KERALATrending

പിന്നാക്കവിഭാഗങ്ങൾക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാകും: രാജൻ ഗുരുക്കൾ

തിരുവനന്തപുരം:രാജ്യത്തെ പിന്നാക്കാവസ്ഥയുള്ള 43 ശതമാനം ജനങ്ങൾക്കും ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുന്നതാണ് ഇപ്പോൾ കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന ദേശീയവിദ്യാഭ്യാസനയമെന്ന് കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ: രാജൻ ഗുരുക്കൾ പറഞ്ഞു. ജാതീയവും സാമ്പത്തികവും സാമൂഹികവുമായ എല്ലാത്തരം പിന്നാക്കാവസ്ഥയും അസമത്വവും ഊട്ടിയുറപ്പിക്കുന്ന ഈ നയം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. പത്തൊൻപതാമത് എൻ. നരേന്ദ്രൻ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘പുതിയ ദേശീയവിദ്യാഭ്യാസനയം: കാണാപ്പുറങ്ങൾ’ എന്നതായിരുന്നു വിഷയം. ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു പ്രഭാഷണം.

പുതിയ നയത്തിലൂടെ അക്കാദമികരംഗത്തടക്കം കേന്ദ്രം പിടിമുറുക്കുകയാണ്. പതിനഞ്ചുവർഷത്തിനകം രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് സ്വയംഭരണസ്ഥാപനങ്ങളും സ്വാശ്രയസ്ഥാപനങ്ങളും മാത്രം ആകുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. ഫീസ് നിശ്ചയിക്കാനുള്ള അധികാരംകൂടി വേണമെന്ന അവരുടെ നിർബ്ബന്ധവും അംഗീകരിക്കപ്പെടും. അതോടെ അപകടം പൂർണ്ണമാകും. സമൂഹത്തിൽ വിമർശനാവബോധവും സർഗ്ഗാത്മകതയും സൃഷ്ടിക്കുന്ന ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസുകൾ, ലിബറൽ ആർട്സ് തുടങ്ങിയ വിഷയങ്ങൾ വിർച്വൽ ആയി മാറുകയും പരിഗണന കുറയുകയും ചെയ്യും. അതോടെ കുട്ടികൾ വെറും യന്ത്രമനുഷ്യരായി മാറും.

ലോകത്തു വികസിച്ചുവരുന്ന വൈജ്ഞാനികസമ്പദ്‌വ്യവസ്ഥയ്ക്കു വേണ്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൂക്ഷ്മജീവിപഠനം, ജനറ്റിക്സ്, നാനോ ടെക്നോളജി, ഡി.എൻ.എ. ബാർ കോഡിങ്, ജീൻ എഡിറ്റിങ്, എൻ.എം.ആർ. സ്പെക്ട്രം തുടങ്ങിയ വിഷയങ്ങളിൽ കോർപ്പറേറ്റുകൾക്കുവേണ്ടി ഗവേഷണം നടത്താൻ വേണ്ട സമർത്ഥരെ കുറഞ്ഞ വേതനത്തിൽ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുകയാണു ലക്ഷ്യം. വലിയ പ്രൊജക്റ്റുകളുടെ ചെറിയ അംശങ്ങൾ ശമ്പളക്കാരായ ഇവരെക്കൊണ്ടു വികസിപ്പിച്ചെടുത്ത് അവ സമന്വയിപ്പിച്ചു പേറ്റന്റ് സ്വന്തമാക്കി കോടികൾ കൊയ്യാനുള്ള പദ്ധതിയാണു ലോകമെങ്ങും നടക്കുന്നത്. അതിന്റെ ഭാഗമാണിത്.

ഉൾനാടുകളിലും പലതരം പിന്നാക്കാവസ്ഥയിലും ഉള്ള കുട്ടികളെ ഇത്തരം പല ആധുനികവിഷയങ്ങളും പഠിപ്പിക്കുന്നതു ക്ലേശകരമാണ്. അങ്ങനെയുള്ളവരെ പകരം അവർക്ക് എളുപ്പം മനസിലാക്കാവുന്ന തൊഴിലുകൾ പഠിപ്പിക്കാനാണു നയം ലക്ഷ്യമിടുന്നത്. ആറാം തരം മുതൽ തൊഴിൽ പരിചയം നിർദ്ദേശിച്ചിരിക്കുന്നു. പത്താം ക്ലാസോടെ പലരും പഠനം മതിയാക്കും. പിന്നെയും മുന്നോട്ടുപോകുന്നവർക്കും 12-ൽ അവസാനിപ്പിക്കേണ്ടിവരും. ഉന്നതവിദ്യാഭ്യാസത്തിനു പ്രത്യേക ടെസ്റ്റ് ഏർപ്പെടുത്തുകയാണ്. ലോകവ്യാപാരസംഘടനയും നാണയനിധിയുമൊക്കെ ദശാബ്ദങ്ങൾക്കുമുമ്പേ കരാറുകൾ അടിച്ചേല്പിച്ചുംമറ്റും ലോകത്തു നടപ്പാക്കിത്തുടങ്ങിയ അതേ നയങ്ങൾതന്നെയാണ് പുതിയരൂപത്തിൽ കൊണ്ടുവന്നിരിക്കുന്നതെന്നു രാജൻ ഗുരുക്കൾ ചൂണ്ടിക്കാട്ടി. ഇവ ഇൻഡ്യയിൽ പൂർണ്ണതോതിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ പല കാരണങ്ങളാൽ പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ ഭരണഘടനാവഴികൾ മറികടന്ന് അവ നടപ്പാക്കാനാണു കേന്ദ്രം ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിർഭയവും വസ്തുനിഷ്ഠവുമായ മാദ്ധ്യമപ്രവർത്തനത്തിലൂടെ കുറഞ്ഞ കാലംകൊണ്ട് ആദരം നേടി അകാലത്തിൽ പൊലിഞ്ഞ പത്രപ്രവർത്തകൻ എൻ. നരേന്ദ്രന്റെ സ്മരണയ്ക്കായി കൂട്ടുകാരാണു പ്രഭാഷണം സംഘടിപ്പിച്ചത്. താൻ പ്രവർത്തിച്ച ദേശാഭിമാനി, ഇൻഡ്യൻ എക്സ്‌പ്രസ് പത്രങ്ങളിലും സമകാലികമലയാളം വാരികയിലുമടക്കം പ്രൗഢമായ ലേഖനങ്ങളും റിപ്പോർട്ടുകളും രാഷ്ട്രീയവിശകലനങ്ങളും എഴുതിയ നരേന്ദ്രൻ തുറന്നുകാട്ടിയ പല അഴിമതികളും സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close