INSIGHTTop News

പാർട്ടിക്കു തന്നെ ട്രംപിനെ പേടി

പി പി മാത്യു 

അമേരിക്കൻ പ്രസിഡന്റായി 2016 ൽ തെരഞ്ഞെടുക്കപ്പെടുമ്പോൾ ഡൊണാൾഡ് ട്രംപ് ഭരണ റിപ്പബ്ലിക്കൻ പാർട്ടിയിൽ അംഗമായിരുന്നില്ല. എന്നാൽ നാലു വർഷത്തെ ഭരണത്തിനിടയിൽ ട്രംപ് പാർട്ടിയെ കൈയ്യടക്കി എന്നാണ് ഇപ്പോൾ പല നേതാക്കളുടെയും ആശങ്ക. വെളിവും വെള്ളിയാഴ്ചയുമില്ലാത്ത പ്രസിഡന്റ് പാർട്ടിയുടെ കുഴി തോണ്ടി എന്നാക്ഷേപിച്ചു യു എസ് കോൺഗ്രസ്സ് മുൻ അംഗങ്ങൾ ഉൾപ്പെടെ ഏതാനും നേതാക്കൾ അദ്ദേഹത്തിനെതിരെ പട തുടങ്ങിയിരിക്കുന്നു. ഇവരെല്ലാം ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനെ പരസ്യമായി തന്നെ പിന്തുണച്ചിട്ടുമുണ്ട്. ട്രംപ് നിറഞ്ഞു നിൽക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി ദേശീയ കൺവെൻഷൻ നോർത്ത് കരോലിനയിലെ ഷാർലട്ടിയിൽ ആരംഭിച്ച നേരത്താണ് രണ്ടു ഡസനിലേറെ നേതാക്കൾ മറു പക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചത്.

നാലു നാൾ നീളുന്ന കൺവെൻഷന്റെ അവസാനം പ്രസിഡന്റ് എത്തുക എന്നതാണ് കീഴ്വഴക്കം. പക്ഷെ ഇക്കുറി നാല് ദിവസവും തന്റെ സാന്നിധ്യം അറിയിക്കയാണ് ട്രംപ്. വൈറ്റ് ഹൗസിൽ നിന്നാണ് ട്രംപ് വീഡിയോ വഴി ആൾക്കൂട്ടമില്ലാത്ത കൺവെൻഷൻ ഹാളിലേക്ക് എത്തിപ്പിടിക്കുന്നത്.  അങ്ങിനെ നിറഞ്ഞു നില്കുന്നത് കാര്യങ്ങൾ കുളമായി എന്ന ഭയം കൊണ്ടാണെന്നു നിരീക്ഷകർ കരുതുന്നില്ല. ‘ട്രമ്പിനോ ഭയം’ എന്നാണ് അവർ ചോദിക്കുന്നത്. താൻ ആണ് പ്രധാനം,പാർട്ടി അല്ല എന്ന് ട്രംപ് ഉറക്കെ ഉറക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു. ആ സമീപനമാണ് പാർട്ടിയിലെ പ്രമുഖർ തന്നെ ചോദ്യം ചെയ്യുന്നത്. കാരണം ട്രംപിനെ ജനത്തിന് കണ്ണെടുത്താൽ കണ്ടു കൂടാ എന്നൊരു കാലം വന്നതായി അവർ വിലയിരുത്തുന്നു. അരിസോണ മുൻ സെനറ്റർ ജെഫ് ഫ്ലേക്, പെൻസിൽവാനിയ മുൻ റെപ് ചാർലി ഡെന്റ്റ്, നോർത്ത് കരോലിന മുൻ സെനറ്റർ ഗോർഡൻ ഹംഫ്രി, വിർജിനിയയിൽ നിന്നുള്ള മുൻ സെനറ്റർ ജോൺ വാർണർ എന്നിവരാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിൽക്കെ തന്നെ ബൈഡനെ പിന്തുണയ്ക്കുന്നവരിൽ മുൻപന്തിയിൽ. അവരോടൊപ്പം അധോസഭയിൽ നിന്നുള്ള 20 പേർ വേറെയും. തിങ്കളാഴ്ച ആരംഭിച്ച കൺവെൻഷനിൽ ട്രംപിനെതിരെ ഇവരിൽ ചിലർ ആഞ്ഞടിക്കും എന്ന ആശങ്കയും പാർട്ടി വൃത്തങ്ങൾ ഉയർത്തുന്നുണ്ട്‌.യു എസ് കോൺഗ്രസ്സിലേക്കു കൂടി വോട്ടെടുപ്പു നടക്കുന്ന നവംബറിൽ സ്വന്തം സീറ്റുകൾ നഷ്ടപ്പെടും എന്ന കടുത്ത ആശങ്ക അവരെയെല്ലാം ബാധിച്ചിട്ടുണ്ട്. അത്ര പരാജയമാണ് ട്രംപിന്റെ ഭരണം എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

