INSIGHT

പിഎം കെയേഴ്‌സ് ആരേ കെയര്‍ ചെയ്യുന്നത്?

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയകളില്‍ ഏറെ പ്രചരിച്ച ഒരു ചിത്രമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള ഉത്തരവ് എയ്ഡഡ് സ്‌കൂളിലെ ഒരു വിഭാഗം അധ്യാപകര്‍ കത്തിക്കുന്ന ചിത്രം. കുട്ടികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകര്‍ ഇത്തരം പ്രവര്‍ത്തി ചെയ്യാമോയെന്നായിരുന്നു ആദ്യം സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ചോദ്യം. എന്നാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ ഈ വാര്‍ത്ത മറ്റൊരു വിധത്തിലാണ് എത്തിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പോക്കറ്റില്‍ സര്‍ക്കാര്‍ കൈയിട്ടുവാരുന്നു. ഇവരുടെ ശമ്പളം പിടിച്ചെടുത്തതു കൊണ്ട് മാത്രം ഇവിടുത്തെ പ്രശ്നം തീരുമോയെന്ന്. ഉത്തരവിനെതിരേ പ്രതിപക്ഷ പാര്‍ട്ടിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനകള്‍ കോടതിയില്‍ പോകുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതോടെ സര്‍ക്കാര്‍ ശമ്പളം പിടിച്ചെടുക്കാനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കി. സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരേ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പല്ലും നഖവും ഉപയോഗിച്ച് രംഗത്തിറങ്ങി. ഈ പണം ധൂര്‍ത്തടിക്കാനാണെന്നായിരുന്നു അവരുടെ വാദം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പോയാല്‍ ഏതു വഴി പോകുമെന്ന് അറിയില്ലെന്നും പകരം പ്രത്യേക അക്കൗണ്ട് വേണമെന്നും ആദ്യം മുതലെ ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളായിരുന്നു. ഇതേത്തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പണം നല്‍കുന്നത് ഇവര്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട്. ഈ ചോദ്യം ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികളോടും അച്ചടി-ദൃശ്യമാധ്യമങ്ങളോടുമാണ്. അവര്‍ കാണാതെ പോകുന്നതോ, അതോ കണ്ടില്ലെന്ന് നടിക്കുന്നതോ ആണെന്ന് അറിയില്ല. കേന്ദ്രസര്‍ക്കാര്‍ ഈ മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം എല്ലാ മാസവും പിടിക്കും. ഒപ്പം സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തില്‍ ഒന്നര വര്‍ഷത്തെക്ക് ഡിഎ അനുവദിക്കില്ല. ഇതിനെക്കുറിച്ച് ആരും പരാമര്‍ശിക്കുന്നില്ല. അവിടെയും ആദ്യം സാലറി ചലഞ്ച് തന്നെയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ വന്നപ്പോ ഇതിന്റെ അക്ഷരം മാറിപ്പോയോ എന്ന് അറിയില്ല. ഏതായാലും ജീവനക്കാരുടെ ശമ്പളം പിടിക്കുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ എല്ലാവരും കരുതും ഞങ്ങള്‍ ശമ്പളം പിടിക്കുന്നതിന് എതിരാണെന്ന്. ഒരിക്കലുമല്ല. രാജ്യം പ്രതിസന്ധിയിലാണ് ശമ്പളം പിടിക്കുക തന്നെ വേണം. പക്ഷേ ഒരു ചോദ്യം. ഇവിടുത്തെ അച്ചടി-ദൃശ്യമാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും കാണാത്ത ഒരു വിഷയം. ഈ പിടിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നത്. സ്വഭാവികമായും എല്ലാവരുടെയും മറുപടി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആണെന്ന്. എങ്കില്‍ തെറ്റി. പിഎം കെയേഴ്സ് എന്ന ഫണ്ടിലേക്കാണ് ഈ പണം പോകുന്നത്. ഇതിന് പിഎംആര്‍എഫുമായി യാതൊരു ബന്ധവുമില്ല. അടുത്തിടെ രൂപീകരിച്ച ഒരു സംഘടനയാണ് പിഎം കെയേഴ്സ്.
