TrendingWORLD

പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന സമ്പൂര്‍ണ്ണമായി നിരോധിക്കാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് ബ്രിട്ടന്‍. സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം പ്രകൃതിദത്തമായ ഗതാഗത മാര്‍ഗ്ഗങ്ങളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി 2030-ഓടെ നിരോധനം നടപ്പാക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലിനീകരണം നടത്തുന്ന വാഹനങ്ങളെ പുറത്താക്കി ഇലക്ട്രിക്ക് കാറുകളിലേക്ക് ആളുകള്‍ മാറുന്നതിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില ടോറി എംപിമാര്‍ മന്ത്രിമാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. നിലവില്‍ 2040-ഓടെ കംബഷന്‍ എഞ്ചിന്‍ കാറുകളുടെ വില്‍പ്പന നിര്‍ത്താനാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഈ സമയപരിധി മുന്നോട്ട് നീക്കി 2035-ന് അകമോ, അതിനും മുന്‍പോ നിരോധനം നടപ്പാക്കാനുള്ള ചര്‍ച്ചകളാണ് ഈ വര്‍ഷം ആരംഭിച്ചിരിക്കുന്നത്. അടുത്ത മാസം ഈ ചര്‍ച്ചകളില്‍ ലഭിച്ച പ്രതികരണം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. ഇതിന് പുറമെ 2035 സമയപരിധിയായി നിശ്ചയിക്കുന്ന കാര്യം പ്രാധാന്യത്തോടെ പരിഗണിക്കുന്നതായും ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കി.

അതേസമയം 2030 സമയപരിധി നിശ്ചയിക്കാന്‍ സര്‍ക്കാരിന്റെ സ്വതന്ത്ര അഡൈ്വസറി ബോര്‍ഡായ കമ്മിറ്റി ഓണ്‍ ക്ലൈമറ്റ് ചേഞ്ച് മന്ത്രിമാരെ ഉപദേശിച്ചിട്ടുണ്ട്. മഹാമാരിക്ക് ശേഷം പ്രകൃതിദത്തമായ അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ ഈ പദ്ധതിക്ക് നൂറിലേറെ ടോറി എംപിമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന അടുത്ത ദശകത്തില്‍ നിരോധിച്ചാല്‍ 2030 ലക്ഷ്യംവച്ച് ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്ന അയര്‍ലണ്ട്, നെതര്‍ലണ്ട്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയില്‍ യുകെയും ഇടംപിടിക്കും. ഇലക്ട്രിക് കാര്‍ സ്വന്തമായുള്ള ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് നേരത്തെ 2032 ഡെഡ്ലൈന്‍ സംബന്ധിച്ച് സംസാരിച്ചിരുന്നു. നഗരങ്ങളില്‍ മലിനീകരണം സംബന്ധിച്ച് ആശങ്ക വളരുമ്പോഴാണ് ഈ നീക്കങ്ങള്‍. അതേസമയം ബാറ്ററി ശക്തിയേകുന്ന കാറുകളുടെ ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തെ വില്‍പ്പന 4.7 ശതമാനം മാത്രമാണ്. കൊറോണാവൈറസും, ബ്രക്സിറ്റും ആഞ്ഞടിച്ച മോട്ടോര്‍ നിര്‍മ്മാതാക്കള്‍ ഈ നീക്കത്തെ എതിര്‍ക്കാന്‍ തന്നെയാണ് സാധ്യത.

Tags
Show More

Related Articles

Back to top button
Close