INSIGHTNEWSTrending

പരസ്യവാചകം യുഡിഎഫിനെ തിരിഞ്ഞ് കൊത്തുമ്പോള്‍..

പാലം നന്നാക്കാന്‍ കഴിയാത്തവര്‍ക്കൊരു നാട് നന്നാക്കാന്‍ കഴിയുന്നതെങ്ങനെ?

രാഷ്ട്രീയ നിരീക്ഷകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തും കടല്‍ എഴുതി വില്‍ക്കലും പിന്‍വാതില്‍ നിയമനവും പി എസ് സി റാങ്ക് ജേതാക്കളുടെ സമരവുമെല്ലാം കേരളത്തിലെ യുഡിഎഫിന് അധികാരം പിടിക്കാനുള്ള എളുപ്പവഴികളെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നുവെങ്കില്‍ കാര്യങ്ങള്‍ വിചാരിച്ചത്ര ലളിതമല്ല. അതിനിടയിലാണ് സ്വന്തം തെരഞ്ഞെടുപ്പ് മുദ്രാവാക്യം തന്നെ യുഡിഎഫിന് വിനയാകുന്നത്.”നാട് നന്നാകാന്‍ യുഡിഎഫ്’ എന്നതാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യവാചകം. ഇതിനെ ട്രോളുകയാണ് സൈബര്‍ ലോകത്തെ എതിരാളികള്‍.
തെരഞ്ഞെടുപ്പിന് വിസില്‍ മുഴങ്ങി ദിനങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ പോലും ഇടതുമുന്നണിക്കൊപ്പം എത്താന്‍ യുഡിഎഫിന് കഴിയുന്നില്ല. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന് ചിരിക്കാത്ത മുഖവുമായി പിണറായി വിജയന്‍ പറയുമ്പോള്‍ ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്ന മുദ്രാവാക്യം തന്നെ പാളിപ്പോയി എന്നാണ് സൈബര്‍ ലോകവും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.  പരുക്കന്‍ മുഖവുമായി ഉറച്ച ശബ്ദത്തോടെ എല്‍ഡിഎഫ് പറയുന്ന ഉറപ്പിന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള ഉരുക്കോളം ഉറപ്പുണ്ടെന്നാണ് സൈബര്‍ പോരാളികളുടെ പക്ഷം. എന്നാല്‍, കൃത്യമായ ലക്ഷ്യമില്ലാതെ നാട് നന്നാകാന്‍ യുഡിഎഫ് എന്ന ലക്ഷ്യബോധമില്ലാത്ത പരസ്യ വാചകമയാണ് ഐക്യ ജനാധിപത്യ മുന്നണിയുടേത്.


‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നത് ജനമനസ്സുകളിലേക്കെത്തുന്നത് വിവിധ തലങ്ങളിലൂടെയാണ്. തൊഴില്‍ ലഭിച്ച യുവാക്കള്‍ക്ക് അത് അഞ്ച് വര്‍ഷം മുമ്പ് തങ്ങളോട് പറഞ്ഞ വാക്കിന്റെ ഉറപ്പാണ്. വൃദ്ധര്‍ക്ക് പെന്‍ഷന്‍ ലഭിക്കുമെന്ന ഉറപ്പും. പാവങ്ങള്‍ക്കത് റേഷന്‍ കിട്ടുമെന്നും കേറിക്കിടക്കാന്‍ കൂരയുണ്ടായി എന്നുമുള്ള ഉറപ്പാണേ്രത. ഇടത് അണികള്‍ക്കും നേതാക്കള്‍ക്കും ഇടത് സഹയാത്രികര്‍ക്കും ഭരണം തുടര്‍ച്ചയെപ്പറ്റി ഉറപ്പാണ്. മുന്നണിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വാഗ്ദാനങ്ങളുടെ പാലനങ്ങളുടെ ഉറപ്പ് മാത്രമല്ല, ഇനിയും വരുമെന്ന ഉറപ്പാണെന്ന സന്ദേശവും ജനങ്ങളിലെത്തിക്കാന്‍ പര്യാപ്തമാണ്. ‘ഉറപ്പാണ് വികസനം,’ ‘ഉറപ്പാണ് ആരോഗ്യം,’ ‘ഉറപ്പാണ് ജനക്ഷേമം’ തുടങ്ങിയ പ്രചാരണവാക്യങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് എല്‍ഡിഎഫ് പുറത്തിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയാണ് പുതിയ പരസ്യവാചകം. സംസ്ഥാനത്ത് പലയിടത്തും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി. പരസ്യ ബോര്‍ഡുകള്‍ക്കും മുമ്പേ ഫേസ്ബുക്ക് പ്രൊഫൈലുകളിലും ‘ഉറപ്പാണ് എല്‍ഡിഎഫ്’എന്ന വാചകം സഖാക്കള്‍ എഴുതിപ്പിടിപ്പിച്ച് കഴിഞ്ഞു. വിവിധ തരം ഫേസ്ബുക്ക് ഫ്രെയിമുകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. എന്താണ് ഉദ്ദേശിക്കുന്നതെന്ന രണ്ടാം ചോദ്യം ഉയര്‍ത്തി യുഡിഎഫിന്റെ പ്രചരണ വാക്യം
‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നതാണ് പ്രചാരണവാക്യം. തങ്ങള്‍ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികള്‍ക്കൊപ്പം ‘വാക്ക് നല്‍കുന്നു യുഡിഎഫ്’ എന്ന വാചകവും ഉണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. അതേസമയം, ജനമനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന മുദ്രാവാക്യമല്ല യുഡിഎഫിന്റേത് എന്നാണ് പ്രധാന വിമര്‍ശനം. നാട് നന്നാകണമെങ്കില്‍ യുഡിഎഫ് അധികാരത്തില്‍ എത്തണം എന്നാണ് ഉദ്ദേശിക്കുന്നത് എങ്കിലും അങ്ങനൊരു സന്ദേശം ജനമനസ്സുകളിലേക്കെത്താന്‍ വേണ്ടത്ര ശക്തയില്ല അതിന്. നാട് നന്നാകാന്‍ യുഡിഎഫ് പ്രതിപക്ഷത്ത് ഉണ്ടാകണം എന്ന ട്രോളുകളും ഇതിനകം പ്രചരിച്ച് തുടങ്ങി.