1948 ല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രൂപീകരിച്ചതാണ് പിഎംഎന്‍ആര്‍എഫ്. ഈ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് സംസ്ഥാനങ്ങള്‍ക്ക് ദുരിന്തനിവാരണ ഫണ്ടിലേക്കുള്ള വിഹിതം ലഭിക്കുന്നത്. സിഐജിയുടെ നേതൃത്തില്‍ കൃത്യമായ ഓഡിറ്റിങ്ങും മറ്റും നടത്തുന്ന ഈ ഔദ്യോഗിക ഫണ്ട് നിലവിലുള്ളപ്പോള്‍ എന്തിനാണ് പിഎം കെയേഴ്‌സ്. ഇവിടെയാണ് ഒരു പാട് സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നത്. ഇതിന്റെ ഓഡിറ്റിങ് നടത്താനുള്ള അധികാരം സ്വകാര്യ ഓഡിറ്റര്‍മാര്‍ക്കാണ്. ഇപ്പോള്‍ മറ്റൊരു ചോദ്യം ഉയരും എന്തുകൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പിഎം കെയ്‌ഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യാന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരമില്ലാത്തത്. കാരണം”വ്യക്തികളുടെയും സംഘടനകളുടെയും സംഭാവനകളെ അടിസ്ഥാനമാക്കിയുള്ള പിഎം കെയേഴ്‌സ് ഫണ്ട് സ്വകാര്യമാണ്. കുറച്ചുകൂടി ലളിതമാക്കി പറഞ്ഞാന്‍ നമ്മുടെ കുളപ്പുള്ളി അപ്പന്‍ തമ്പുരാന്റെ ട്രസ്റ്റ് പോലെയാണ് പിഎംകെയ്‌ഴ്‌സ്. മാര്‍ച്ച് 28 ന് മന്ത്രിസഭ രൂപീകരിച്ച പി എം കെയര്‍സ് ട്രസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനും മുതിര്‍ന്ന കാബിനറ്റ് അംഗങ്ങള്‍ ട്രസ്റ്റികളുമാണ്. ആ ട്രസ്റ്റിമാര്‍ ആവശ്യപ്പെടാതെ പിഎം കെയെഴ്‌സിന്റെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാന്‍ സിഎജിക്ക് കഴിയില്ല. ട്രസ്റ്റികള്‍ നിയമിക്കുന്ന സ്വതന്ത്ര ഓഡിറ്റര്‍മാര്‍” ആണ് പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യുന്നത്. അതായത് പിഎം കെയേഴ്‌സ് ഫണ്ടില്‍ എത്ര കിട്ടി. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നൊന്നും ആരോടും ബോധിപ്പിക്കേണ്ട ആവശ്യം അവര്‍ക്കില്ല. ചോദ്യം ച്യെയ്യാനുള്ള അവകാശം നമ്മുക്കുമില്ല. നാളിതുവരെ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം വന്‍കിട വ്യവസായികള്‍, സംഘടനകള്‍, സിനിമാതാരങ്ങള്‍, കായികതാരങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി നിരവധി സംഭാവനകളാണ് പിഎം കെയേഴ്‌സിലേക്ക് ഒഴുകിയെത്തുന്നത്. മാത്രമല്ല, എല്ലാ ഉദ്യോഗസ്ഥരോടും പൊതുമേഖലാ സ്ഥാപനങ്ങളോടും മറ്റുള്ളവരോടും പ്രധാനമന്ത്രി കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒരുപക്ഷെ ഈ തുകയൊക്കെ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി തന്നെയാകാം ഉപയോഗിക്കുന്നത്. എങ്കിലും എന്തിനാണ് ഈ ട്രസ്റ്റിനെ ഇത്രയധികം സ്വകാര്യമാക്കുന്നത് എന്ന ചോദ്യം അവശേഷിക്കുകയാണ്. കേരളത്തിനോട് കേന്ദ്രം സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പറഞ്ഞ ഒരു മറുപടിയാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്. ഈ രാജ്യത്തിലെ എല്ലാ ജനങ്ങളുടെയു വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു സുരക്ഷിതമായി വയ്ക്കുന്ന കേന്ദ്രത്തിന് കേരളത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ ഒരു അധിക ബാധ്യതയല്ല. അപ്പോള്‍ പിന്നെ എന്തിനാണ് പിഎം കെയ്‌ഴ്‌സിന്റെ ഓഡിറ്റിംഗ് സിഎജിക്ക് നല്‍കാത്തത്. എന്തിനാണ് അവിടെ മാത്രം സ്വകാര്യ ഓഡിറ്റര്‍മാര്‍. എവിടെയോ എന്തോ ഒരു കുഴപ്പം തോന്നിയാല്‍ തെറ്റുപറയാന്‍ സാധിക്കുമോ.. ഒന്നു മാത്രം ഉറപ്പാണ് സുതാര്യമല്ലാത്ത ഒന്നിനും അധികകാലം പൊതുജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താന്‍ സാധിക്കില്ല. സത്യം എന്താണോ അത് പുറത്തുവരികതന്നെ ചെയ്യും. അമെരിക്കയുടെ പതിനാറാം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണിന്റെ ഒരു വാചകത്തോടെ അവസാനിപ്പിക്കാം. കുറച്ചുപേരെ എല്ലാക്കാലവും കബളിപ്പിക്കാം. മറ്റു ചിലരെ കുറച്ചുകാലം കബളിപ്പിക്കാം. എന്നാല്‍ എല്ലാവരേയും എല്ലാക്കാലവും കബളിപ്പിക്കാന്‍ സാധിക്കില്ല.

Tags
Show More

Related Articles

Back to top button
Close