
കൊച്ചി:എന്‍സിപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ ചേര്‍ന്നു. പാലയും കുട്ടനാടും അടക്കമുള്ള നാല് സീറ്റുകള്‍ വിട്ട് നല്‍കില്ലെന്ന് എന്‍ സി പി നേതൃത്വം ആവര്‍ത്തിച്ചു.കേരള കോണ്‍ഗ്രസിന് പാല ഹൃദയമാണെങ്കില്‍ പാല തനിക്ക് ചങ്കാണെന്ന് മാണി സി കാപ്പന്.
കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേയ്ക്ക് എത്തിയ സാഹചര്യത്തിലാണ് എന്‍സിപി സംസ്ഥാന നേതൃയോഗം ചേര്‍ന്നത്. പാലയും കുട്ടനാടുമടക്കമുള്ള നാല് സീറ്റുകളും വിട്ട് കൊടുക്കേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനമായി.
പാല സീറ്റ് എന്‍സിപിക്ക് സ്വന്തമാണെന്നും മുന്നണിയില്‍ ആരും പാല സീറ്റ് ആവശ്യപ്പെടില്ലെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. ബോബെയിലെത്തി ദേശീയ നോക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് മാണി സി കാപ്പന് കൊച്ചിയില്‍ യോഗത്തിനെത്തിയത്.
അതേസമയം ജോസ് കെ മാണിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് എല്‍ഡിഎഫിലേക്ക് സ്വാഗതമേകി. ജോസ് കെ മാണിയുടെ വരവ് എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാക്കുമെന്ന് സിപിഐഎം നേതൃത്വം പറഞ്ഞു. ഘടകകക്ഷികളുടെ ആശങ്കകള്‍ പരിഹരിക്കാനാകുമെന്നും സെക്രട്ടേറിയറ്റ്. എല്‍ഡിഎഫ് യോഗത്തില്‍ നിലപാട് അറിയിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.