
ശ്രീനഗര്‍ : പുല്‍വാമ മാതൃകയില്‍ തീവ്രവാദ ആക്രമണത്തിനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പിനെത്തുടര്‍ന്ന് ദക്ഷിണ മധ്യ കാശ്മീരില്‍ ജാഗ്രതാ നിര്‍ദ്ദേശം. കാര്ബോംബുപയോഗിച്ചുള്ള ആക്രമണത്തിനാകും സാധ്യതയെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.
വടക്കന്‍ കാശ്മീരിനെ – മധ്യ കാശ്മീരുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയ്ക്ക് നേരെ തീവ്രവാദ ഗ്രൂപ്പായ ലഷ്കര്‍-ഇ-തായ്ബന് ഒരു വലിയ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി കാശ്മീരിലെ സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പട്ടാന്‍, സോപൂര്‍, ഹാന്‍ഡ്വാര തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷാ സേന അതീവ ജാഗ്രത പാലിച്ചിട്ടുണ്ട്. പരമാവധി നാശനഷ്ടമുണ്ടാക്കാന്‍ തീവ്രവാദികള്‍ വാഹനങ്ങളില്‍ ഐഇഡികള്‍ പോലെയുള്ള സ്ഫോടനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഹൈവേകളില്‍ പരിശോധനകള്‍ ശക്തമാക്കാനും നിര്‍ദ്ദേശമുണ്ട്. അതിനിടയില്‍ ബരാമുള്ളയില്‍ നിന്ന് ഒരു ഓള്‍ട്ടോ കാര്‍ മോഷണം പോയിട്ടുണ്ടെന്നും ഇതിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വടക്കന്‍ കാശ്മീരില്‍ നിന്നുള്ള 50 ഓളം പേരുള്‍പ്പെടെ 124 തീവ്രവാദികളാണ് ഈ വര്‍ഷം ജനുവരി മുതല്‍ കശ്മീരില്‍ കൊല്ലപ്പെട്ടത്.