KERALANEWSTop NewsTrending

പിളർന്ന് മാത്രമല്ല ലയിച്ചും വളരുന്ന കേരള കോൺ​ഗ്രസ്; മന്നത്ത് പദ്മനാഭൻ വിളിപ്പേരിട്ട് ഉയർത്തിയ പാർട്ടി മധ്യതിരുവിതാംകൂറിന്റെ മണ്ണിൽ ഇന്നും നിർണായകം; പി ജെ ജോസഫ്- പി സി തോമസ് ലയനം ശക്തമാക്കുക യുഡിഎഫിനെ

കോട്ടയം: സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പി സി തോമസിന്റെ കേരള കോൺ​ഗ്രസ് എൻഡിഎ വിടുമ്പോഴും ശക്തമാകുന്നത് കേരള കോൺ​ഗ്രസ് രാഷ്ട്രീയം തന്നെ. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോൺ​ഗ്രസ് രാഷ്ട്രീയ സിന്താന്തം ശരിവെച്ച് കടുത്തുരുത്തിയിൽ ഇന്നും ഒരു ലയന സമ്മേളനം നടക്കും. പി ജെ ജോസഫിന്റെ ​ഗ്രൂപ്പും പി സി തോമസിന്റെ പാർട്ടിയും ലയിക്കുന്നതോടെ ഒറിജിനൽ കേരള കോൺ​ഗ്രസ് വീണ്ടും യുഡിഎഫ് പാളയത്തിൽ എത്തുകയാണ്.

എൻഡിഎയുടെ ഘ‌ടകകക്ഷി ആയിരുന്നിട്ടും വർഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചതുമാണ് പി സി തോമസ് മുന്നണി വിടാൻ കാരണം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം, പി സി തോമസിൻറെ പാർട്ടിയിൽ ലയിക്കുന്നതോടെ ബ്രായ്ക്കറ്റില്ലാത്ത കേരള കോൺ​ഗ്രസ് യുഡിഎഫിന്റെ ഭാ​ഗമാകും. പി സി തോമസ്, പി ജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. പി ജെ ജോസഫ് പാർട്ടി ചെയർമാനാകും എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, കേരളത്തിൽ ആദ്യമായി എൻഡിഎയുടെ ഭാ​ഗമായി മത്സരിച്ച് പാർലമെന്റിൽ എത്തിയ നേതാവായ പി സി തോമസ് മുന്നണി വിടുന്നത് ബിജെപിക്കും തിരിച്ചടിയാകും. കെ.എം മാണിയുമായി തെറ്റി 2004 ൽ എൻ.ഡി.എ പിന്തുണയോടെ പി.സി തോമസ് ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ കേരളത്തിൽ ഏറ്റവും ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമായിരുന്നു മൂവാറ്റുപുഴ. തന്റെ പഴയ നേതാവ് കെ.എം മാണിയുടെ മകൻ ജോസ്. കെ. മാണിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് പി.സി തോമസ് വിജയിച്ചു. കേരളത്തിൽ നിന്ന് എൻ.ഡി.എ പിന്തുണയോടെ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച ഏക വ്യക്തി കൂടിയാണ് പി.സി തോമസ്. 2004 ൽ മൂവാറ്റുപുഴ ലോക്സഭ മണ്ഡലത്തിൽ ഇടത് വലത് മുന്നണികളെ അട്ടിമറിച്ച് എൻ.ഡി.എ പിന്തുണയോടെ പി സി തോമസ് ജയിച്ചുകയറുമ്പോൾ കേരളത്തിലെ മുന്നണി രാഷ്ട്രീയ സംവിധാനത്തെ ഞെട്ടിച്ച ഒരു വിജയമായിരുന്നു അത്.

കെ. എം മാണി കഴിഞ്ഞാൽ കേരള കോൺഗ്രസ് എമ്മിന്റെ അമരക്കാരൻ- അതായിരുന്നു ഒരു കാലത്ത് പി.ടി ചാക്കോയുടെ മകൻ പി.സി തോമസ്. 1989 മുതൽ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ലോക്സഭയിലേക്ക്. പാർട്ടിയിൽ പിൻഗാമി മകനാകണമെന്ന് കെ.എം മാണി തീരുമാനിച്ചപ്പോൾ പി.സി ഇടഞ്ഞു. 2004ൽ മൂവാറ്റുപുഴ ജോസ് കെ. മാണിക്ക് നൽകാൻ തീരുമാനിച്ചതോടെ പി.സി തോമസ് പാർട്ടി വിട്ട് ഒറ്റയ്ക്ക് മത്സരിച്ചു. ഇന്ത്യൻ ഫെഡറൽ ഡമോക്രാറ്റിക്ക് പാർട്ടി എന്ന പാർട്ടിയുമായി പി സി എത്തിയപ്പോൾ പിന്തുണയ്ക്കാൻ എൻ.ഡി.എയും തീരുമാനിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എം ഇസ്മായിലും യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിയും തോറ്റു. പി.സി തോമസിന് 529 വോട്ടിന്റെ ഭൂരിപക്ഷം.

