KERALANEWSTrending

പാലാ സീറ്റില്‍ അനിശ്ചിതത്വം,എന്‍.സി.പി രണ്ട് വിഭാഗങ്ങളിലേക്ക്

കൊച്ചി: എല്‍.ഡി.എഫില്‍ പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതിനെത്തുടര്‍ന്ന് എന്‍.സി.പി.യില്‍ രണ്ട് വിഭാഗങ്ങളും ശക്തിആര്‍ജിക്കാന്‍ തുടങ്ങി.
ചേരിതിരിയുന്ന ഇരുവിഭാഗങ്ങളും ആളുകളെ തങ്ങളുടെകൂടെ നിര്‍ത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മാണി സി. കാപ്പന്‍ എം.എല്‍.എ.യെ പിന്തുണച്ച് ഔദ്യോഗിക വിഭാഗംതന്നെ യു.ഡി.എഫിലേക്ക് പോയേക്കുമെന്ന ആശങ്ക പാര്‍ട്ടിക്കുള്ളില്‍ വളരുകയാണ്. ജില്ലാ പ്രസിഡന്റുമാരെയും ഭാരവാഹികളെയും ഒപ്പം ചേര്‍ക്കാനുള്ള ശ്രമം പാര്‍ട്ടിയെക്കാളേറെ താഴെ തട്ടിലെ പ്രവര്‍ത്തകരെയാണ് പ്രതിസന്ധിയിലാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ മുന്നണി മാറ്റം ഉണ്ടാവില്ലെങ്കിലും , ഇടതുമുന്നണിയില്‍ നിന്ന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ശേഷം, പാര്‍ട്ടി മുന്നണി മാറ്റിചവിട്ടിയാല്‍ ജനപ്രതിനിധികള്‍ കൂറുമാറ്റ പരിധിയില്‍ വരും. മന്ത്രി എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിഷമിക്കുന്നത്.ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ഔദ്യോഗിക നേതൃത്വം മുന്നണി വിട്ടാല്‍, ഇടതുമുന്നണിയില്‍ത്തന്നെ തുടരുന്ന ശശീന്ദ്രന്‍ വിഭാഗത്തെ ജനപ്രതിനിധികളുടെ ഭാവി അനിശ്ചിതത്വത്തിലാവും. ഇക്കാരണങ്ങളാല്‍ താഴെതട്ടിലെ സീറ്റ് ചര്‍ച്ചകളില്‍ എന്‍.സി.പി. പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ സി.പി.എം. പരിഗണിക്കുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്.

ഔദ്യോഗിക നേതൃത്വം എന്‍.സി.പി. ദേശീയ പ്രസിഡന്റ് ശരത് പവാറിനെ ഈ ആഴ്ച കാണാന്‍ ആലോചിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന് പാര്‍ട്ടി ഇടതുമുന്നണിയില്‍ തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ഭരണമാറ്റത്തിന് സാധ്യതയുണ്ടെങ്കില്‍ യു.ഡി.എഫിലേക്ക് കളംമാറുന്നതിന് ദേശീയ നേതൃത്വം അനുമതി നല്‍കിയേക്കും.തട്ടിപ്പ് കേസില്‍ കോടതി ശിക്ഷിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരക്കലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചതും വിവാദമായിരിക്കുകയാണ്.പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്താല്‍, അന്വേഷണത്തിന് സബ് കമ്മിറ്റിയെ നിയോഗിച്ച് അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തു വേണം തുടര്‍ നടപടിയെടുക്കാന്‍. ഇത് ചെയ്യാതെ സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി നടപടിയെടുക്കുന്നുവെന്ന ആക്ഷേപമാണ് ശശീന്ദ്രന്‍ വിഭാഗം ഉന്നയിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close