അധോസഭയിൽ ഭൂരിപക്ഷമുള്ള (435 ൽ 232) ഡെമോക്രറ്റുകൾ നൂറിൽ 35 സീറ്റിലേക്ക് മത്സരം നടക്കുന്ന സെനറ്റും പിടിച്ചെടുക്കും എന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്. സെനറ്റിൽ ഇപ്പോൾ 53  സീറ്റാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക്. ഡെമോക്രറ്റുകൾ വെറും നാല് സീറ്റ് പിടിച്ചാൽ  അത് കൈവിടും എന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ തന്നെ ഭയപ്പെടുന്നു. ചരിത്രമാകും അത്. പ്രസിഡന്റ് തോൽക്കുന്നത് പോലെ തന്നെ പാർട്ടിക്കു കടുത്ത പ്രഹരമാവും അവരുടെ താൽപര്യങ്ങൾ തട്ടിൻപുറത്തു കയറ്റി വയ്‌ക്കേണ്ടി വരിക എന്നത്. രണ്ടു വർഷം കഴിഞ്ഞു വരുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രമേ പിന്നെ ആ സ്ഥിതിക്ക് എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ ശ്രമിക്കാനാവൂ.

വലിയ നഷ്ടങ്ങളാണ് സെനറ്റ് കൂടി നഷ്ടപ്പെട്ടാൽ ഉണ്ടാവുക. തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ട്രംപിന് പരാജയ ഭീതിയുണ്ട് എന്ന് തോന്നുന്ന രീതിയിലാണ് കൺവെൻഷൻ തുടങ്ങി വച്ച പ്രസംഗത്തിൽ അദ്ദേഹം സംസാരിച്ചത് —  തെരഞ്ഞടുപ്പിൽ കൃത്രിമത്വം നടക്കാൻ സാധ്യതയുണ്ട് എന്ന്. അങ്ങനെയല്ലാതെ ഡെമോക്രാറ്റ്സിനു ജയിക്കാൻ ആവില്ല എന്നാണ് ട്രംപ് പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവസാനം വരെ ഹിലരി ക്ലിന്റൺ സർവേകളിൽ മുന്നിട്ടു നിന്നപ്പോഴും ട്രംപ് ഇതേ ആരോപണം ഉന്നയിച്ചു. എന്നാൽ റഷ്യ അദ്ദേഹത്തിന് വേണ്ടി ഇടപെട്ടു എന്നാണ് മൂന്നു വർഷത്തെ അന്വേഷണത്തിനൊടുവിൽ റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള സെനറ്റ് സമിതി കഴിഞ്ഞയാഴ്ച റിപ്പോർട്ട് നൽകിയത്. ട്രംപ് സഹായികളും ക്രെംലിനുമായി നടന്ന ഇടപെടലുകളെ  കുറിച്ച് ആയിരത്തിലേറെ പേജുള്ള റിപ്പോർട്ടിൽ വിശദമായി പറയുന്നു. 

“അവർ കോവിഡ് പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ നോക്കുന്നു” എന്നാണ് ഡെമോക്രാറ്റ് പ്രചാരണത്തെ കുറിച്ച് ട്രംപ് തിങ്കളാഴ്ച  ഉന്നയിച്ച ആക്ഷേപം. കോവിഡ് എതിരാളികളുടെ ഏറ്റവും മൂർച്ചയുള്ള ആയുധമാണെന്നു ട്രംപ് കാണുന്നു. ഈ മഹാമാരിയിൽ ഒന്നേമുക്കാൽ ലക്ഷം ആളുകളെങ്കിലും മരിച്ചത് ഭരണകൂടത്തിന്റെ സമീപനങ്ങൾ തെറ്റായിരുന്നതു കൊണ്ടാണ് എന്ന സത്യം വിളിച്ചു പറഞ്ഞില്ലെങ്കിൽ പ്രതിപക്ഷം പിന്നെ എന്തിനാണ്. കൺവെൻഷൻ ആരംഭിക്കുമ്പോൾ തന്നെ ബൈഡൻ ജനാഭിപ്രായ സർവേകളിൽ ശരാശരി 10 പോയിന്റിനു മുന്നിലാണ്. വലിയ സംസ്ഥാനങ്ങളിൽ എല്ലായിടത്തും ബൈഡനു തന്നെ മുൻ‌തൂക്കം. രാജ്യത്തിൻറെ പോക്ക് തെറ്റായ ദിശയിലെന്ന് മഹാഭൂരിപക്ഷം വിധിയെഴുതുന്നു. ഇതൊക്കെ മാറ്റി എഴുതുക എന്ന വെല്ലുവിളി നിസ്സാരമല്ല.

