Breaking NewsKERALANEWSTop News

പാർട്ടിയെ തകർത്തത് താനല്ല, ​ഗ്രൂപ്പുകൾ എന്ന് മുല്ലപ്പള്ളി; മത്സരിക്കാതെ മാറി നിന്നത് കാലുവാരൽ ഭയന്നെന്നും വെളിപ്പെടുത്തൽ; കോൺ​ഗ്രസിൽ പുതിയ പ്രതിസന്ധി

തിരുവനന്തപുരം: പാർട്ടിയെ തകർത്തത് താനല്ലെന്നും ​ഗ്രൂപ്പുകളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി അധ്യക്ഷനെന്ന നിലിയിൽ തന്നെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ സോണിയാ ​ഗാന്ധിയെ അറിയിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ സന്നദ്ധതനാണെന്ന അറിയിച്ച കത്ത് രാജി കത്തായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തയ്യാറാകാതിരുന്ന് കാലുവാരൽ ഭയന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺ​ഗ്രസിൽ വലിയ കലാപത്തിനാണ് വഴിതെളിഞ്ഞത്. എല്ലാ കുറ്റവും മുല്ലപ്പള്ളി രാമചന്ദ്രന്റെ തലയിൽ കെട്ടിവെക്കാനാണ് ചില നേതാക്കൾ ശ്രമിച്ചത്. ഇതോടെ അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയതും താൻ പാർട്ടിയെ നയിച്ച സമയത്തായിരുന്നു എന്നും അന്ന് പൂച്ചെണ്ട് തരാത്തവരാണ് ഇപ്പോൾ മുൾക്കിരീടം അണിയിക്കാൻ നിൽക്കുന്നത് എന്നുമാണ് മുല്ലപ്പള്ളി ആരോപിക്കുന്നത്.

പ്രതിപക്ഷ നേതാവ് എന്ന പദവി തന്നിൽ നിന്നും തട്ടിയെടുത്തതിലുള്ള അമർഷം മറച്ചുവെക്കാതെ രമേശ് ചെന്നിത്തലയും, കെപിസിസി പ്രസിഡന്റ് പദം നഷ്ടപ്പെടുന്ന വേദന പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും രം​ഗത്തെത്തിയതോടെ അമ്പേ തകർന്ന കോൺ​ഗ്രസിൽ പുതിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ താൻ അപമാനിതനായെന്നാണ് രമേശ് ചെന്നിത്തല കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിയെ അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് സോണിയാ ഗാന്ധിക്ക് നൽകിയ കത്തിലാണ് ചെന്നിത്തല ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ നേതാവായി ഒരാളെ നേരത്തെ തീരുമാനിച്ചിരുന്നത് തന്നെ അറിയിച്ചിരുന്നില്ല. തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കിൽ താൻ പിന്മാറുമായിരുന്നുവെന്നുമാണ് കത്തിൽ പറയുന്നത്. ഇതോടൊപ്പം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സർക്കാരിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് പാർട്ടിയിൽ സ്വീകാര്യത കിട്ടിയില്ലെന്നും ചെന്നിത്തല സോണിയയെ അറിയിച്ചതായാണ് വിവരം.

അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രനും കടുത്ത പ്രതിഷേധത്തിലാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിൽ തന്നെ അഭിനന്ദിക്കാത്ത നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് മുൾക്കിരീടം അണിയിക്കാൻ ശ്രമിക്കുന്നു എന്നാണ് മുല്ലപ്പള്ളിയുടെ പരാതി. ഇന്നലെ നടന്ന യുഡിഎഫ് യോ​ഗത്തിൽ നിന്നും മുല്ലപ്പള്ളി വിട്ടുനിന്നു. അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിച്ചെന്നും അതിനാൽ ഔദ്യോ​ഗിക പദവി ഇനി ഉപയോ​ഗിക്കില്ല എന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്.

രാജി അറിയിച്ചതിനാൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി അറിയിച്ചിരുന്നു. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയിലായിരുന്നു അദ്ദേഹം യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തോൽവിയെ അഭിമുഖീകരിക്കേണ്ടി വന്നതോടെ വലിയ വിമർശനമായിരുന്നു മുല്ലപ്പള്ളിക്കെതിരേ പാർട്ടിക്കുള്ളിൽനിന്ന് ഉയർന്നത്. അധ്യക്ഷസ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി രമേശ് ചെന്നിത്തല തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് നടക്കുന്ന യോഗത്തിൽനിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചത്.

തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരേയും മുല്ലപ്പള്ളിക്കെതിരേയുമായിരുന്നു വിമർശനങ്ങൾ മുഴുവൻ. പ്രതിപക്ഷനേതൃ സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറി വി.ഡി. സതീശൻ വന്നതിന് സമാനമായി കെ.പി.സി.സി. അധ്യക്ഷനും മാറണമെന്നായിരുന്നു ആവശ്യം. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ, പി.ടി. തോമസ് എന്നിവരുടെ പേരുകൾക്കാണ് ഇപ്പോൾ മുൻതൂക്കമുള്ളത്. എന്നാൽ, സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിന് എതിരേയുള്ള ചരട് വലികളും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി.ഡി. സതീശനെ പരിഗണിച്ചത്‌ പോലെ മുതിർന്ന നേതാക്കളെ കേൾക്കാതെ ഹൈക്കമാൻഡ് തീരുമാനമെടുക്കില്ലെന്ന പ്രതീക്ഷയിലാണ് എ, ഐ ഗ്രൂപ്പുകളുള്ളത്.

അതിനിടെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ഇന്നലെ കെ സുധാകരനെ അനുകൂലിച്ച് പ്രവർത്തകർ എത്തി. സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനർ. ഈരാറ്റുപേട്ടയിൽ നിന്നുള്ള മൂന്ന് പ്രവർത്തകരാണ് ബാനറുമായി പ്രതിഷേധത്തിന് എത്തിയത്. അതേസമയം, ഘടകക്ഷികളിലും അതൃപ്തി പുകയുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ ഇന്നത്തെ യുഡിഎഫ് യോഗത്തിൽ നിന്നുവിട്ടു നിന്നു. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണിത്. ചവറയിലെ പരാജയത്തെ തുടർന്ന് യുഡിഎഫുമായും പാർട്ടി നേതൃത്വവുമായും ഷിബു ഇടഞ്ഞു നിൽക്കുകയാണ്. സ്ഥാനാർഥി എന്ന നിലയിൽ തനിക്ക് മതിയായ പിന്തുണ മുന്നണിയിൽ നിന്നുണ്ടായില്ലെന്നാണ് ഷിബുവിൻ്റെ ആക്ഷേപം. അതിനിടെ യുഡിഎഫിൽ തുടരണമോ എന്ന കാര്യത്തിൽ ആർഎസ്പിയിൽ ഭിന്നത രൂക്ഷമാവുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close