Breaking NewsKERALANEWSTop News

പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ കേരള കോൺ​ഗ്രസ് എമ്മിൽ കാലാനുസൃതമായ മാറ്റങ്ങള്‍; പ്രവാസികൾക്കും ഇനി സംഘടനാ സംവിധാനത്തിന്റെ ഭാ​ഗമാകാം; രാഷ്ട്രീയവും സംഘടനാപരവുമായ അച്ചടക്കം മികവുറ്റതാക്കാനും തീരുമാനം

കോട്ടയം: കേരളം കെ എം മാണിയും കോഴ വിവാദവും സംസ്ഥാന സർക്കാരിന്റെ സുപ്രീംകോടതിയിലെ നിലപാടും ചർച്ച ചെയ്യുമ്പോൾ കേരള കോൺ​ഗ്രസ് എം സ്റ്റിയറിം​ഗ് കമ്മിറ്റി ചർച്ച ചെയ്തത് പാർട്ടിയെ അടിമുടി പരിഷ്കരിക്കുന്നത് സംബന്ധിച്ചായിരുന്നു. കഴിഞ്ഞ ദിവസം തന്നെ വിവാദങ്ങളിൽ കഴമ്പില്ലെന്ന നിലപാടിൽ പാർട്ടി നേതൃത്വം എത്തിയിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ ഇടത് മുന്നണി നേതൃത്വവുമായി ജോസ് കെ മാണി ബന്ധപ്പെട്ടിരുന്നു. സുപ്രീംകോടതിയിൽ അഭിഭാഷകൻ പറഞ്ഞത് സംബന്ധിച്ച് അന്വേഷിക്കാം എന്ന ഉറപ്പാണ് മുന്നണി നേതൃത്വം ജോസ് കെ മാണിക്ക് നൽകിയത്. ഇതിന് പിന്നാലെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലവും കേരള കോൺ​ഗ്രസ് നേതാക്കൾക്ക് നൽകി. ഇതോടെയാമ് യുഡിഎഫ് ഏറ്റുപിടിച്ച വിവാദത്തിൽ കഴമ്പില്ലെന്ന നിലപാടിൽ പാർട്ടി എത്തിയത്. ഇന്ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കുക കൂടി ചെയ്തതോടെ കേരള കോൺ​ഗ്രസ് എമ്മിന് പ്രതിസന്ധികൾ ഒഴിയുകയായിരുന്നു. അപ്പോഴും സംസ്ഥാന സ്റ്റിയറിം​ഗ് കമ്മിറ്റിയിൽ പാർട്ടിയെ ഭാവിയിലേക്ക് ശക്തിപ്പെടുത്താനുള്ള ചർച്ചകൾ സജീവമായി നടക്കുകയായിരുന്നു.

കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ താഴെ തട്ട് മുതല്‍ സംഘടനാതെരെഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ.മാണി അറിയിച്ചു. കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്ലാ ജനവിഭാഗങ്ങളുടേയും പാര്‍ട്ടിയായി മാറുന്നതിലൂടെ ജനകീയ അടിത്തറ വിപുലീകരിക്കുക എന്ന ദൗത്യമാണ് കേരളാ കോണ്‍ഗ്രസ്സ് (എം) ന് ഏറ്റെടുക്കാനുള്ളത്. കാലാനുസൃതമായ മാറ്റങ്ങള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സംഘടനാ സ്വഭാവത്തിലും, ഘടനയിലും അനിവാര്യമാണ്. കൂടുതല്‍ കരുത്താര്‍ജ്ജിക്കുക എന്ന ലക്ഷ്യത്തിനായി പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങളില്‍ ഘടനാപരമായ മാറ്റമുണ്ടാകണം.

കേരളത്തിന്റെ എല്ലാ സാമൂഹ്യമേഖലകളിലും വിപുലമായ വളര്‍ച്ച കൈവരിക്കുന്നതിനായി പാര്‍ട്ടി മെമ്പര്‍ഷിപ്പ് സംവിധാനത്തില്‍ സമഗ്രമായ മാറ്റം വരുത്തും. സംഘടനാ തെരെഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള പാര്‍ട്ടി അംഗത്വത്തിനൊപ്പം കേരളാ കോണ്‍ഗ്രസ്സിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്കായി കെഎംസി കമ്യൂണിറ്റി മെംബര്‍ എന്ന നിലയില്‍ പുതിയ മെമ്പര്‍ഷിപ്പ് സംവിധാനം ആരംഭിക്കുന്നതിനുള്ള നിര്‍ദേശവും സ്റ്റിയറിംഗ് കമ്മറ്റിയില്‍ ഉയര്‍ന്നു. ഓണ്‍ലൈനായും ഈ മെമ്പര്‍ഷിപ്പ് സൗകര്യം ലഭ്യമാകും എന്നതിനാല്‍ കേരളാ കോണ്‍ഗ്രസ്സ് അനുഭാവികളായ പ്രവാസികള്‍ക്കും സംഘടനാ സംവിധാനത്തിന്റെ ഭാഗമാകുവാന്‍ കഴിയും.