ഒരു പാലം നന്നാക്കാന്‍ കഴിയാത്തവര്‍ക്കൊരു നാട് നന്നാക്കാന്‍ കഴിയുന്നതെങ്ങനെ? ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നതാണ് പ്രചാരണവാക്യത്തിനെ പാലാരിവട്ടം പാലം കൊണ്ട് പ്രതിരേധിക്കുകയാണ് സഖാക്കള്‍. ഒരു പാലം നന്നാക്കാന്‍ കഴിയാത്തവരാണോ ഈ നാട് നന്നാക്കാന്‍ വരുന്നത് എന്നാണ് ചോദ്യം. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നന്നായത് കോണ്‍ഗ്രസുകാരും ലീഗുകാരും മാത്രമാണെന്ന വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ മാണിയുടെ പേരും വോട്ടെണ്ണല്‍ മെഷീനും അറിയാതെ പോലും നാവിലെത്താതിരിക്കാന്‍ സൈബര്‍ സഖാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്. പാലാരിവട്ടം പാലം പൊളിച്ചത് പോലെ പൊളിച്ചടുക്കേണ്ട പരസ്യവാചകമാണ് യുഡിഎഫിന്റേതെന്നും വിമര്‍ശകര്‍ പറയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് പാലാരിവട്ടം പാലത്തിന്റെ പണിയാരംഭിച്ചത്. 2016 ഒക്ടോബര്‍ 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു. എന്നാല്‍ വൈകാതെ പാലം തകര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ട് വന്നു. ഉദ്ഘാടനം കഴിഞ്ഞ് യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്ത പാലം പൊളിച്ച് പണിയണമെന്നായിരുന്നു വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശം. തുടര്‍ന്ന് പാലം പൊളിക്കാന്‍ ഇടത്പക്ഷ സര്‍ക്കാര്‍ ഉത്തരവിട്ടു. പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നെന്നും മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കുറ്റക്കാരനാണെന്നും കണ്ടെത്തി.  


പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയതില്‍ അഴിമിതി നടത്തിയെന്ന് കണ്ടെത്തിയായിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ ഇക്കഴിഞ്ഞ നവംബര്‍ 18 നായിരുന്നു ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ അറസ്റ്റ് ചെയ്തത്. അനാരോഗ്യം മുന്‍ നിര്‍ത്തി ഒന്നര മാസത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കിയത്. ഇത്തരത്തില്‍ പാലാരിവട്ടം പാലം മാത്രമല്ല, കേരളമാകെ കുളമാക്കിയ ശേഷമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞതെന്നും ഇടത് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
തെറ്റാത്ത കണക്കും താഴാത്ത ഗ്രാഫുമായി എല്‍ഡിഎഫ്

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കേരളത്തില്‍ സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങളുടെ ഘോഷയാത്രയായിരുന്നു. ഓഖിയും രണ്ട് പ്രളയവും നിപ്പയും അതിജീവിച്ച സര്‍ക്കാര്‍ കോവിഡ് മഹാമാരിക്കാലത്ത് കൂടുതല്‍ ജനകീയമായി. പ്രളയകാലത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം മനസ്സിലാക്കിയ ഇടത് സര്‍ക്കാര്‍, മഹാമാരിയെ നേരിടാനും ജനകീയ പങ്കാളിത്തം ഉറപ്പാക്കി. പിണറായിക്ക് കാലിടറുമെന്ന് ഏവരും കരുതിയ സ്വര്‍ണക്കടത്ത് കേസും ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദവും ഉണ്ടായില്ലാ വെടിയായി എന്നാണ് ഇടത് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇതിനെല്ലാം പുറമേയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷവും തമ്മിലുള്ള താരതമ്യം. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നിയമനം നടന്നത് പിണറായി സര്‍ക്കാരിന്റെ കാലത്താണെന്ന് കണക്കു സഹിതം ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സ്‌കൂളുകളുടെ മികവും ഭവന സമുച്ചയങ്ങളും റോഡ് വികസനവും എല്ലാം കണക്കുകളുടെയും ഗ്രാഫുകളുടെയും സഹായത്തോടെ താരതമ്യം ചെയ്താണ് സഖാക്കള്‍ പ്രചാരണം കൊഴുപ്പിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close