ജോസ് കെ. മാണിയെ പാർട്ടി നേതാവായി വളർത്തുന്നതിൽ അമർഷമുണ്ടായിരുന്ന ഒരു വിഭാഗം കേരള കോൺഗ്രസ് നേതാക്കൾ രഹസ്യമായി പി.സി തോമസിനെ സഹായിച്ചുവെന്ന് ആരോപണമുയർന്നു. എന്നാൽ എം.പിയായിരിക്കെ കേരളത്തിന് വേണ്ടി പ്രയത്നിച്ചതിനുള്ള പ്രതിഫലമാണ് ജനം നൽകിയതെന്ന് പി.സി തോമസ്. കേരളത്തിൽ നിന്ന് എൻ.ഡി.എ പിന്തുണയിൽ വിജയിച്ച ഏക എം.പി വാജ്പേയി സർക്കാരിൽ മന്ത്രിയായി. ഇതിനിടയിൽ തോമസിന്റെ എം.പി സ്ഥാനം ഹൈക്കോടതി റദ്ദാക്കി. വോട്ടർമാരെ സ്വാധീനിക്കാൻ മതവികാരം ചൂഷണം ചെയ്തുവെന്ന് ചൂണ്ടികാട്ടി എൽ.ഡി.എഫ് സ്ഥാനാർഥി പി.എം ഇസ്മയിൽ നൽകിയ ഹരജി പരിഗണിച്ചായിരുന്നു വിധി. ഈ വിധി ശരിവെച്ച് സുപ്രീംകോടതി തോമസിന് അയോഗ്യത കൽപിക്കുമ്പോഴേക്കും സഭയുടെ കാലാവധി പൂർത്തിയായിരുന്നു.

മണ്ഡലങ്ങൾ പുനർ നിർണയിച്ചപ്പോൾ മൂവാറ്റുപുഴ ഇല്ലാതായി. പി.സി തോമസ്, ജോസഫ് ഗ്രൂപ്പിലൂടെ കേരള കോൺഗ്രസിലേക്ക് മടങ്ങി. മാണി ഗ്രൂപ്പിൽ ലയിക്കാൻ ജോസഫ് തീരുമാനിച്ചപ്പോൾ പിണങ്ങിയ പി സി, എൽ.ഡി.എഫ് ബന്ധമുപേക്ഷിച്ച് വീണ്ടും എൻ.ഡി.എയിലെത്തി. ഇപ്പോഴിതാ, അതേ ജോസഫും തോമസും ഒന്നിച്ച് നീങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്.

ലാ​ഭം രണ്ടുപേർക്കും ഒരുപോലെ

എൻഡിഎയിൽ ഒരു കാലത്ത് ശക്തനായിരുന്നെങ്കിലും പി സി തോമസിനെ മൂലയ്ക്കിരുത്തുന്ന സമീപനമാണ് ബിജെപി കാലങ്ങളായി കേരളത്തിൽ സ്വീകരിച്ചിരുന്നത്. പിജെ ജോസഫിന് രജിസ്‌ട്രേഷൻ ഉള്ള പാർട്ടി ഒന്നുമില്ല. ജോസ് കെ മാണിയുമായുള്ള കേസിൽ തോറ്റതോടെ പുതിയ പാർട്ടിയുണ്ടാക്കണം. അല്ലാത്ത പക്ഷം യുഡിഎഫിൽ നിന്ന് അനുവദിച്ച് കിട്ടുന്ന സീറ്റുകളിൽ സ്വതന്ത്രരായി ജോസഫ് വിഭാഗം മത്സരിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ വിപ്പ് ഇവർക്ക് ബാധകമാകില്ല. ഇത് തിരിച്ചറിഞ്ഞാണ് പിസി തോമസുമായുള്ള ചർച്ചകൾ. പുതിയ പാർട്ടിയുണ്ടാക്കി മത്സരിക്കാനുള്ള സമയം ഇപ്പോൾ ജോസഫിനില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് നീക്കങ്ങൾ.

