KERALANEWS

പിണറായി സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ സി പിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം: യെച്ചൂരിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരും കേരളത്തിലെ സിപിഎമ്മും നേരിടുന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് സിപിഎം അഖിലേന്ത്യാ നേതൃത്വം നിലാപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.
സര്‍ക്കാരിലെഅഴിമതി, സ്വജനപക്ഷ പാതം, ക്രിമനല്‍വല്‍ക്കരണം എന്നിങ്ങനെ അതീവ ഗുരുതരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായ ആരോപണങ്ങളില്‍പ്പെട്ടുഴലുകയാണ് സിപിഎം പൊളിറ്റ് ബ്യുറോ അംഗം കൂടിയായ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. സി പിഎമ്മിന്റെ പ്രഖ്യാപിതമായ എല്ലാ നയങ്ങളില്‍ നിന്നും, നിലപാടുകളില്‍ നിന്നും ഉള്ള നഗ്‌നമായ വ്യതിചലനമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ദൃശ്യമാകുന്നത്. ഇപ്പോള്‍ കേരളത്തെ പിടിച്ച് കുലുക്കിയ നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകള്‍ പുറത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, സര്‍ക്കാരിന്റെ ഐ ടി സെക്രട്ടറിയുമായിരുന്ന മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ ശിവശങ്കരന് ഈ കള്ളക്കടത്തു റാക്കറ്റിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്ന തെളിവുകളും പുറത്ത് വന്നിരിക്കുകയാണ്. പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ സംസ്ഥാന മന്ത്രിസഭയെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട് അതിരുകളില്ലാത്ത അധികാരമാണ് ശിവശങ്കരന്‍ കൈയാളിയിരുന്നത്.

കള്ളക്കടത്തിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ സംസ്ഥാന ഐ ടി വകുപ്പിന്റെ കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജര്‍ എന്ന തസ്തികയില്‍ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് ശിവശങ്കരന്‍ ഇപ്പോള്‍ സസ്പെന്‍ഷനിലായിരിക്കുകയാണ്. അതോടൊപ്പം കള്ളക്കടത്തു റാക്കറ്റുമായി അദ്ദേഹത്തിനുള്ള ബന്ധം എന്‍ ഐ എ അന്വേഷിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ഇത്തരം വഴിവിട്ട് ഇടപാടുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലന്ന് പറഞ്ഞ് കൈകഴുകാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണെന്നരിക്കെ താനൊന്നുമറിയുന്നില്ല മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കുന്നു. കള്ളക്കടത്ത് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിരിക്കുകയാണ്. വളരെയേറെ അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ കേസില്‍ നിയമസഭ സ്പീക്കറുടെയും, സംസ്ഥാനത്തെ മറ്റൊരു മന്ത്രിയുടെയും ഓഫിസുകളുമായുള്ള ബന്ധവും ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുകയാണ്.
സംസ്ഥാന മന്ത്രി സഭയെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് എടുത്ത നിയമവിരുദ്ധ ഏകാധിപത്യപരവുമായ തിരുമാനങ്ങളുടെ വ്യാപ്തി അമ്പരപ്പിക്കുന്നതാണ്. സിപിഎമ്മിന്റെ പ്രഖ്യാപിതമായ നയപരിപാടികളില്‍ നിന്നുള്ള നഗ്‌നമായ വ്യതിചലനമാണ് ഇവയില്‍ കാണുന്നത്. പാര്‍ട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവെന്ന നിലയില്‍ ഈ പ്രത്യയശാസ്ത്ര വ്യതിചലനത്തെക്കുറിച്ച് സീതാറാം യെച്ചൂരി വിശദീകരിക്കണമെന്നും ജാഗ്രതക്കുറവും വീഴ്ചയും വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.

