Breaking NewsKERALANEWSTop News

പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ലോക്കല്‍ സെക്രട്ടറി അല്ല; രൂക്ഷ വിമർശനവുമായി പി സി ജോർജ്ജ്

കോട്ടയം: പിണറായി വിജയൻ സിപിഎം ലോക്കൽ സെക്രട്ടറിയല്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കരുതെന്നും ജനപക്ഷം നേതാവ് പി സി ജോർജ്ജ്. ജോണ്‍ ബ്രിട്ടാസ് എഴുതി കൊടുക്കുന്ന പ്രസ്താവന അതേപോലെ വാര്‍ത്താസമ്മേളനത്തില്‍ വായിക്കുതിലും വലിയ നാണംകെട്ട പരിപാടിയുണ്ടോയെന്നും പിസി ജോര്‍ജ് ചോദിച്ചു. മുഖ്യമന്ത്രിയുടെ സ്ഥാനത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുകയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിസി ജോര്‍ജ്ജിന്റെ വാക്കുകൾ.,.

”പിണറായിയെ ഭരണത്തില്‍ കൊണ്ടുവന്നതും നിയന്ത്രിക്കുന്നതും അദൃശ്യശക്തിയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. ഇപ്പം അത് തെളിയുകയാണ്. ജോണ്‍ ബ്രിട്ടാസ് എഴുതി കൊടുക്കുന്ന പ്രസ്താവന അതേപോലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വായിക്കുകയാണ്. ഇതിലും വലിയ നാണംകെട്ട പരിപാടിയുണ്ടോ. മാധ്യമങ്ങള്‍ ചോദിക്കുമെന്ന് അറിഞ്ഞു കൊണ്ട് പിണറായി വിജയന് ഇത് വായിക്കേണ്ട കാര്യമുണ്ടോ. അവര്‍ ചോദിക്കുമെന്ന് ആരാ പറഞ്ഞത്. അപ്പോള്‍ ആ പത്രക്കാരന്‍ പിണറായി പറഞ്ഞിട്ടാണ് ചോദിച്ചത്. ചോദിച്ചതിന് ഉത്തരം എഴുതി വായിക്കുകയായിരുന്നു. അരമണിക്കൂര്‍ കെപിസിസി അധ്യക്ഷനെ പുലഭ്യം പറയാനും അപമാനിക്കാനും ശ്രമിക്കുന്ന പത്രസമ്മേളനം ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല.”

”മുഖ്യമന്ത്രിയുടെ സ്ഥാനത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുകയാണെന്നാണ് എന്റെ അഭിപ്രായം. ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണി എപ്പം പിരിയുമെന്ന് നോക്കിയാല്‍ മതി. തുടരാന്‍ കഴിയില്ല. പാര്‍ട്ടിയിലെ പ്രമുഖരെ മൊത്തം ഒഴിവാക്കി. സുധാകരന്‍ എവിടെ പോയി, രവീന്ദ്രനാഥ് എവിടെ പോയി, ശൈലജ ടീച്ചര്‍ എവിടെ പോയി. സിപിഎമ്മുകാരെ നശിപ്പിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ മുന്നേറ്റമാണിത്. അതിന് അടി കൊള്ളാതിരിക്കാന്‍ പറ്റില്ല. പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ എതിര്‍ക്കും. യാതൊരു സംശയവുമില്ല. കെപിസിസി അധ്യക്ഷനായി സുധാകരനെ കൊണ്ടുവന്നതോടെയാണ് പിണറായി വിജയന് ഹാലിളകിയത്. സിപിഎം പിബി അംഗമെന്ന നിലയില്‍ അദ്ദേഹമെന്ത് വിവരകേട് പറഞ്ഞാലും നമുക്ക് കുഴപ്പമില്ല. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് പറയുമ്പോള്‍ ജനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. അവരുടെ മുഖത്ത് കരിവാരി തേക്കുന്ന പരിപാടി പിണറായി വിജയന്‍ നിര്‍ത്തണം.”

”സുധാകരന്‍ ഓഫ് ദ റെക്കോര്‍ഡായി പറഞ്ഞ ആ ചെറിയ കാര്യം മനോരമ ആഴ്ചപ്പതിപ്പില്‍ വന്നു. അഭിമുഖം ഞാന്‍ വായിച്ചിട്ടില്ല. അത് ലോകം മുഴുവന്‍ അറിഞ്ഞത് പിണറായി അതിന് മറുപടി പറയാന്‍ പോയത് കൊണ്ടാണ്. ബ്രിട്ടാസ് എഴുതി കൊടുത്തത് അങ്ങ് പ്രസംഗിക്കുകയായിരുന്നു. വല്ല കാര്യവുമുണ്ടോ അങ്ങേര്‍ക്ക്. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ലോക്കല്‍ സെക്രട്ടറി അല്ല. ലോക്കല്‍ സെക്രട്ടറിയുടെ മനസാണ് പിണറായിക്ക് ഇപ്പോഴും. അത് വളരണം. മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണം. കൊറോണയില്‍ നിന്ന് രക്ഷിക്കാന്‍ ശക്തമായ നിലപാട് സ്വീകരിച്ചത് പിണറായി അല്ല, ടീച്ചറാണ്. അവരെ മൂലയ്ക്കാക്കി വച്ചിരിക്കുകയാണ്. എന്നിട്ട് എല്ലാ ദിവസവും ഓരോ തള്ള് നടത്തുകയാണ്. ആ തള്ളിലൂടെയാണ് വീണ്ടും അധികാരത്തില്‍ വന്നത്. ഇപ്പോള്‍ ജനങ്ങള്‍ക്ക് ആളെ പിടികിട്ടി. അതാ കൗണ്‍ഡൗണ്‍ ആരംഭിച്ചെന്ന് പറഞ്ഞത്.”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close