പാളയം മാര്‍ക്കറ്റില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം 15 മാസത്തിനകം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി പിണറായി വിജയന്

തിരുവനന്തപുരം : പാളയം മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം 15 മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം കോര്പ്പറേഷന് ഓഫിസ് അങ്കണത്തില്‍ നിര്‍മിച്ച മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാളയം എ ബ്ലോക്കിലെ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെയും ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററിന്റെയും നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.ഏഴു നിലകളിലായാണു കോര്പ്പറേഷന് അങ്കണത്തില്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 5.64 കോടി രൂപയാണു ചെലവ്. സെമി ഓട്ടോമാറ്റിക് പസില്മോഡില് പ്രവര്‍ത്തിക്കുന്ന ഇവിടെ ഒരേസമയം 102 കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. പൊതുജനങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികള്‍ രൂപീകരിച്ചു നടപ്പാക്കുമ്പോഴാണു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം യാഥാര്‍ഥ്യമാകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്നവര്‍ക്ക് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഏറെ പ്രയോജനം ചെയ്യും. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി പാളയം മാര്‍ക്കറ്റിനെ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്.