KERALANEWSTrending

പെന്‍ഷന്‍ കാത്ത് എട്ടു കൊല്ലം പിന്നിട്ടു, ഉമ്മന്‍ ചാണ്ടിയും പരിഗണിച്ചില്ല, താങ്കളുടെ സൗജന്യത്തിനായി ഇനി കാത്തിരിക്കുന്നില്ല; മുഖ്യമന്ത്രിക്ക് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എസ്. ജയചന്ദ്രന്‍ നായരുടെ കത്ത്


തിരുവനന്തപുരം: പത്രപ്രവര്‍ത്തക പെന്‍ഷന്‍ നിഷേധിക്കുന്നതിനെതിരെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എസ്. ജയചന്ദ്രന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. 50ലേറെ വര്‍ഷം പത്രപ്രവര്‍ത്തകനായിരുന്നു. എന്നാല്‍ സമ്പാദ്യം വട്ടപ്പൂജ്യമായിരുന്നു. പത്രപ്രവര്‍ത്തക ക്ഷേമനിധി പെന്‍ഷന്‍ എനിക്കൊരു സഹായമാകുമെന്ന് പ്രതീക്ഷിച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും അപേക്ഷ പരിഗണിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോഴെങ്കിലും പെന്‍ഷന്‍ കിട്ടുമെന്ന് കരുതി. താങ്കളുടെ സൗജന്യത്തിനായി, മതി ഇനി കാത്തിരിക്കുന്നില്ലെന്ന് ജയചന്ദ്രന്‍ നായര്‍ കത്തില്‍ പറയുന്നു.

മലയാളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകരിലൊരാളായ എസ്. ജയചന്ദ്രന്‍ നായര്‍ ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. പിന്നീട്, മലയാളം വാരികയിലെത്തി. 1970ന് ശേഷമുള്ള മലയാള സാഹിത്യരംഗത്തെ നിരവധി നവാഗത പ്രതിഭകളെ കണ്ടെത്തുന്നതില്‍ ജയചന്ദ്രന്‍ നായര്‍ മുന്‍നിരയിലായിരുന്നു. 2012ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിന്റെ ‘എന്റെ പ്രദക്ഷിണ വഴികള്‍’ എന്ന പുസ്തകത്തിന് ലഭിച്ചു. പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും നിര്‍മാണവും നിര്‍വഹിച്ചു. നിരവധി സാഹിത്യകൃതികളും തിരക്കഥകളും രചിച്ചിട്ടുണ്ട്.

ഇടതു സഹയാത്രികനായിരിക്കുമ്പോഴും അദ്ദേഹം തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ത്തിരുന്നില്ല. ജയചന്ദ്രന്‍ നായര്‍ പത്രാധിപരായിരിക്കെയാണ് മലയാളം വാരിക ഇപ്പോഴെത്ത മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ പ്രഭാവര്‍മ്മയുടെ ശ്യാമമാധവം പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി വച്ചത്. ടിപി വധക്കേസുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ പ്രഭാവര്‍മ്മ എഴുതിയ വാക്കിന്റെ സദാചാരമെന്ന ലേഖനത്തിന്റെ പേരിലായിരുന്നു പത്രാധിപരായിരുന്ന എസ് ജയചന്ദ്രന്‍ നായര്‍ കവിത പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയത്. അമ്പത്തിയെട്ട് വെട്ടുകള്‍ കൊണ്ട് നുറുക്കി ഒരു മനുഷ്യന്റെ ജീവന്‍ അപഹരിച്ചവരെ വാക്കിന്റെ സദാചാരം കൊണ്ട് ന്യായീകരിക്കുന്നതില്‍പരം നിന്ദ്യവും ഹീനവുമായ ഒരു കൃത്യമില്ലെന്നായിരുന്നു അന്ന് ജയചന്ദ്രന്‍ നായര്‍ പറഞ്ഞത്.

അന്നത്തെ നിലപാടില്‍ പ്രഭാവര്‍മ്മയ്ക്ക് എസ് ജയചന്ദ്രനോടുള്ള താല്‍പര്യക്കുറവാകാം പെന്‍ഷനുവേണ്ടിയുള്ള അപേക്ഷ വൈകിച്ചതിനുപിന്നിലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ് നിലവില്‍ പ്രഭാവര്‍മ്മ. എന്നാല്‍ പെന്‍ഷന് അദ്ദേഹം നേരത്തെ അപേക്ഷിച്ചിരുന്നില്ലെന്നും പദ്ധതിയില്‍ അംഗമല്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. അംശാദായം അടയ്ക്കുന്നവര്‍ക്ക മാത്രമാണ് നിലവില്‍ പെന്‍ഷന്‍ നല്‍കുന്നത്. ഇതിനുപുറമെ വാര്‍ത്താമാധ്യമങ്ങളിലെ പത്രപ്രവര്‍ത്തകര്‍ക്കു മാത്രമേ സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കാറുള്ളൂ. സാഹിത്യ/സാംസ്‌കാരിക പത്രപ്രവര്‍ത്തകര്‍ക്ക് അതു ലഭിക്കില്ല. നിരവധി പ്രമുഖരാണ് അതുകൊണ്ടുതന്നെ പെന്‍ഷന്‍ പദ്ധതിക്ക് പുറത്തു നില്‍ക്കുന്നത്.


ജയചന്ദ്രന്‍ നായരുടെ കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

മുഖ്യമന്ത്രിക്ക് ഒരു കത്ത്

ശ്രീ. പിണറായി വിജയന്‍

മുഖ്യമന്ത്രി, കേരളം

സെക്രട്ടേറിയറ്റ്, തിരുവനന്തപുരം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

ബാലറ്റിലൂടെ കമ്യൂണിസം നടപ്പാക്കാന്‍ ഇഎംഎസും പാര്‍ട്ടിയും കഠിനമായി ശ്രമിക്കുന്ന കാലത്താണ് അന്‍പത്തിയേഴില്‍ എന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. 2012 ല്‍ അതവസാനിപ്പിക്കുമ്പോള്‍ അന്‍പതില്‍പരം കൊല്ലങ്ങള്‍ പിന്നിട്ടിരുന്നുവെങ്കിലും സമ്പാദ്യം വട്ടപ്പൂജ്യമായിരുന്നു. ആ സാഹചര്യത്തിലാണ്, പത്രപ്രവര്‍ത്തക ക്ഷേമനിധി പെന്‍ഷന്‍ എനിക്കൊരു സഹായമാകുമെന്ന് പ്രതീക്ഷിച്ചത്. അതും കാത്ത് ഏതാണ്ട് എട്ടു കൊല്ലം പിന്നിട്ടു. ഇടയ്ക്കുവെച്ച് മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടി എന്റെ അപേക്ഷ ചവറ്റുകുട്ടയില്‍ കളഞ്ഞതായി അറിഞ്ഞു. അപ്പോഴും എനിക്ക് പ്രതീക്ഷ നഷ്ടമായില്ല. ശ്രീ പിണറായി മുഖ്യമന്ത്രിയാകുന്നതോടെ പെന്‍ഷന്‍ അനുവദിക്കുമെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ വിശ്വസിച്ചു. ഒന്നും സംഭവിച്ചില്ല. താങ്കളുടെ സൗജന്യത്തിനായി മതി, ഇനി കാത്തിരിക്കുന്നില്ല.

സഖാവേ, ലാല്‍സലാം.

വിധേയന്‍

എസ്. ജയചന്ദ്രന്‍ നായര്‍

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close