KERALANEWS

പിണറായി സർക്കാരിന് വിശപ്പിൻ്റെ വിലയറിയില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പടെ ആശുപത്രികളിൽ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും യു.ഡി.എഫ്.സർക്കാരിൻ്റെ കാലം മുതൽ നൽകിവന്നിരുന്ന സൗജന്യ ഭക്ഷണ വിതരണം ഇടതുസർക്കാർ മുന്നറിയിപ്പില്ലാതെ കോവിഡ് വ്യാപനകാലത്ത് നിർത്തലാക്കിയത് ക്രൂരമായ നടപടിയാണെന്നും പിണറായി ഗവൺമെൻ്റിന് വിശപ്പിൻ്റെ വിലയറിയില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

യു.ഡി.എഫ് സർക്കാരിൻ്റെ കാലത്താരംഭിച്ച ഒട്ടുമിക്ക ജനക്ഷേമ പദ്ധതികളും ഇടതു സർക്കാർ അട്ടിമറിച്ചെന്നും കമ്മീഷനും ഇടനിലക്കാർക്കും ലാഭമുണ്ടാക്കാനുള്ള തട്ടിപ്പു പരിപാടികളിലാണ് ഇടതു സർക്കാർ വ്യാപരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. പാവപ്പെട്ടവരോടും സാധാരണക്കാരോടും തൊഴിലാളികളോടും ഇടതു സർക്കാരിന് ഒരു പ്രതിബദ്ധതയുമില്ലെന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് രോഗികൾക്ക് ഭക്ഷണം നിർത്തലാക്കിയതിലൂടെ വെളിവായതെന്നും ചെന്നിത്തല ആരോപിച്ചു.

വിശപ്പ് രഹിത നഗരം പദ്ധതി പ്രകാരം സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കിയിരുന്ന സൗജന്യ ഭക്ഷണ വിതരണ പരിപാടി ഒക്ടോ: 5 മുതൽ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെക്രട്ടറിയേറ്റു പടിക്കൽ നടത്തിയ വിശപ്പിൻ്റെ വിളി സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണം പുന:രാരംഭിക്കുന്നതുവരെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. ഐ.എൻ.ടി.യു.സി. തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി.സംസ്ഥാന ഭാരവാഹികളായ കെ.പി.തമ്പി കണ്ണാടൻ, അഡ്വ.ജി.സുബോധൻ, വെട്ടു റോഡ്‌ സലാം, വി.ലാലു, ആർ.എസ്.വിമൽ കുമാർ,ആൻറണി ആൽബർട്ട്, കടകംപള്ളി പ്രദീപ്, കരകുളം ശശി, കെ.എം.അബ്ദുൽ സലാം, ജോയി പോങ്ങോട്, ജോസ് ഫ്രാങ്ക്ളിൻ, നെയ്യാറ്റിൻകര സുഭാഷ്, തുടങ്ങിയവർ പ്രസംഗിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close