KERALANEWS

പെട്ടിമുടി ദുരന്തത്തിന് കാരണം മേഘവിസ്ഫോടനം

മൂന്നാര്‍: ഇടുക്കി രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍. ഓഗസ്റ്റ് തുടക്കത്തില്‍ ശക്തമായ മഴയാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടായിരം മില്ലി ലിറ്റര്‍ മഴ പ്രദേശത്ത് രേഖപ്പെടുത്തി. വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്‌ഫോടനം.പെട്ടിമുടിയില്‍ പെയ്ത മഴയ്‌ക്കൊപ്പം സമീപ മലകളില്‍നിന്നുള്ള വെള്ളവും കുത്തിയൊലിച്ച് വന്നതാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്നാണ് നിഗമനം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ഓഗസ്റ്റ് ആറിന് പെട്ടിമുടിയില്‍ പെയ്തത് 612 മില്ലി മീറ്റര്‍ മഴ. ഓഗസ്റ്റിലെ ആദ്യ ആഴ്ച മാത്രം 2147 മില്ലി മീറ്റര്‍ മഴ പ്രദേശത്ത് രേഖപ്പെടുത്തി. ഇതിന്റെ ഫലമായി 14 അടിയോളം ഉയരത്തില്‍ വെള്ളമെത്തിയിരിക്കാമെന്നും കരുതുന്നു.അതേസമയം, പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി പതിനെട്ടാം ദിവസമായ ഇന്നലെയും തിരച്ചില്‍ നടന്നു. ഇന്നലെയോടെ തിരച്ചില്‍ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. പ്രദേശത്ത് തുടരുന്ന മഴയും പുഴയിലെ ജലനിരപ്പുയര്‍ന്നതും തിരച്ചിലിന് തടസമായിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുകയാണെങ്കില്‍ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മഴയും മഞ്ഞും മൂലം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തിരച്ചില്‍ നിര്‍ത്തേണ്ട സ്ഥിതിയായിരുന്നു. ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. എന്നാല്‍ ആരെയും കണ്ടെത്താനായില്ല.കാണാതായവരുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂര്‍ണമായും പരിശോധന പൂര്‍ത്തിയാക്കിയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ദിനേഷ് കുമാര്‍ (20), റാണി (44), പ്രിയദര്‍ശനി (7), കസ്തൂരി (26), കാര്‍ത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിരക്ഷാ സേന, മൂന്നാറിലെ വിവിധ സാഹസിക പ്രവര്‍ത്തകര്‍ അടങ്ങിയ 30 അംഗ പ്രത്യേക സംഘമാണ് വനമേഖലയോട് ചേര്‍ന്ന പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയത്. വഴുക്കലുള്ള വലിയ പാറകള്‍ ഉള്ള പ്രദേശമായതിനാല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിച്ചായിരുന്ന തിരച്ചില്‍. ഏറെ ദുഷ്‌കരമായിരുന്ന ഉള്‍വനത്തിലെ തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ച അംഗങ്ങളെയാണ് നിയോഗിച്ചത്.മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് തിരച്ചില്‍ സംഘത്തെ തീരുമാനിച്ചത്. അപകട സാധ്യത വളരെയേറെയുള്ള പുഴയിലെ കുത്ത് കേന്ദ്രീകരിച്ചും ദൗത്യ സംഘം തിരച്ചില്‍ നടത്തി.

Tags
Show More

Related Articles

Back to top button
Close