INSIGHTNEWSWORLD

‘പാളി’പ്പോകാത്ത ചില ഓസോൺ ചിന്തകൾ; ഇന്ന് ലോക ഓസോൺ ദിനം

കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി സെപ്റ്റംബർ 16 ലെ ഓസോൺ ദിനാചരണം കേവലം പ്രഹസനവും, അതിൽത്തന്നെ വിരോധാഭാസവുമായിരുന്നു. എന്നത്തേയും പോലെ ഭൂമിയെ പരമാവധി മലീമസമാക്കിയായിരുന്നു ഈ ദിനം കഴിഞ്ഞ വർഷം വരെയും കടന്നുപോയത്. എന്നാൽ 2020, നമ്മെ സംബന്ധിച്ച് തുടക്കം മുതൽക്കേ ഒട്ടും ശുഭകരമല്ലാത്ത വർഷമാണെങ്കിലും പ്രകൃതിയെ സംബന്ധിച്ചിടത്തോളം നൂറ്റാണ്ടുകൾക്കിടയിൽ വീണുകിട്ടിയ ഏറ്റവും നല്ല വർഷങ്ങളിൽ ഒന്നാണ്.

ഓസോൺ സംരക്ഷണ വിഷയത്തിൽ ഈ വർഷം തികച്ചും സവിശേഷമാണ്. കാരണം, കഴിഞ്ഞ ഫെബ്രുവരിയിൽ ആർട്ടിക് മേഖലയ്ക്ക് മുകളിൽ 10 ലക്ഷം കിലോമീറ്റർ വിസ്തൃതിയിൽ കാണപ്പെട്ടിരുന്ന ഒരു ഭീമൻ സുഷിരം ഏപ്രിലോടു കൂടി പൂർണമായും അടഞ്ഞു. ഉത്തര ധ്രുവത്തിന് മുകളിലുള്ള അന്തരീക്ഷ താപനില അസാധാരണമായ വിധത്തിൽ താഴ്ന്നതാണ് സുഷിരം അടയാൻ കാരണമെന്നാണ് ഗവേഷകരുടെ വിശദീകരണം. ആർട്ടിക് മേഖലയ്ക്ക്  മുകളിൽ അന്തരീക്ഷത്തിലെ താപനില ക്രമാതീതമായി കുറഞ്ഞതോടെയാണ് ഈ സുഷിരം അസാധാരണമാംവിധം സ്ഥിരത കൈവരിച്ചത്. മനുഷ്യന്റെ ഇടപെടലുകൾ മൂലം ഓസോൺ വാതകത്തെ നശിപ്പിക്കുന്ന ക്ലോറിൻ, ബ്രോമിൻ എന്നീ  രാസപദാർത്ഥങ്ങൾ കൂടുതലായി അന്തരീക്ഷത്തിലേക്കെത്തിയതാണ്  ഇത്തരം ഒരു സുഷിരം പ്രത്യക്ഷപ്പെടാൻ കാരണമായത്. ആര്‍ട്ടിക്കില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലിയ ഓസോണ്‍ പാളിയായിരുന്നു ഇതെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിങ് സര്‍വീസ് റിപ്പോർട്ട്‌ ചെയ്തിരുന്നു.

എന്നാൽ, കോവിഡ്-19 മൂലമുണ്ടായ സമ്പൂർണ്ണ ലോക്ക്ഡൌൺ മൂലമാണ് ഈ വലിയ വിള്ളൽ അടഞ്ഞത് എന്നൊരു പ്രചാരണവും ആ സമയത്ത് വന്നിരുന്നു. വാസ്തവത്തിൽ ഇവ തമ്മിൽ യാതൊരു ബന്ധവുമില്ല എന്നാണ് വിദഗ്ധാഭിപ്രായം.

എന്താണീ ഓസോൺ പാളി ?

ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്ററിനും 50 കിലോമീറ്ററിനും ഇടയിലെ ആകാശത്തിലാണ് ഓസോണ്‍ (രാസപരമായി മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നതാണ് ഓസോണ്‍ മൂലകം) കാണപ്പെടുന്നത്. ഇതൊരു പാളിയാണെന്നാണ് എല്ലാവരും പറയുന്നതെങ്കിലും അന്തരീക്ഷത്തില്‍ കുറഞ്ഞ അളവിലാണ് ഓസോണ്‍ കാണപ്പെടുന്നത്. ഈ പാളിയുടെ കനം കൂടുതല്‍ എന്ന് പറയുന്ന സ്ഥലങ്ങളില്‍ പോലും ഓരോ ദശലക്ഷം വായു കണികകളിലും വളരെ കുറച്ച് ഓസോണ്‍ കണികകളേ ഉണ്ടാകാറുള്ളൂ.

പക്ഷേ, അവ ഒരു പ്രധാനപ്പെട്ട ദൗത്യം നിര്‍വഹിക്കുന്നു. സൂര്യനില്‍ നിന്നുമുള്ള അപകടകാരികളായ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നത് വഴി ഭൂമിയിലെ ജീവജാലങ്ങള്‍ക്കുള്ള ഒരു വലിയ ഭീഷണിയാണ് ഓസോണ്‍ കണികകള്‍ ഇല്ലാതാക്കുന്നത്. ചെടികളിലും മൃഗങ്ങളിലും യുവി രശ്മികള്‍ ചര്‍മ്മാര്‍ബുദത്തിനും മറ്റു രോഗങ്ങള്‍ക്കും അംഗവൈകല്യത്തിനും കാരണമാകും.

അപ്പോൾ ഓസോൺ ദ്വാരമോ ?

ഓസോണ്‍ ദ്വാരം യഥാര്‍ത്ഥത്തില്‍ ദ്വാരമല്ല. ചില മാസങ്ങളില്‍ അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് വളരയെധികം കുറയുന്ന പ്രദേശങ്ങളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അന്റാര്‍ട്ടിക്കയുടെ മുകളിലെ അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് കുറയുന്ന ഓസോണ്‍ ദ്വാരങ്ങളെകുറിച്ചാണ് സാധാരണ ചര്‍ച്ചയാകുന്നത്. എല്ലാവര്‍ഷങ്ങളിലും സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ദക്ഷിണ ധ്രുവത്തിലെ പ്രത്യോക ജ്യോതിശാസ്ത്ര, രാസപരമായ കാരണങ്ങള്‍ കൊണ്ട് അവയുണ്ടാകുന്നു. അതിന്റെ വലിപ്പം 20 മുതല്‍ 25 ദശലക്ഷം സ്‌ക്വയര്‍ കിലോമീറ്ററുകള്‍ വരെ ആകാറുണ്ട്.

ഉത്തര ധ്രുവത്തിനു മുകളിലും അത്തരം ദ്വാരങ്ങള്‍ കാണാറുണ്ട്. എന്നാല്‍, ദക്ഷിണ ധ്രുവത്തേക്കാള്‍ ചൂടുള്ള താപനിലയില്‍ ഈ ദ്വാരങ്ങള്‍ക്ക് ചെറിയ വലിപ്പമേ ഉണ്ടാകാറുള്ളൂ. ഇതിനുമുമ്പ് ആര്‍ട്ടിക് മേഖലയില്‍ ഏറ്റവും വലിയ ദ്വാരം കണ്ടത് 2011-ലാണ്.

ഇത് ചരിത്രം

ഓസോണ്‍ പാളി സംരക്ഷിക്കുന്നതിനായി 1987 സെപ്തംമ്പര്‍ 16നാണ് മോണ്‍ട്രിയയില്‍ ഉടമ്പടി ഒപ്പുവച്ചത്. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറയ്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളി 1988ലാണ് സെപ്റ്റംബർ 16 ഓസോണ്‍ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഇതിനെത്തുടര്‍ന്നാണ് ഈ ദിവസം ഓസോണ്‍ ദിനമായി ആചരിച്ചുവരുന്നത്.

ഇന്ന് ഓസോൺ ദിനമല്ലേ, പ്രകൃതിയെ സംരക്ഷിച്ചുകളയാം എന്ന് കരുതി മുന്നിട്ടിറങ്ങിയില്ലെങ്കിലും സാരമില്ല. വർഷങ്ങളായി നമുക്ക് ചെയ്യാൻ കഴിയാതിരുന്നത് കൊറോണ നമുക്കായി ചെയ്തിട്ടുണ്ട്. ലോക്ഡൌൺ മൂലം കുറഞ്ഞ അന്തരീക്ഷ മലിനീകരണം ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ ഇന്ന് മനുഷ്യനേക്കാൾ ഭൂമിക്ക് പ്രിയം ഈ ‘ചെറിയ വലിയ’ വൈറസിനോടാകാം.

കഴിഞ്ഞ നവംബറിൽ ചൈനയിലെ വുഹാനിൽ ആരംഭിച്ച്, ഇന്ന് ഇന്ന് സർവ്വവ്യാപിയായി തുടരുന്ന കൊറോണ പ്രകൃതിയോട് ചെയ്തതും, നമുക്ക് ഇതുവരെ ചെയ്യാൻ കഴിയാതിരുന്നതുമായ ഒരു നന്മയുണ്ട്. അതാണ്‌ ഇന്നിന്റെ പ്രസക്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close