മൂന്നാഴ്ച കഴിഞ്ഞാൽ തപാൽ വോട്ടുകൾ തുടങ്ങും. കോവിഡ് പരിഗണിച്ചു വലിയൊരു ശതമാനം ആളുകൾ തപാൽ വോട്ടിനു പോകും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെയെങ്കിൽ തനിക്കെതിരായ രോഷം അണയ്ക്കാൻ കുറഞ്ഞ സമയം കൊണ്ട് ട്രംപിന് ആഞ്ഞു പിടിക്കേണ്ടി വരും. വംശീയ വെറിയും ലൈംഗിക കുറ്റങ്ങളും ട്രംപിനെതിരായ രണ്ടു ആയുധങ്ങളാണ് എന്നിരിക്കെ ഇത് രണ്ടും വീണ്ടും ആളിക്കത്തുന്ന സംഭവ വികാസങ്ങളും ഈ ദിവസങ്ങളിൽ ഉണ്ടായി. ലൈംഗിക ചിത്രങ്ങളിൽ അഭിനയിക്കുന്ന സ്റ്റോമി ഡാനിയേഴ്‌സ് എന്ന സ്ത്രീക്ക് ട്രംപ് കോടതി ചെലവായി 44,000 ഡോളർ നൽകണമെന്ന കലിഫോണിയ കോടതിയുടെ വിധിയാണ് അതിലൊന്ന്.

ട്രംപിന് നടിയുമായി ഉണ്ടായ ലൈംഗിക ബന്ധം കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തു മറച്ചു വയ്ക്കാൻ അവരുടെ മേൽ സമ്മർദം ഉണ്ടായി എന്ന സത്യവും വീണ്ടും ചർച്ചയാവുന്നു. ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹൻ നടിക്കു  130000 ഡോളർ കൊടുത്താണ് അവരെ നിശ്ശബ്ദയാക്കിയത് എന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. കോഹന് ആ പണം നൽകി എന്ന് 2018 ൽ ട്രംപ് സമ്മതിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തു സാമ്പത്തിക കുറ്റകൃത്യം നടത്തി എന്ന ആരോപണത്തിന്റെ പേരിൽ കോഹൻ വിചാരണ നേരിടുകയും കോടതിയിൽ സത്യം വിളിച്ചു പറയുകയും ചെയ്തു. കോഹൻ ട്രംപിനെതിരെ ആഞ്ഞടിക്കുന്ന വീഡിയോ ഉൾപ്പെടുത്തി ഒരു പരസ്യമാണ് ഡെമോക്രറ്റ് ചായ്‌വുള്ള അമേരിക്കൻ ബ്രിജ് എന്ന സംഘടന തിങ്കളാഴ്ച റിപ്പബ്ലിക്കൻ കൺവെൻഷൻ സ്‌പെഷലായി ഇറക്കിയത്. “വലിയ കാര്യമെന്ന മട്ടിൽ ട്രംപ് എന്തെങ്കിലും പറഞ്ഞാൽ അത് ചെറിയ കാര്യമാണെന്ന് ഉറപ്പാക്കാം. ഒരു കാര്യം നടത്താം എന്ന് അയാൾ പറഞ്ഞാൽ അത് മിക്കവാറും നടക്കില്ല. നിങ്ങളുടെ കുടുംബത്തെ കുറിച്ച് അദ്ദേഹത്തിനു കരുതലുണ്ട് എന്ന് പറഞ്ഞാലോ, വെറും പൊളിയാണത്,” കോഹൻ പറയുന്നു.