ഇരുപക്ഷത്തേയും നേതാക്കൾ തമ്മിൽ ഇതിനകം പല ഘട്ടങ്ങളായി രഹസ്യ ചർച്ച നടന്നിട്ടുണ്ട്. ഇരു വിഭാഗങ്ങളും മുന്നോട്ടു വച്ചിട്ടുള്ള ധാരണകളെ അടിസ്ഥാനമാക്കിയാകും ലയനത്തിലേയ്‌ക്കെത്തുക എന്നാണ് അറിയുന്നത്. ലയനം നടക്കുകയാണെങ്കിൽ പി.ജെ.ജോസഫ് പാർട്ടി ചെയർമാനാകും. മറ്റു പദവികൾ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ലയനത്തോടെ ജോസഫ് ഗ്രൂപ്പിന്റെ ചിഹ്ന പ്രശ്‌നത്തിനും പരിഹാരമാകുമെന്നാണു കരുതുന്നത്. വർഷങ്ങളായി എൻഡിഎയിൽ പി.സി.തോമസ് വിഭാഗത്തിനു നേരിട്ട അവഗണനയുടെ പശ്ചാത്തലത്തിലാണു മുന്നണി വിട്ടു കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിനൊപ്പം ചേരുന്നതു പരിഗണിക്കുന്നത്.

സീറ്റു ലഭിക്കാത്തതും മുന്നണി വിടുന്നതിന് ആക്കംകൂട്ടി. പാലായിൽ എൻഡിഎ സ്ഥാനാർത്ഥിയായി പിസി തോമസ് മത്സരിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ പാലായിൽ ബിജെപി സ്ഥാനാർത്ഥിയ നിർത്തി. ഇതോടെ പിസി തോമസ് മുന്നണി വിടാൻ തീരുമാനിച്ചു. ഇത് മനസ്സിലാക്കിയാണ് പിജെ ജോസഫ് നീക്കം നടത്തിയത്. ഇതോടെ പിസി തോമസും എൻഡിഎയുടെ ഭാഗമാകും. എൻഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു പി.സി.തോമസ്. എന്നാൽ അവഗണന നേരിട്ടു മുന്നണിയിൽ തുടരില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

കേരള കോൺ​ഗ്രസ് ചരിത്രം

രാഷ്ട്രീയ കേരളത്തെ ത്രസിപ്പിച്ച് കോട്ടയത്തെ തിരുനക്കര മൈതാനിയിൽ വെച്ച് മന്നത്ത് പത്മനാഭൻ പതാക ഉയർത്തിയതുമുതൽ പിളർപ്പിലൂടെയും ലയനത്തിലൂടെയും വളരുന്ന ചരിത്രമാണ് കേരള കോൺഗ്രസിനുള്ളത്. 1964ൽ മന്നത്ത് പത്മനാഭൻ കേരള കോൺഗ്രസ് എന്ന പേര് പ്രഖ്യാപിക്കുകയും കെ.എം ജോർജ് ചെയർമാനും ആർ.ബാലകൃഷ്ണപിള്ള വൈസ് ചെയർമാനുമായി പുതിയ പാർട്ടി ഉണ്ടാകുകയും ചെയ്തു. ഇങ്ങനെ മരണംവരെ കോൺഗ്രസുകാരനായിരുന്ന പി ടി ചാക്കോയുടെ പേരിലാണ് ആദ്യമായി കേരള കോൺഗ്രസ് ഉണ്ടാകുന്നത്.

കോൺഗ്രസിന്റെ അമരക്കായിരുന്ന ആർ ശങ്കറുമായുള്ള ഭിന്നതയെ തുടർന്നാണ് 15 എംഎൽഎമാർ ചാക്കോയെ അനുകൂലിച്ച് പാർട്ടി വിട്ടത്. ഇതോടെയാണ് കേരളാ കോൺഗ്രസിന്റെ പിറവിക്ക് ഇടയാക്കിയത്. 1964 ഒക്ടോബർ ഒൻപതിനാണ് പാർട്ടി ഔദ്യോഗികമായി പിറവിയെടുത്തത്. കാട്ടയത്ത് തിരുനക്കര മൈതാനത്തുനടന്ന സമ്മേളനത്തിൽ മന്നത്ത് പത്മനാഭനാണ് പാർട്ടിക്ക് പേരിട്ടത്. ഒക്ടോബർ മൂന്നിന് രൂപവത്കരിച്ച കേരള കോൺഗ്രസ് റീഫോമിസ്റ്റ് സംഘടനയാണ് കേരള കോൺഗ്രസ് ആയത്.

കൂടുതൽ തെരഞ്ഞെടുപ്പ് വാർത്തകൾ..

https://mediamangalam.com/archives/45716
https://mediamangalam.com/archives/45621
https://mediamangalam.com/archives/45602
https://mediamangalam.com/archives/45596
https://mediamangalam.com/archives/45591
https://mediamangalam.com/archives/45586
https://mediamangalam.com/archives/45531
https://mediamangalam.com/archives/45522
https://mediamangalam.com/archives/45443
https://mediamangalam.com/archives/45438
https://mediamangalam.com/archives/45051
https://mediamangalam.com/archives/45376
https://mediamangalam.com/archives/44886
https://mediamangalam.com/archives/45359
https://mediamangalam.com/archives/44674
https://mediamangalam.com/archives/44944
https://mediamangalam.com/archives/44884
https://mediamangalam.com/archives/45275
https://mediamangalam.com/archives/45280

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close