കോവിഡ് 19ന്റെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സപ്രിംഗ്ളര്‍ എന്ന അമേരിക്കന്‍ കമ്പനി ശേഖരിച്ച സംഭവം രമേശ് ചെന്നിത്തല കത്തില്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. മന്ത്രിസഭയേയോ ,നിയമവകുപ്പിനെയോ അറിയാക്കാതെ കള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായി നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ തന്നെയാണ് ദുരൂഹമായ ഈ ഇടപാടിന് പിന്നിലും . ഒരു അന്താരാഷ്ട്ര കരാറില്‍ പാലിക്കേണ്ട യാതൊരു മാനദണ്ഡങ്ങളും പാലിക്കാത്ത തികച്ചും ജനങ്ങളുടെ സ്വകാര്യത എന്ന മൗലികവകാശത്തില്‍ നടത്തിയ വലിയ കടന്ന് കയറ്റമായിരുന്നു സ്പ്രിംഗ്ളര്‍ ഇടപാട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ ഇടപടെലുകള്‍ ദുരൂഹമായ ഈ ഇടപാടിനെ വെളിച്ചത്ത് കൊണ്ടുവരികയും, പിന്നീട് കേരളാ ഹൈക്കോടതി ഇടപെട്ട് ഡാറ്റാ ശേഖരിക്കുന്നതില്‍ വ്യക്തമായ നിയന്ത്രണങ്ങള്‍ ഈ കമ്പനിക്ക് മേല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസ് എന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ഏജന്‍സിയെ പിന്‍വാതിലിലൂടെ പ്രവേശിപ്പിച്ച 4500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതിയെക്കുറിച്ച് രമേശ് ചെന്നിത്തല സീതാറാം യെച്ചൂരിയോട് സൂചിപ്പിക്കുന്നുണ്ട്. സംസ്ഥാന ഗതാഗതമന്ത്രിയെ വരെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസ് എന്ന നിരവധി ആരോപണങ്ങള്‍ നേരിടുന്ന കണ്‍സള്‍ട്ടിംഗ് ഏജന്‍സി ഈ പദ്ധതിയിലേക്ക് കടന്ന് വന്നത്.
കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സിയായി കെ പി എം ജിയെ നിയമിച്ചതും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കെ പി എം ജി, ഏണസ്റ്റ് ആന്റ് യംഗ്, പി ഡബ്ളു സി എന്നിവയെ സര്‍ക്കാര്‍ ആരംഭിക്കാനുദ്ദേശിച്ച മൊബിലിറ്റി ഹബ്ബുകളുടെ കണ്‍സള്‍ട്ടന്‍സിയായി വച്ച കാര്യവും, പി ഡബ്ള്യു സിക്ക് സെക്രട്ടറിയേറ്റില്‍ ബാക്ക് ഡോര്‍ ഓഫീസ് അനുവദിച്ചതും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നുണ്ട്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ കണ്‍സള്‍ട്ടന്‍സി രാജാണ് നടക്കുന്നതെന്ന അതിശക്തമായ ആക്ഷേപവും പ്രതിക്ഷ നേതാവ് കത്തിലൂടെ ഉന്നയിക്കുന്നുണ്ട്. വിദേശ കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളെയും, ധനകാര്യ സ്ഥാനങ്ങളെയും ക്ഷണിച്ചുവരുത്തുന്നതിനെക്കുറിച്ച് സി പിഎമ്മിന്റെ കാഴ്ചപ്പാടില്‍ വന്ന ശക്തമായ വ്യതിയാനമായിട്ടാണ് തങ്ങള്‍ ഇതിനെക്കാണുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു. മാത്രമല്ല കേരളത്തിലെ ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐ മുഖ്യമന്ത്രിയുടെ ഈ നടപടികളെ ശക്തമായി എതിര്‍ക്കുന്ന കാര്യവും രമേശ് ചെന്നിത്തല കത്തില്‍ പങ്കുവയ്കുന്നുണ്ട്.
കേരളത്തിലെ സി പി എമ്മിന് സംസ്ഥാന ഭരണത്തില്‍ യാതൊരു നിയന്ത്രണവുമില്ലന്ന് ഈ സംഭവ വികാസങ്ങളോടെ വ്യക്തമായിരിക്കുകയാണ്. എന്‍ ഐ എ യുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതും. ഇതിന്റെയൊക്കെ പശ്ചാതലത്തില്‍ സി പി എം അഖിലേന്ത്യാ നേതൃത്വം ഈ വിഷയങ്ങളില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നാണ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നത്

Tags
Show More

Related Articles

Back to top button
Close