Breaking NewsElection 2021KERALANEWSTop News

പാലായിലും ബിജെപി അത്ഭുതം കാട്ടുമോ? മണ്ഡലത്തില്‍ പാർട്ടി 30,000ലധികം വോട്ടുകള്‍ സമാഹരിക്കുമെന്ന് അവലോകന യോ​ഗം; ജെ പ്രമീളാ ദേവി കാഴ്ച്ചവെച്ചത് തകർപ്പൻ മത്സരം തന്നെ

കോട്ടയം: പാലായിൽ ശക്തമായ മത്സരം കാഴ്ച്ചവെച്ചെന്ന വിലയിരുത്തലിൽ ബിജെപി. ജില്ലാ തെരഞ്ഞെടുപ്പ് അവലോകന യോ​ഗത്തിലെ റിപ്പോർട്ടിം​ഗ് അനുസരിച്ച് ബിജെപി പാലാ മണ്ഡലത്തില്‍ 30,000ലധികം വോട്ടുകള്‍ സമാഹരിക്കും. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥി എന്‍. ഹരിക്ക് 18,044 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്.

ജെ പ്രമീളാ ദേവിയാണ് പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ജോസ് കെ മാണിയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. മാണി സി കാപ്പനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സംസ്ഥാനം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പാണ് പാലായില്‍ നടന്നത്. 1965ല്‍ രൂപീകൃതമായ പാലാ മണ്ഡലം പാലാ മുനിസിപ്പാലിറ്റി, മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും, കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും ചേര്‍ന്നതാണ്. 2019ലെ കണക്ക് പ്രകാരം 1,79,107 വോട്ടര്‍മാരാണുള്ളത്.

2016ല്‍ കെഎം മാണിക്ക് 58,884 വോട്ടുകളാണ് ലഭിച്ചത്. എന്‍സിപിക്ക് വേണ്ടി മത്സരിച്ച മാണി സി കാപ്പന് 54,181 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് വേണ്ടി മത്സരിച്ച എന്‍. ഹരി 24,821 വോട്ടുകളും ലഭിച്ചു. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് 54,137 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ ജോസ് ടോമിന് 51,194 വോട്ടുകളും ബിജെപിയുടെ എന്‍. ഹരിക്ക് 18,044 വോട്ടുകളും ലഭിച്ചു. ഇതില്‍ നിന്ന് പ്രമീളാ ദേവി അധികം പിടിക്കുന്ന 12,000 വോട്ടുകള്‍ ആരുടേതെന്ന ചര്‍ച്ചയിലാണ് മണ്ഡലം.

രാമപുരം, കടനാട്‌, മേലുകാവ്‌, മൂന്നിലവ്‌, തലനാട്‌, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ചേര്‍ന്നതാണു പാലാ മണ്ഡലം. പാലാ നഗരസഭ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ എല്‍.ഡി.എഫും ആറിടങ്ങളില്‍ യു.ഡി.എഫും മുത്തോലിയില്‍ ബി.ജെ.പിയുമാണ്‌ ഭരണം. മത്സരിച്ചു തടങ്ങിയത്‌ മുതല്‍ പാലാക്കാര്‍ കെ.എം. മാണിയെ കൈവിട്ടില്ല. മാണിയുടെ മരണശേഷം മറ്റൊരു മാണി പാലാ സ്വന്തമാക്കി. ഈ മാണിയാണ്‌ കെ.എം മാണിയുടെ മകനായ ജോസ്‌ കെ. മാണിയോട്‌ നേരിട്ട്‌ ഏറ്റുമുട്ടുന്നത്‌.

തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ പ്രചാരണത്തിനു തുടക്കം കുറിച്ച മാണി സി.കാപ്പന്‍ വിജയമല്ലാതെ മറ്റൊന്നും ചിന്തിക്കുന്നില്ല. പാലായില്‍ മൂന്നു തവണ കെ.എം. മാണിയോടു പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കാപ്പന്റെ ഗ്രാഫ്‌ ഉയര്‍ന്നു. മണ്ഡലത്തില്‍ ചെയ്‌ത വികസന പ്രവര്‍ത്തനങ്ങളിലും യു.ഡി.എഫ്‌. ബന്ധത്തിലുമാണ്‌ കാപ്പന്റെ പ്രതീക്ഷ. കേരളാ കോണ്‍ഗ്രസിന്റെ ഇടതു പ്രവേശനം മുതല്‍ പല നിര്‍ണായക ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പാലായിലെ വിജയത്തിലൂടെ നല്‍കാനാണു ജോസ്‌ കെ. മാണിയുടെ ശ്രമം. രണ്ടു തവണ കോട്ടയം എം.പിയായിരുന്നു. 2018ല്‍ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

കെ.എം.മാണിയും പാലായും തമ്മിലുള്ള ആത്മബന്ധത്തിന്റെ തുടര്‍ച്ചയിലും തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ്‌. മുന്നേറ്റത്തിലുമാണ്‌ ജോസിന്റെ പ്രതീക്ഷ. ബി.ജെ.പിയ്‌ക്കു ഭരണമുള്ള ജില്ലയിലെ രണ്ടാമത്തെ മണ്ഡലത്തില്‍ ഡോ.ജെ. പ്രമീളാ ദേവിയെ ബി.ജെ.പി. രംഗത്തിറങ്ങിയതും വിജയത്തിനായി തന്നെയാണ്.

അതിനിടെ, കോട്ടയം ജില്ലയിലെ മറ്റൊരു മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ അൽഫോൺസ് കണ്ണന്താനത്തിന്റെ വിജയം ഉറപ്പെന്ന് ബിജെപിയുടെ വിലയിരുത്തൽ. കണ്ണന്താനത്തിന് 48,000ല്‍ ഏറെ വോട്ടുകള്‍ ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ട്രഷറര്‍ ജെആര്‍ പത്മകുമാറിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ജില്ല കമ്മിറ്റി യോഗം ചേര്‍ന്നത്. അന്തിമ അവലോകനം 20ന് നടക്കും.

ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. സര്‍ക്കാരിന്റെ വികസനനേട്ടങ്ങളും പ്രവര്‍ത്തനമികവും മുഖ്യ അജണ്ടയാക്കിയായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായ എന്‍ ജയരാജിന്റെ പ്രചരണം. മണ്ഡലം ഇത്തവണ യുഡിഎഫിനെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ജോസഫ് വാഴക്കന്‍ പ്രവര്‍ത്തിച്ചത്. കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റവും അദ്ദേഹം ചര്‍ച്ചാവിഷയമാക്കിയിരുന്നു. എരുമേലി വിമാനത്താവളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍.

കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വെള്ളാവൂര്‍, മണിമല, നെടുങ്കുന്നം, കങ്ങഴ, വാഴൂര്‍, പള്ളിക്കത്തോട് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കാഞ്ഞിരപ്പള്ളി മണ്ഡലം. 2016ല്‍ യുഡിഎഫിന് 53,126 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. എല്‍ഡിഎഫിന് 49236 വോട്ടും ബിജെപിക്ക് 31411 വോട്ടും ലഭിച്ചിരുന്നു.

ബിഡിജെഎസിനെതിരെ രൂക്ഷവിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ അപാകത സംഭവിച്ചിട്ടുണ്ടെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍. പൂഞ്ഞാറില്‍ ബൂത്തില്‍ ഇരിക്കാന്‍ പോലും ബിഡിജെഎസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ലെന്നും ചിലര്‍ വിമര്‍ശിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close