KERALANEWS

പി ടി തോമസ് എംഎല്‍എ മധ്യസ്ഥനായ സ്ഥലം വില്‍പ്പനയില്‍ ചട്ടം ലംഘനം നടന്നു

കൊച്ചി: പി ടി തോമസ് എംഎല്‍എ മധ്യസ്ഥനായ ഇടപ്പള്ളി അഞ്ചുമനയിലെ വസ്തു വില്‍പ്പനയിടപാടില്‍ നടന്നത് ആദായ നികുതി വകുപ്പ് ചട്ടം ലംഘനം. കള്ളപ്പണ വിതരണവും നികുതി വെട്ടിപ്പും തടയുന്നതിന്റെ ഭാഗമായുള്ള ആദായ നികുതി ചട്ടത്തിലെ സെക്ഷന്‍ 269 എസ് ടി പ്രകാരം രണ്ട് ലക്ഷത്തിനു മുകളില്‍ പണം കൈമാറരുതെന്നാണ്. ചെക്ക് നല്‍കിയോ, അകൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്തോ വേണം രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ നടത്താന്‍ എന്നാണ് നിയമം പറയുന്നത്. ഈ നിയമം ലംഘിച്ചുള്ള ഇടപാടിനായിരുന്നു ഇടപ്പള്ളിയില്‍ ശ്രമം നടന്നത്. വസ്തു തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥതയ്ക്ക് ഇടപെട്ടു എന്നല്ലാതെ പണം കൈമാറുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നുമറിയില്ലെന്നാണ് എംഎല്‍എ വാദിക്കുന്നതെങ്കിലും തന്റെ സാന്നിധ്യത്തില്‍ ഇടപാട് സംസാരിക്കുമ്പോള്‍ രണ്ട് ബാഗുകളിലായി പണം അവിടെ ഉണ്ടായിരുന്നുവെന്ന് പി ടി തോമസ് സമ്മതിക്കുന്നുണ്ട്. എന്നാലത് കള്ളപ്പണമായിരുന്നോ എന്ന് അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. നിയമവിദ്യാഭ്യാസം നേടിയിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ രാജ്യത്തെ സാമ്പത്തിക നിയമങ്ങളെക്കുറിച്ച് എംഎല്‍എയ്ക്ക് എന്തുകൊണ്ട് അറിയാതെ പോയി എന്നാണ് അദ്ദേഹത്തിനെതിരേയുള്ള ആരോപണം.

പ്രസ്തുത വസ്തു തര്‍ക്കം പരിഹരിക്കുന്നതിന് പി ടി തോമസ് എംഎല്‍എയുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാമത്തെ ചര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഒക്ടോബര്‍ രണ്ടാം തീയതി നടന്ന ചര്‍ച്ചയിലാണ് 80 ലക്ഷം രൂപ വസ്തു വിലയായി രണ്ടു കൂട്ടരും സമ്മതിച്ചപ്രകാരം നിശ്ചയിക്കുന്നതെന്ന് പി ടി തോമസ് പറയുന്നുണ്ട്. എന്നാല്‍, പണം ചെക്ക് ആയോ അക്കൗണ്ടിലേക്ക് ഇട്ടോ കൈമാറിയാല്‍ മതിയെന്ന് തീരുമാനം എടുക്കുന്നുണ്ട്. ഇക്കാര്യം 500 രൂപ മുദ്രപത്രത്തിലും എഴുതി ചേര്‍ത്തിരുന്നു. പക്ഷേ, ഈ എഗ്രിമെന്റ് വ്യവസ്ഥ ലംഘിച്ചാണ് പണമായിട്ട് തന്നെ മുഴുവന്‍ തുകയും നല്‍കാന്‍ ശ്രമം നടന്നത്. വ്യാഴാഴ്ച്ച വസ്തു ഉടമയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ തുക പണമായിട്ട് മാത്രമെ നല്‍കൂ എന്നു മുന്‍ വ്യവസ്ഥ വെട്ടിതിരുത്തി എഴുതി ചേര്‍ത്തുവെന്നും ഇത് എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന കാര്യമായിട്ടും അദ്ദേഹം എതിര്‍ത്തില്ലെന്നാണ് സിപിഎം അഞ്ചുമന ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കെ വി ഗിരിജന്‍ പറയുന്നത്. നിയമലംഘനം ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് എംഎല്‍എ ഇതിന് കൂട്ടു നിന്നതെന്നും സിപിഎം നേതാവ് കുറ്റപ്പെടുത്തുന്നു. പണം കൈമാറുന്നതിനു മുന്നേ താന്‍ സ്ഥലത്ത് നിന്നും പോയെന്ന എംഎല്‍എയുടെ വാദവും ഗിരിജന്‍ തള്ളിക്കളയുകയാണ്. പണം കൈമാറുന്നത് പി ടി തോമസിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്ത വ്യക്തി കൂടിയാണ് കെ വി ഗിരിജന്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close