KERALANEWSTop News

“പാലാ രണ്ടിലയ്ക്ക് തന്നെ” മുഖ്യമന്ത്രിയുടെ ഉറപ്പ്

കോട്ടയം: എല്‍ഡിഎഫിലേക്ക് ജോസ് കെ.മാണി എത്തുന്നത് പാലാ സീറ്റ് വിട്ടുനല്‍കാമെന്ന ഉറപ്പിന്‍മേല്‍.എന്‍സിപിയില്‍ പിളര്‍പ്പുണ്ടായി മാണി സി.കാപ്പന്‍ മുന്നണിവിടുമെന്ന വിലയിരുത്തലിലാണ് സിപിഎം കേരള കോണ്‍ഗ്രസിന് (എം) വേണ്ടി വാതില്‍തുറക്കുന്നത്.രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുത്തുകൊണ്ട് സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ ആറു സീറ്റുകള്‍ നല്‍കാമെന്ന ധാരണയാണ് സിപിഎമ്മും ജോസ് കെ.മാണിയുമായി ഉണ്ടാക്കിയിരിക്കുന്നത്. ഈ ധാരണയുടെ പശ്ചാത്തലത്തിലാണ് 39 വര്‍ഷത്തെ നയങ്ങളും നിലപാടുകളും ജോസ് കെ.മാണി തിരുത്തിയെഴുതിയതെന്നതിന് ഇപ്പോള്‍ കൂടുതല്‍ വ്യക്തത ലഭിച്ചിരിക്കുന്നു.

കേരള കോണ്‍ഗ്രസ് (എം)മായുള്ള ഇടതുധാരണയ്ക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടിട്ടുണ്ടെന്നും നിലവിലെ മുന്നണിയിലെ പുതിയ തീരുമാനങ്ങളില്‍ നിന്ന് ഉറപ്പിക്കാം.മുഖ്യമന്ത്രി ഇടപ്പെട്ട് ഇടതുമുന്നണിയില്‍ പുതിയ മൂന്ന്് ധാരണകളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
ഒന്ന് കെ.എം .മാണിയുടെ സ്വന്തം പാല കേരള കോണ്‍ഗ്രസിന് (എം)ന് നിലനിര്‍ത്താം,രണ്ട് പാലായുള്‍പ്പടെ ആറു സീറ്റുകള്‍, ധാരണ മൂന്ന് ജോസ് കെ.മാണി ഒഴിയുന്ന രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുക്കും.
മാണി സി.കാപ്പന്‍ സമ്മതിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ,പാലാ ജോസ് കെ.മാണിക്ക് നല്‍കേണ്ടി വരുമെന്നും പകരം മറ്റൊരു സീറ്റ് നല്‍കാമെന്നും മാണി സി. കാപ്പനോട് സിപിഎം സൂചിപ്പിച്ചു കഴിഞ്ഞു.
സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ.മാണിക്ക് വിട്ടു നല്‍കാന്‍ സിപിഐയോട് സിപിഎം അഭ്യര്‍ഥിക്കാനും പകരം സിപിഐക്ക് വിജയസാധ്യതയുള്ള സീറ്റ് നല്‍കാനും ധാരണയായിട്ടുണ്ട്. റോഷി അഗസ്റ്റിന്‍ നിലവില്‍ എംഎല്‍യായ ഇടുക്കി, സ്‌കറിയ തോമസ് കഴിഞ്ഞ തവണ മല്‍സരിച്ച കടുത്തുരുത്തി, സിപിഎമ്മിന് വലിയ സ്വാധീനമില്ലാത്ത തൊടുപുഴ എന്നീ സീറ്റുകള്‍ നല്‍കാമെന്നാണു ധാരണ. പാലായെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പുണ്ടായാല്‍ കുട്ടനാട് കൂടി കേരള കോണ്‍ഗ്രസിനു (എം) വിട്ടുനല്‍കും.

നിലവിലെ ധാരണകള്‍ക്ക് അപ്പുറത്തേക്കു രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് വിട്ടുവീഴ്ച വേണ്ടി വന്നാല്‍ സഹകരിക്കുമെന്ന് ജോസ് കെ.മാണി സിപിഎം നേതൃത്വത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്‍സിപിയില്‍ പിളര്‍പ്പുണ്ടാകുമെന്നും എ.കെ. ശശീന്ദ്രന്‍ ഒഴികെയുള്ളവര്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫിലേക്ക് പോകുമെന്നാണ് സിപിഎം വിലയിരുത്തല്‍. പരമ്പരാഗത കേരള കോണ്‍ഗ്രസ് (എം) വോട്ടുകളും ക്രൈസ്തവ വോട്ടുകളും നേടിയെടുക്കാന്‍ ജോസ് കെ.മാണിക്ക് കഴിയുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷ.അതേസമയം, എല്‍ഡിഎഫുമായി രണ്ടു ദിവസത്തിനുള്ളില്‍ ചര്‍ച്ച ആരംഭിക്കുമെന്നു ജോസ് കെ. മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ജനകീയ അടിത്തറയുള്ള പാര്‍ട്ടിയാണ്. അതിന് അനുസരിച്ചുള്ള സീറ്റുകള്‍ ലഭിക്കുമെന്നും പാലായില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ജോസ് കെ. മാണി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close