KERALANEWS

പെണ്‍കുട്ടികള്‍ നമ്മുടെ അഭിമാനം ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: വനിത ശിശുക്ഷേമ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം :ഒക്ടോബര്‍ 11 അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുന്ന സാഹചര്യത്തില്‍ വനിത ശിശുക്ഷേമ മന്ത്രി കെ കെ ശൈലജ വാക്കുകള്‍:

ഒക്ടോബര്‍ 11 അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുകയാണ്. ലോകത്തെമ്പാടും പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ പ്രതികരിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്. വര്‍ഷങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധവും പുരുഷ മേധാവിത്വപരമായ ആശയങ്ങളുമാണ് പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകുന്നതിന് കാരണം. ഓരോ സാമൂഹ്യ വ്യവസ്ഥിതിയിലും വ്യത്യസ്ഥ രീതിയിലുള്ള വിവിധങ്ങളായ അതിക്രമങ്ങള്‍ക്ക് സ്തീകളും പെണ്‍കുട്ടികളും പാത്രമാകേണ്ടി വന്നിട്ടുണ്ട്. ജന്മി നാടുവാഴിത്ത വ്യവസ്ഥിയില്‍ ഭൂ ഉടമകളില്‍ നിന്നും സവര്‍ണ ജാതി മേധാവിത്വത്തില്‍ നിന്നും കടുത്ത പീഡനങ്ങളാണ് ഈ സമൂഹം നേരിടേണ്ടി വന്നത്.ആധുനിക മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ രണ്ടാം തരം പൗരന്‍മാരും പലപ്പോഴും വില്‍പന വസ്തുക്കളായും കണക്കാക്കപ്പെടുന്നു. അവസര നിഷേധവും വ്യക്തിഹത്യയും ലൈംഗിക അതിക്രമങ്ങളും പെണ്‍കുട്ടികള്‍ നിരന്തരമായി നേരിടേണ്ടി വരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടനാ പരമായി ലിംഗ വിവേചനമില്ലാത്ത സമത്വം വാഗ്ദാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും നമുക്കിതേവരെ ആയത് കൈവരിക്കാന്‍ സാധിച്ചിട്ടില്ല. സമത്വത്തിലധിഷ്ഠിതമായി ഒരു സാമൂഹ്യ വ്യവസ്ഥിതി സൃഷ്ടിച്ചെടുക്കാന്‍ ബോധപൂര്‍വമായി ഇടപെട്ടാല്‍ മാത്രമേ സ്ത്രീ സമത്വം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയുള്ളൂ. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സാമ്പത്തികവും സാമൂഹികവുമായ ഉച്ചനിചത്വങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതു കൊണ്ടാണ് സ്ത്രീ പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയാത്തത്. കേരളം സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വളരെയേറെ മുന്നേറിയിട്ടുള്ളതിനാല്‍ സ്തീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീതിലഭ്യമാക്കുന്ന നടപടിക്രമങ്ങളില്‍ ഒട്ടേറെ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് മൊത്തത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ മനോഭാവവും ആധുനിക സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സ്തീകള്‍ക്കെതിരായ കാഴ്ചപ്പാടുകളും കേരളത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കുന്നതിനുള്ള ബോധവത്ക്കരണവും ഇടപെടലുകളും നാം തുടര്‍ന്നും നടത്തണം.

ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ഒരു പെണ്‍കുട്ടിയെ അതിനീചമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുന്ന സമയത്താണ് ഇത്തവണ ബാലികാ ദിനം ആചരിക്കുന്നത്. യു.പി.യില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി വിവേചനവും സവര്‍ണ മേധാവിത്വവുമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത്. യു.പി. സര്‍ക്കാരും പോലീസും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയിലെ നിര്‍ഭയയ്ക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ക്രൂരമായ ഒരു സംഭവമാണിത്. എന്നാല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി ക്രൂരതകള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അരങ്ങേറുന്നുണ്ട് എന്നതാണ് നാം അറിയുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയും ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും സ്ത്രീകളുടെ അവഗണയിലേക്ക് വിരല്‍ ചൂണ്ടുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്തീകള്‍ക്കും കുട്ടികള്‍ക്കും ഏറെ ആദരവും പരിഗണനയും നല്‍കുന്ന സംസ്ഥാനമാണ് കേരളം. പ്രകടമായ ജാതി വിവേചനം അവസാനിപ്പിക്കാന്‍ സാധിച്ചതും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വന്നിട്ടുള്ള ഗുണപരമായ മാറ്റവും മറ്റ് സാമൂഹ്യ പരിഷ്‌കരണ നടപടികളുമാണ് കേരളത്തില്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും ജീവിതത്തിന്റെ മുഖ്യധാരയിലെത്താന്‍ സഹായിച്ചത്. സ്ത്രീ സാക്ഷരതയിലുണ്ടായ വര്‍ധനവും ഉന്നത വിദ്യാഭ്യാസ രംഗത്ത് 78 ശതമാനം പെണ്‍കുട്ടികളാണ് എന്ന വസ്തുതയും പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലകളിലേക്കുള്ള പെണ്‍കുട്ടികളുടെ വന്‍തോതിലുള്ള പ്രവേശനവും അതിനുള്ള ഉദാഹരണമാണ്. പ്രത്യേക നൈപുണികള്‍ (സ്‌കില്‍) ആവശ്യമായ തൊഴില്‍ മേഖലകളിലേക്ക് പെണ്‍കുട്ടികള്‍ ധാരാളമായി പ്രവേശിക്കുന്നുണ്ട്. സ്ത്രീ പുരുഷ ആനുപാതത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്. (1000 പുരുഷന്‍: 1084 സ്ത്രീകള്‍)

