പുതുവൈപ്പില്‍ കുട്ടികളെ അടക്കം അറസ്റ്റ് ചെയ്ത്ത് പോലീസ്

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ പദ്ധതി മേഖലയിലേക്ക് നിരോധനാജ്ഞ ലംഘിച്ച് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് പോലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കിയ സമരക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.മൂന്നു കുട്ടികളും വൈദികനും സിസ്റ്റേഴ്സും ഉള്‍പ്പെടെ 89 പേര് അറസ്റ്റ് വരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 200 ഓളംപേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. റോഡില്‍ കുത്തിയിരുന്ന സമരക്കാരെ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തുനീക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ എതിര്ത്തിനെത്തുടര്ന്ന് നേരിയ സംഘര്‍ഷവും ഉണ്ടായി.പദ്ധതി പ്രദേശത്തിനു 100 മീറ്റര്‍ അകലെയായി ബാരിക്കേഡുകള്‍ തീര്‍ത്ത് എറണാകുളം ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് തടഞ്ഞത്. ഇന്നലെ രാവിലെ പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വളപ്പില്‍ തന്പടിച്ച സമരക്കാര്‍ 9.45 ഓടെയാണ് പദ്ധതി മേഖലയിലേക്ക് മാര്‍ച്ച് നടത്തിയത്.മാര്‍ച്ച് പുതുവൈപ്പില്‍ എല്‍എന്‍ജി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് പോലീസ് തടഞ്ഞത്. അറസ്റ്റുവരിച്ച 55 സ്ത്രീകളെയും 25 പുരുഷന്മാരെയും പോലീസ് വലിയ ബസുകളില്‍ കളമശേരി എആര്‍ ക്യാന്പിലേക്കും മൂന്ന് കുട്ടികളെയും അവരെ സമരത്തിനെത്തിച്ച രക്ഷിതാക്കളെയും കാക്കനാട് ജുവനൈല്‍ ഹോമിലേക്കും മാറ്റി. വൈകുന്നേരത്തോടെ ഇവരെ മുളവുകാട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്തിയതിനു കേസെടുത്തശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.സമരത്തെ അഭിസംബോധന ചെയ്ത പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ. സിജോയ് കുരിശിന്മൂട്ടില്, മാര്‍ച്ചില്‍ ജനങ്ങള്‍ക്കൊപ്പം അണിനിരന്ന സിസ്റ്റര്‍ റെന്‍സിറ്റ, സിസ്റ്റര്‍ ജെമ്മ, സമരം ഉദ്ഘാടനം ചെയ്യാനെത്തിയ പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന്, സമര സമിതി നേതാക്കളായ എം.ബി. ജയഘോഷ്, കെ.എസ്.മുരളി, സി.ജി. ബിജു, മാഗ്ലിന്‍ ഫിലോമിന, ബിജു കണ്ണങ്ങനാട്ട് എന്നിവര്‍ അറസ്റ്റിലായവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.