KERALANEWS

പി.എസ്.സി പരീക്ഷകൾ മാറ്റിവെക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒക്ടോബർ- നവംബർ മാസങ്ങളിലെ മുഴുവൻ പി.എസ്.സി പരീക്ഷകളും മാറ്റിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായിട്ടും പരീക്ഷ നടത്താനുള്ള സർക്കാരിന്റെയും പി.എസ്.സിയുടേയും തീരുമാനം ഉദ്യോ​ഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പൊതു​ഗതാ​ഗത സംവിധാനങ്ങൾ പൂർണ്ണമായും പുനസ്ഥാപിക്കപ്പെടാത്ത സാഹചര്യത്തിൽ ജില്ലയ്ക്ക് പുറത്തുപോയി പരീക്ഷ എഴുതാനുള്ള ഉദ്യോ​ഗാർത്ഥികളുടെ പ്രയാസം സർക്കാർ മനസിലാക്കണം. ഉദ്യോ​ഗാർത്ഥികളിൽ ഭൂരിഭാ​ഗം പേരും സ്ത്രീകളാണെന്നിരിക്കെ ചാടികയറി പരീക്ഷ നടത്തുന്നത് സുരക്ഷിതമായിരിക്കില്ല. കണ്ടെയിൻമെന്റ് സോണുകളിലെ ഉദ്യോ​ഗാർത്ഥികൾക്ക് എങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താനാവുകയെന്നും അദ്ദേഹം ചോദിച്ചു.

ഒക്ടോബർ- നവംബർ മാസങ്ങളിൽ നടത്താൻ നിശ്ചയിച്ച അസിസ്റ്റൻഡ് പ്രൊഫസർ, എൽ.പി,യു.പി സ്കൂൾ ടീച്ചർ പരീക്ഷകൾ ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close