
തിരുവനന്തപുരം:പിആര്‍ഡിയെ മറികടന്ന് കിഫ്ബി ഇപ്പോള്‍ വലിയ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് വിവിധ സ്രോതസുകളില്‍ നിന്ന് ഫണ്ട് സമാഹരിച്ച് അവ നടപ്പാക്കുന്ന കിഫ്ബി ഇപ്പോള്‍ കോടികള്‍ പൊടിച്ചാണ് സര്‍ക്കാരിന്റെ പിആര്‍ ചെയ്യുന്നതെന്നും കെപിസിസി ഓഫീസ് പ്രസ് സെക്രട്ടറി പിടി ചാക്കോ. തന്റെ ഫെയ്സബുക്ക് കുറിപ്പിലാണ് സര്‍ക്കാറിന്റെ ധൂര്‍ത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ളത്
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രുപം
സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുജനസമ്പര്‍ക്കത്തിനും ചുക്കാന്‍ പിടിക്കുന്ന പിആര്‍ഡിയെ മറികടന്ന് കിഫ്ബി ഇപ്പോള്‍ വലിയ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് വിവിധ സ്രോതസുകളില്‍ നിന്ന് ഫണ്ട് സമാഹരിച്ച് അവ നടപ്പാക്കുന്ന കിഫ്ബി ഇപ്പോള്‍ കോടികള്‍ പൊടിച്ചാണ് സര്‍ക്കാരിന്റെ പിആര്‍ ചെയ്യുന്നത്. കിഫ്ബിയില്‍ വ്യവസ്ഥാപിത ഓഡിറ്റ് ഇല്ലാത്തതിനാല്‍ ഫണ്ട് എങ്ങനെയും ചെലവാക്കാം.
തിരുവോണദിവസം (ഓഗ.31) കിഫ്ബി 4 പേജ് കളര്‍ പരസ്യമാണ് കോടികള്‍ ചെലവിട്ട് പത്രങ്ങള്‍ക്കു നല്‍കിയത്. അതിനു പിന്നാലെ ഇപ്പോള്‍ ന്യൂസ് ചാനലുകളെ പരസ്യംകൊണ്ട് മൂടുകയാണ്. കിഫ്ബി വഴി 140 നിയോജകമണ്ഡലത്തിലും നടത്തിയ വര്‍ക്കുകളുടെ പ്രചാരണമാണു ലക്ഷ്യം.
140 എപ്പിസോഡിന് ഏറ്റവും മുന്‍നിര ചാനലിന് ഒരു കോടിയിലധികം രൂപയാണു നല്‍കുന്നത്. തൊട്ടുതാഴെയുള്ള ചാനലുകള്‍ക്ക് അതനുസരിച്ച് കുറയും. ഏറ്റവും താഴെയുള്ള ചാനലിന് 35 ലക്ഷം രൂപയെങ്കിലും കിട്ടും. 12 ന്യൂസ് ചാനലുകള്‍ക്ക് 6 കോടിയോളം രൂപയാണ് കിഫ്ബി നല്‍കുന്നത്.
10 മിനിറ്റു മുതല്‍ 25 മിനിറ്റുവരെയുള്ള എപ്പിസോസുകളാണ് തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യുന്നത്. വികസനവിശേഷം, കുതിക്കുന്ന കേരളം, വികസനം കിഫ്ബിയിലൂടെ, മാറ്റം മുന്നേറ്റം, വികസന വഴികളിലൂടെ, വികസന മണ്ഡലം, കിഫ്ബി പദ്ധതികള്‍, കേരളം മുന്നോട്ട്, എംഎല്‍എയോടു ചോദിക്കാം, വികസന മാതൃക തുടങ്ങിയ പല പേരുകളിലാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. സ്പോണ്‍സേര്‍ഡ് പ്രോഗ്രാം എന്നുപോലും ഇല്ല.
ഓണനാളില്‍ നല്കിയ 4 പേജ് പരസ്യത്തന് ഏറ്റവും പ്രചാരമുള്ള പത്രത്തിന് പിആര്‍ഡി നിരക്കു പ്രകാരം ഒരു കോടിയിലധികം രൂപയാകും. രണ്ടാം സ്ഥാനത്തുള്ള പത്രത്തിന്റെ 4 പേജിന് 57 ലക്ഷത്തിലധികം രൂപ. 16 പത്രങ്ങള്‍ക്ക് മൂന്നു കോടിയിലധികം രൂപയാണു പൊടിച്ചത്.
വികസനത്തിന്റെ പേരു പറഞ്ഞ് കൊള്ളപ്പലിശയ്ക്ക് കടം എടുത്തശേഷം അതു സര്‍ക്കാരിന്റെ ഗീര്വാണത്തിന് മാറ്റിച്ചെലവഴിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ട അനാശാസ്യം തന്നെയാണ്.