനു പോയതും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വച്ചു. രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് അമ്മയിലെ അംഗങ്ങള്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ടെന്നും എന്നാല്‍ ഭാരവാഹിയായ മോഹന്‍ലാല്‍ തന്നെ ഇതിന് വീഴ്ചവരുത്തുകയാണ് ചെയ്തതെന്നും നടന്‍ സലിം കുമാര്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ സംഘടനയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു.
ഈ വിവാദങ്ങളെല്ലാം മുന്നോട്ടുവെയ്ക്കുന്ന ചില തെളിവുകള്‍ കൂടി പറയട്ടേ… അമ്മയ്ക്കെതിരെ വിരല്‍ ചൂണ്ടിയ തിലകന്‍.. മലയാള സിനിമയില്‍ മാസ്മരികത സൃഷ്ടിച്ച പെരുന്തച്ചന്‍. വിവാദങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ റുപ്യ എന്ന രഞ്ജിത് സിനിമ ഇറങ്ങും വരെ മലയാള സിനിമയുടെ ഭാഗമല്ലാതെതന്നെയായി..
മലയാള സിനിമയിലെ മികച്ച സിനിമകളുടെ ജനീതാവ് വിനയന്‍. നല്ല സിനിമകള്‍ സൃഷ്ടിക്കാന്‍ പ്രാപ്തി ഇല്ലാഞ്ഞിട്ടല്ല ഇന്നും വിനയന് സിനിമയില്‍ മുന്‍ നിര നായകന്‍മാരെക്കിട്ടാത്തതും. കട്ടപ്പനയിലെ റിതിക് റോഷന്‍ എങ്ങിനെയാണ് സലിംകുമാറിന്റെ തിരിച്ചു വരവ് ചിത്രമായത്. ദേശീയ പുരസ്‌കാരം വരെകിട്ടിയിട്ടും ഇടവേളയില്‍ എവിടെയായിരുന്നു സലിംകുമാര്‍
പാര്‍വ്വതിയുടെ നിലപാടുകളെല്ലാം അവരുടെ വ്യക്തിത്വത്തെ മാറ്റുകൂട്ടുന്ന തീരുമാനങ്ങള്‍ തന്നെ എങ്കിലും അവരുടെ എതിര്‍ ശക്തികള്‍ പ്രബലര്‍ തന്നെ, പാര്‍വ്വതിക്കൊപ്പം നില്‍ക്കുന്നവരാകട്ടേ സിനിമയില്‍ ഇനി ഒരു വഴിത്തിരിവനായി അല്ലെങ്കില്‍ അഭ്രപാളിയില്‍ ബാക്കി നല്‍കാന്‍ ഒന്നും ഇല്ലാത്തവര്‍. കരയറിന്റെ നല്ല സമയത്ത് തന്റെ വഴികള്‍ സ്വയം അടച്ചാല്‍ നഷ്ടം പാര്‍വ്വതിക്കു മത്രം. ഒപ്പം നില്‍ക്കുന്നവരില്‍ എത്ര പേര്‍ക്ക് പാര്‍വ്വതിയുടെ കരിയറിനായി എന്തു ചെയ്യാനാകും എന്നതും സംശയമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close