
പത്തനംതിട്ട: ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനം പദ്ധതിയുടെ കീഴില്‍ വരുന്ന ളാഹ മുതല്‍ സന്നിധാനം വരെ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് സഞ്ചികളും ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതും നിരോധിച്ച് ജില്ല കലക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. കേരള പൊലീസ് ആക്ടിലെ വകുപ്പ് 80 പ്രകാരമാണ് ഉത്തരവ്.തീര്‍ഥാടന കാലയളവില്‍ പത്തനംതിട്ട മുതല്‍ പമ്പ വരെ വഴിയോരങ്ങള്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നതും കലക്ടര്‍ നിരോധിച്ചു.നിലയ്ക്കല്‍ ബേസ് ക്യാമ്പ് മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ മാംസാഹാരം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും കേരള പൊലീസ് ആക്ടിലെ വകുപ്പ് 80 പ്രകാരം നിരോധിച്ചു. ളാഹ മുതല്‍ സന്നിധാനം വരെ സ്ഥലങ്ങളിലെ കടകളില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ ശേഖരിച്ചു വെക്കുന്നത് നിരോധിച്ചിട്ടുണ്ട്. കടകളില്‍ ഒരേസമയം ശേഖരിച്ച് വെക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി.