
തിരുവനന്തപുരം: പി.എസ്.സി അട്ടിമറി കേസിലെ പ്രതികളായ എസ്.എഫ്.ഐ ക്രിമിനലുകളുടെ പേരിലുള്ള പൊതുമുതല്‍ നശിപ്പിക്കല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന യുവതീ-യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. എസ്.എഫ്.ഐ നേതാക്കള്‍ നടത്തിയ അട്ടിമറി സി.പി.എം ഉന്നതനേതാക്കളുടേയും സര്‍ക്കാരിന്റെയും അറിവോടെയായിരുന്നെന്നതിന്റെ തെളിവാണ് കേസുകള്‍ ഒഴിവാക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അര്‍ഹരായ ആയിരക്കണക്കിന് യുവാക്കളുടെ നിയമനം തടഞ്ഞുവെച്ച സര്‍ക്കാര്‍ സ്വന്തക്കാരെ എങ്ങനെയും ജോലിയില്‍ തിരുകികയറ്റുന്നതാണ് കഴിഞ്ഞ നാലരവര്‍ഷക്കാലമായി കേരളം കാണുന്നത്. പി.എസ്.സിയുടെ വിശ്വാസത തകര്‍ത്ത സര്‍ക്കാര്‍ കേരളത്തിലെ യുവാക്കളുടെ ഭാവിയാണ് നശിപ്പിച്ചത്. ഭരണത്തിന്റെ അവസാന നാളുകളില്‍ ഇടതുനേതാക്കള്‍ പ്രതികളായ ഏതാണ്ട് 75 ഓളം കേസുകള്‍ എഴുതിതള്ളാന്‍ സര്‍ക്കാര്‍ തിരുവനന്തപുരം ജുഡീഷ്യല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. അഴിമതിയില്‍ മൂക്കറ്റം മുങ്ങിക്കുളിച്ച പിണറായി വിജയന് ഇനി ഒരു മടങ്ങിവരവില്ലെന്ന് ഉറപ്പായതോടെ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.