KERALA

പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് വഴിതുറന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദമായ സാക്ഷരതാമിഷന്‍ നിയമനം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നിരിക്കുകയാണ്. സാക്ഷരതാ മിഷനില്‍ സിപിഎം അനുകൂലികളായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം. ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരടക്കം 83 പേരെയാണ് സ്ഥിരപ്പെടുത്തുക. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും കൂടുതല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് വഴിതുറക്കുകയാണ് സര്‍ക്കാര്‍.സാക്ഷരതാ മിഷനില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. 2016ലെ സര്‍ക്കാര്‍ ഉത്തരവും, സുപ്രീംകോടതി നിര്‍ദ്ദേശങ്ങളും എല്ലാം മറികടന്നാണ് സിപിഎം അനുഭാവികളായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം. 14 ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, 36 അസി. ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, ഓഫീസ് അസിസ്റ്റന്റുമാരും, ക്ലര്‍ക്കുമാരും ഉള്‍പ്പെടെ 25 പേര്‍, 5 പ്യൂണ്‍ തസ്തികയിലെ ജീവനക്കാര്‍, രണ്ട് ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് തസ്തികകളുടെ ലിസ്റ്റ്.ഇതില്‍ പലതും അംഗീകൃത തസ്തികകള്‍ പോലും അല്ല. ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ സാക്ഷരതാ മിഷന്റെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍ക്കും, അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കും ചട്ടവിരുദ്ധമായി ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് തുല്യമായ നിലയില്‍ വേതനം വര്‍ധിപ്പിച്ചു നല്‍കിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ സമാന തസ്തികയിലെ ശമ്പള സ്‌കെയില്‍ പോലും പരിഗണിക്കാതെയാണ് സാക്ഷരതാ മിഷനിലെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് ധനവകുപ്പ് അനര്‍ഹമായ ശമ്പള വര്‍ധനവ് നടപ്പാക്കിയത്. ധനവകുപ്പിന്റെ നടപടിക്കെതിരായ വിജിലന്‍സ് അന്വേഷണം തുടരുന്നതിനിടെയാണ് ഫയല്‍ മന്ത്രിസഭയുടെ മുന്നിലെത്തുന്നത്. 2016 മുതല്‍ അനധികൃത നിയമനങ്ങളിലൂടെ 9 കോടി രൂപയാണ് നഷ്ടമായത്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ മുന്‍ സര്‍ക്കാരിന്റെ കാലത്തു തന്നെ ഉണ്ടായിരുന്നതാണെന്നാണ് സാക്ഷരതാ മിഷന്‍ ഡയറക്ടറുടെ വിശദീകരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close