ജനനം മുതല്‍ 6 വയസുവരെയുള്ള പെണ്‍കുട്ടികളുടെ എണ്ണത്തില്‍ അടുത്ത കാലത്ത് കുറവുണ്ടായത് പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മറ്റ് ചില സംസ്ഥാനങ്ങളില്‍ കാണുന്നതു പോലെ പെണ്‍ ഭ്രൂണഹത്യയോ കുട്ടികളുടെ കാര്യത്തില്‍ ആണ്‍ പരിഗണയോ കേരളത്തില്‍ വ്യാപകമല്ല എന്നതാണ് കാണുന്നത്. മറ്റുചില ജീവശാസ്ത്രപരമായ കാരണങ്ങളാകാം ഈ കുറവിന് പിന്നിലെന്നതാണ് വിദഗ്ധാഭിപ്രായം. പി.സി.പി.എന്‍.ഡി.ടി. ആക്ട് അനുസരിച്ച് പെണ്‍ ഭ്രൂണഹത്യ നടക്കുന്നില്ലായെന്ന് ഉറപ്പ് വരുത്താന്‍ കേരളം പരിശ്രമിക്കുന്നുണ്ട്. പിഎന്‍ഡിടി ക്ലിനിക്കുകള്‍ തുടര്‍ന്നും പരിശോധനയ്ക്ക് വിധേയമാക്കും.

സാമൂഹിക സാംസ്‌കാരിക രംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ നിഷ്പ്രഭമാക്കും വിധം പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അങ്ങിങ്ങായി ഉണ്ടാകുന്നത് തടയാന്‍ കര്‍ശനമായ നടപടികള്‍ നാം സ്വീകരിക്കുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീകളെ ബഹുമാനിക്കാനും നിയമങ്ങള്‍ അനുസരിക്കാനുമുള്ള മാനസികാവസ്ഥ സൃഷ്ടിക്കപ്പെട്ടാല്‍ മാത്രമേ അതിക്രമങ്ങള്‍ പൂര്‍ണമായി തടയാന്‍ കഴിയൂ. പലപ്പോഴും പെണ്‍കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നത് കുടുംബത്തിനകത്ത് തന്നെയാണ് എന്നത് വേദനാജനകമായ സ്ഥിതിയാണ്. സ്വന്തം വ്യക്തിത്വവും അഭിപ്രായങ്ങളും തുറന്ന് പറയാന്‍ കഴിയാതെ പെണ്‍കുട്ടികള്‍ അടിച്ചമര്‍ത്തപ്പെടുന്നു. വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ഹോമുകളില്‍ ഇത്തരത്തില്‍ കശക്കിയെറിയപ്പെട്ട ബാല്യ കൗമാരങ്ങളെ കാണാം. എന്നാല്‍ നല്ല വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരില്‍ ഒരുപാട് പേര്‍ കടന്നു വരുമ്പോള്‍ കേരളം പെണ്‍കുട്ടികളുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധക്ക് ഫലമുണ്ടാകുന്നു എന്ന ആശ്വാസമുണ്ട്.