സംഘടനാ തെരെഞ്ഞെടുപ്പിന്റെ തിയതി നിശ്ചയിക്കുന്നത് ഉള്‍പ്പടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ക്കായി സംസ്ഥാന കമ്മറ്റിയോഗം ഉടന്‍ ചേരും. എല്ലാ പോഷകസംഘടനകളുടെയും പ്രവര്‍ത്തനനം കൂടുതല്‍ ചലനാത്മകമാക്കുവാന്‍ സ്റ്റിയറിംഗ് കമ്മറ്റി തീരുമാനമെടുത്തു. വിവിധ പോഷകസംഘടനകള്‍ അടിയന്തിരമായി പുനസംഘടിപ്പിക്കുന്നതിനായി സംസ്ഥാന ഭാരവാഹികള്‍ക്ക് ചുമതല നിശ്ചയിച്ചു. പൂര്‍ണ്ണമായും ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ സംഘടനാ രീതികള്‍ ശക്തമാക്കുന്നതിനും, രാഷ്ട്രീയവും സംഘടനാപരവുമായ അച്ചടക്കം മികവുറ്റതാക്കുന്നതിനും സംസ്ഥാനതലത്തില്‍ ഒരു അച്ചടക്ക സമിതിക്ക് രൂപം നല്‍കും. ഇതിന്റെ വിശദാംശങ്ങള്‍ സംസ്ഥാന കമ്മറ്റിയോഗം ചര്‍ച്ചചെയ്യും.

ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഉജ്വലമായ വിജയത്തിന് നിര്‍ണ്ണായകമായ സംഭാവനയാണ് കേരളാ കോണ്‍ഗ്രസ്സ് (എം) നല്‍കിയതെന്ന് സ്റ്റിയറിംഗ് കമ്മറ്റി യോഗം വിലയിരുത്തി. കോണ്‍ഗ്രസ്സിന്റെയും, യു.ഡി.എഫിന്റെയും തകര്‍ച്ചയെത്തുടര്‍ന്ന് നിരവധി പ്രവര്‍ത്തകരാണ് കേരളത്തിന്റെ 14 ജില്ലകളിലും കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ഭാഗമാകുന്നത്. കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയം എന്ന പുതിയ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ഇതിനായി പാര്‍ട്ടിയെ പൂര്‍ണ്ണമായും സജ്ജമാക്കുന്നതിനാവശ്യമായ സംഘടനാതീരുമാനങ്ങളാണ് സ്റ്റിയറിംഗ് കമ്മറ്റിയില്‍ ഉണ്ടായത്.

ആദിവാസികള്‍ക്കും, സാധരണകാര്‍ക്കുംവേണ്ടി പോരാടിയെ ഫാ. സ്റ്റാന്‍ സ്വാമിയെ ചികിത്സപോലും നിഷേധിച്ച് മരണത്തിന് വിട്ടുകൊടുത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ജനാധിപത്യ രാജ്യം എന്ന് അഭിമാനിക്കുന്ന ഇന്ത്യയില്‍ ഭരണകൂടം കാട്ടിയ ഈ അനീതി പ്രതിഷേധാര്‍ഹമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെഎം മാണി കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്ന് ജോസ് കെ മാണി മാധ്യമ പ്രവർത്തകരോടും പറഞ്ഞു. നിരവധി അന്വേഷണങ്ങളിലും, കോടതിയും, ഇരു മുന്നണികളും കെ എം മാണി നിരപരാധിയെന്ന് പറഞ്ഞിരുന്നു എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. നിയമ സഭാകയ്യാങ്കളി കേസ് പരിഗണിക്കവെ കെഎം മാണി കുറ്റക്കാരന്‍ എന്ന് പരാമര്‍ശം നടത്തിയിട്ടില്ല. അഴിമതിക്കാരന്‍ എന്ന് വാക്ക് ഉപയോഗിച്ചിട്ടില്ല, അഴിമതി ആരോപണം നേരിട്ടു എന്നാണ് പറഞ്ഞത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ അത് വ്യക്തമായി. വാര്‍ത്തകളില്‍ വന്ന വിവാദ പരാമര്‍ശം നടത്തിയിട്ടില്ല. ആ ഘട്ടത്തില്‍ പേര് പറയാതെ ആരോപണം ഉണ്ടായിരുന്നു എന്ന് മാത്രമാണ് പരാമര്‍ശം. ജഡ്ജിയുടെ ചോദ്യത്തിന് മറുപടിയായാണ് അഭിഭാഷകന്‍ ഇത്തരം ഒരു മറുപടി നല്‍കിയത്. ധനമന്ത്രിക്ക് നേരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. സുപ്രീം കോടതിയില്‍ കെ എം മാണിയുടെ പേര് പോലും പറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളുടെ മുതലെടുപ്പിന് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close