ട്രംപിന്റെ വംശീയ വിദ്വേഷ നിലപാടുകൾ കുപ്രസിദ്ധമാണ്. ജോർജ് ലോയ്ഡ് എന്ന ആഫ്രിക്കൻ വംശജനെ മെയ് മാസത്തിൽ മിനെപോളിസിൽ വച്ച് വെള്ളക്കാരനായ പോലീസ് ഓഫീസർ കാൽമുട്ടു കൊണ്ടു കഴുത്തു ഞെരിച്ചു കൊന്ന സംഭവം അമേരിക്കയൊട്ടാകെ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. അതിന്റെ ചൂടാറും മുൻപ് കഴിഞ്ഞ ദിവസം വിസ്കോൺസിനിൽ  മറ്റൊരു കറുത്ത വർഗക്കാരനെ പോലീസ് വെടി വച്ചതു പുതിയ പൊട്ടിത്തെറിയായി. റിപ്പബ്ലിക്കൻ കൺവെൻഷൻ നടക്കുന്ന നേരത്താണ് ജേക്കബ് ബ്ളെയ്ക് എന്നയാളെ കാറിൽ കയറുന്ന നേരത്തു പിന്നിൽ നിന്ന് വെടി വച്ചത്. അദ്ദേഹത്തിന്റെ 3, 5, 8 വയസ്സ് പ്രായം മാത്രമുള്ള മൂന്നു കുട്ടികൾ കാറിനകത്തിരുന്നു ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടു. രാജ്യമൊട്ടാകെ പ്രതിഷേധം ആളിപ്പടർന്നതു അറിഞ്ഞതായി ഭാവിച്ചിട്ടില്ല ട്രംപും പാർട്ടിയും. പല നഗരങ്ങളിലും കാറുകൾ അഗ്നിക്കിരയായ ദൃശ്യങ്ങൾ അമേരിക്കൻ ചാനലുകൾ പുറത്തു വിട്ടിട്ടുണ്ട്. ഒരു ലക്ഷം പേര് താമസിക്കുന്ന കേനോഷ എന്നശാന്തമായ നഗരം നിശാ നിയമത്തിലാണ്.  എന്നിട്ടു കൂടി തെരുവുകൾ ശാന്തമായിട്ടില്ല. ബൈഡനു വോട്ട് ചെയ്യാൻ കറുത്ത വർഗക്കാർ ആവേശത്തോടെ ഇറങ്ങുന്ന സാഹചര്യമാണെങ്കിൽ കൂടി ട്രംപും കൂട്ടരും അതൊന്നും അറിഞ്ഞ മട്ടില്ല. കാരണം, അദ്ദേഹത്തിന്റെ വോട്ടു ബാങ്കിൽ അവരില്ല.

ഒബാമയുടെ ഭരണ കാലത്തു  കറുത്ത വർഗക്കാർ വിലസി എന്നു കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പറഞ്ഞു നടന്ന ട്രംപിനെന്തു മാറ്റം വരാൻ. കഴിഞ്ഞ ജൂണിൽ കറുത്ത വർഗ്ഗക്കാരായ പ്രതിഷേധക്കാരെ തോക്കെടുത്തു കാണിച്ച ചരിത്രമുള്ള മക്ലൂഡ് ദമ്പതിമാർ മിസോറിയിൽ നിന്ന് വന്നത് കൺവെൻഷനിൽ ആഫ്രിക്കൻ വംശജർക്കെതിരെ  തീ തുപ്പാനായിരുന്നു. ഡെമോക്രറ്റ്സ് ഭരിച്ചാൽ ഇതിലും വഷളായ സായുധ സമരങ്ങൾ ഉണ്ടാവുമെന്ന് അവർ താക്കീതു നൽകി.

“സ്വഭാവ ശുദ്ധി ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രധാന വിഷയമാണ്” എന്ന് ബൈഡൻ ആവർത്തിച്ച് പറയുന്നത് ട്രംപിന്റെ മേൽ ഏറെ ചെളി പുരണ്ടിട്ടുണ്ട് എന്ന തിരിച്ചറിവ് കൊണ്ട് തന്നെ.  ട്രംപിന്റെ കുടുംബത്തിനാണ് കൺവെൻഷനിൽ മുൻ‌തൂക്കം. മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ കാമുകി കിംബെർലി ഗിൽഫോയിലിനെ വരെ രംഗത്തിറക്കി. ഡെമോക്രറ്റുകൾ രാജ്യം മുടിച്ചു തേച്ചു കഴുകും എന്ന് വരെ പറഞ്ഞു വച്ച് കാമുകി.   

കൂടുതല്‍ വായനയ്ക്ക്‌
https://mediamangalam.com/archives/8908

Tags
Show More

Related Articles

Back to top button
Close