കേരളത്തിലെ പുരോഗമന വാദികളായ പൗരന്‍മാരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു സ്തീകള്‍ക്കും കുട്ടികള്‍ക്കും ഒരു വകുപ്പ് രൂപീകരിക്കുക എന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2017-18ല്‍ വനിത ശിശു വികസന വകുപ്പിന് രൂപം നല്‍കി. നേരത്തെ സാമൂഹ്യനീതി വകുപ്പിന് കീഴിലായിരുന്ന സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം. ഒരു പ്രത്യേക വകുപ്പിന് കീഴിലായപ്പോള്‍ കുറേക്കൂടി ശ്രദ്ധ ചെലുത്താന്‍ കഴിയുന്നുണ്ട്. വിവിധ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ഇതിനകം ആവിഷ്‌ക്കരിക്കാന്‍ വനിത ശിശുവികസന വകുപ്പിന് കഴിഞ്ഞു. വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷന്‍ മുഖേന 24 മണിക്കൂറും സേവനം ലഭിക്കുന്ന 181 എന്ന നമ്പരില്‍ പ്രത്യേക ഹെല്‍പ് ലൈന്‍ സ്ഥാപിക്കുകയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. വിധവകള്‍, നിരാലംബരായ സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് സഹായവുമായി ആശ്വാസനിധി പദ്ധതി, ഒറ്റത്തവണ 30,000 രൂപ നല്‍കുന്ന സഹായ ഹസ്തം പദ്ധതി, 50,000 രൂപവരെ ഒറ്റത്തവണ ധനസഹായം നല്‍കുന്ന അതിജീവിക പദ്ധതി, എന്റെ കൂട്, വണ്‍ ഡേ ഹോം തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

സ്ത്രീ ശാക്തീകരണത്തിനായി സധൈര്യം മുന്നോട്ട് എന്ന തുടര്‍ കാമ്പയിന്‍ സംഘടിപ്പിച്ചു വരുന്നു. സ്തീധനം, ഗാര്‍ഹിക പീഡനം, ലൈംഗീകാതിക്രമങ്ങള്‍ എന്നിവയ്ക്കെതിരെ ബോധവത്ക്കരണം നടത്തുകയും സ്തീകളെ പ്രതികരണ ശേഷിയുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതുവഴി പീഡന വിവരങ്ങള്‍ തുറന്ന് പറയുന്നതിനും പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനും കഴിയുന്നുണ്ട്. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതിലും അതിക്രമങ്ങള്‍ അറിയിക്കുന്നതിനോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനോയുള്ള സംവിധാനങ്ങള്‍ വളരെ കുറവായതിനാല്‍ പെണ്‍കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തമസ്‌കരിക്കപ്പെടുന്നു എന്നത് വസ്തുതയാണ്.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 1517 എന്ന ഹെല്‍പ് ലൈന്‍ നമ്പരും കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം ചെറുക്കാനായി ‘കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി’ എന്ന കാമ്പയിനും നിരന്തരം സംഘടിപ്പിച്ച് വരുന്നു. സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനവും സാമൂഹ്യ നീതി വകുപ്പിന് കീഴിയുള്ള കൗണ്‍സിലിംഗ് സംവിധാനവും പെണ്‍കുട്ടികള്‍ക്ക് ഏറെ സഹായകമാണ്. ഐ.സി.ഡിഎസ്. പദ്ധതി മുഖേന കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ബോധവത്ക്കരണ പരിപാടികളും രോഗ പ്രതിരോധ നടപടികളും ഏറെ ഗുണം ചെയ്യുന്നുണ്ട്. അടുത്തകാലത്ത് പോക്സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ നേടിയെടുത്തതും ഇതില്‍ 17 എണ്ണം ആരംഭിച്ചതും കേരളത്തിന്റെ വലിയ നേട്ടമാണ്.

സ്ത്രീ ശാക്തീകരണത്തിന് വേണ്ടി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന അഭിമാന പദ്ധതിയാണ് ജെന്‍ഡര്‍ പാര്‍ക്ക്. സ്ത്രീകള്‍ക്കായുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍, ആധുനിക ലൈബ്രറി, മ്യൂസിയം എന്നിവയുടെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി. ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയില്‍ ഒരു അന്താരാഷ്ട്ര വനിതാ ഗവേഷണ വിപണന കേന്ദ്രത്തിന്റെ പദ്ധതി സര്‍ക്കാര്‍ അംഗീകരിക്കുകയും ആദ്യ ഗഡുവായി 25 കോടി രൂപ അനുവദിക്കുകയും ചെയ്തു. 300 കോടിയുടെ സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇതില്‍ വനിത സംരംഭകര്‍ക്കുള്ള അവസരവും, ഇന്‍ഫര്‍മേഷന്‍ സെന്ററുകളും ലോകത്തിലെ പ്രശസ്ത സര്‍വകലാശാലകളുമായി ബന്ധപ്പെട്ടുള്ള ഫെലോഷിപ്പുകളും കേരളത്തിന്റെ തനതായ നൈപുണികള്‍ ഉപയോഗപ്പെടുത്തിയുള്ള തൊഴിലവസരങ്ങളും വിജ്ഞാന വിനിമയ സൗകര്യങ്ങളും അടങ്ങുന്ന ഒരു ലോകോത്തര സ്ഥാപനമായിരിക്കും ഇത്. ഐക്യരാഷ്ട്ര സഭയുടെ വനിത വിഭാഗത്തിന്റെ (യുഎന്‍ വിമണ്‍) സൗത്ത് ഏഷ്യന്‍ സെന്ററാക്കി കേരളത്തെ മാറ്റാന്‍ തത്വത്തില്‍ അംഗീകാരം ലഭ്യമായിട്ടുണ്ട്.

വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ഐസിപിഎസ് (സംയോജിത ശിശു സംരക്ഷണ പദ്ധതി)യുടെ ഭാഗമായി ജില്ലതലത്തിലുളെ ശിശുസംരക്ഷണ സമിതികള്‍ ശാക്തീകരിക്കാനും കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും അക്രമ വാസനകള്‍ തടയുന്നതിനും അവരുടെ മറ്റ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി രക്ഷിതാക്കളെ ബോധവത്ക്കരിക്കുന്നതിനുള്ള ഉത്തരവാദിത്വ രക്ഷാകര്‍തൃത്വം (റെസ്പോണ്‍സിബിള്‍ പാരന്റിംഗ്) എന്ന പദ്ധതിയും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഫോസ്റ്റര്‍കെയര്‍ പദ്ധതിയടക്കം സംരക്ഷണ പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സി.സി.ഐ. മോണിറ്ററിംഗ് സോഫ്റ്റുവെയര്‍ തയ്യാറാക്കിയിട്ടുണ്ട്. ബാലവേലയും ബാല ഭിക്ഷാടനവും അവസാനിപ്പിക്കുന്നതിന് വേണ്ടിയാരംഭിച്ച പ്രത്യേക പദ്ധതിയാണ് ശരണബാല്യം. ഈ കാലയളവില്‍ 90ലേറെ കുട്ടികളെ രക്ഷിച്ച് പുനരധിവസിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇവരില്‍ മഹാഭൂരിപക്ഷം പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളായിരുന്നു. ഔവര്‍ റസ്പോണ്‍സിബിള്‍ ടു ചില്‍ഡ്രന്‍ (ഒആര്‍സി) മുഖേനയും കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നു. ജുവനൈല്‍ ജസ്റ്റിസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പഠനം തുടരുന്നതിനും വേണ്ടി പ്രതിമാസം 2000 രൂപ ധനസഹായം നല്‍കുന്ന വിജ്ഞാന ദീപ്തി നടപ്പിലാക്കുന്നു. ഇങ്ങനെ വിവിധങ്ങളായ പദ്ധതികളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനാണ് വനിത ശിശുവികസന വകുപ്പ് മുന്‍കൈയ്യെടുക്കുന്നത്.

ആംബുലന്‍സ് ഡ്രൈവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവും പ്രായം ചെന്ന ചില ആളുകള്‍ കുഞ്ഞുമക്കളുടെ പ്രായത്തിലുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവവും അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതും അടക്കം ചില സംഭവങ്ങള്‍ കേരളത്തിലും ഉണ്ടായി എന്നത് നമ്മുടെ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ ആവശ്യമുണ്ട് എന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണ്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം സമൂഹത്തില്‍ ശക്തമായ ബോധവത്ക്കരണവും നടത്തേണ്ടതുണ്ട്. സൈബര്‍ മേഖലയില്‍ കുഞ്ഞുമക്കളെയടക്കം ആഭാസകരമായി ചിത്രീകരിച്ച് പണം നേടുന്നവരും സ്ത്രീകള്‍ക്കെതിരായി അങ്ങേയറ്റം നീചമായ പരാമര്‍ശങ്ങള്‍ നടത്തുന്ന കുറ്റവാളികളും നിയമത്തിലെ പഴുതുകള്‍ വഴി പലപ്പോഴും രക്ഷപ്പെടുന്നുവെന്ന് കാണുന്നത് അസഹനീയമാണ്. കേന്ദ്ര നിയമത്തില്‍ ശക്തമായ ഭേദഗതികള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. നിലവിലുള്ള നിയമത്തിലെ സാധ്യതകള്‍ അനുസരിച്ച് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണം. ഈ ബാലികാ ദിനത്തില്‍ നമ്മുടെ പെണ്‍മക്കള്‍ക്കായി തുല്യതയുടെ സാമൂഹികാന്തരീക്ഷം തീര്‍ക്കാന്‍ അവരുടെ വ്യക്തിത്വവും കഴിവുകളും പൂര്‍ണമായി പ്രകാശിപ്പിക്കാന്‍ അവസരം കൊടുക്കാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close