
യമുനനഗര്‍: അഞ്ചുവര്‍ഷം കാത്തിരുന്ന് ലഭിച്ച ആദ്യത്തെ കണ്മണിയെ പിതാവ് ശ്വാസം മുട്ടിച്ച് കൊന്നു. പെണ്‍കുഞ്ഞായതിന്റെ പേരിലാണ് ഈ അരുംകൊല. ഹരിയാനയിലെ യമുന നഗറിലെ ബാദി മജ്ര ഏരിയയിലാണ് സംഭവം. ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് നീരജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതിനുശേഷം നീരജ് മനോവിഷമത്തിലായിരുന്നുവത്രേ. അമിത മദ്യപാനി കൂടിയായ നീരജ് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.2015ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും ഇരുവര്‍ക്കും കുട്ടികളുണ്ടായിരുന്നില്ല. സെപ്റ്റംബര്‍ 24ന് പെണ്‍കുഞ്ഞ് ജനിച്ചു. തിങ്കളാഴ്ച വീട്ടിലെത്തിയ നീരജ് കുഞ്ഞിന്റെ സമീപം കിടന്നു. പിന്നീട് കാല് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തില്‍ വെച്ച് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.നീരജ് കുഞ്ഞിനെ കൊലപ്പെടുത്തിയതായി ഭാര്യ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.