പെന്ഷന് മൗലികാവകാശമാണ്, അതിന്റെ ഒരു ഭാഗം പോലും നിയമപരമായിട്ടല്ലാതെ വെട്ടികുറക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല: ബോംബെ ഹൈക്കോടതി

മുംബൈ : പെന്ഷന് മൗലികാവകാശമാണെന്നും അതിന്റെ ഒരു ഭാഗം പോലും നിയമപരമായിട്ടല്ലാതെ വെട്ടികുറക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രവി ദേശ്പാണ്ഡെ, ജസ്റ്റിസ് എന്‍ ബി സൂര്യവാന്‍ഷി എന്നിവരടങ്ങിയ നാഗ്പൂര്‍ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1994 ഒക്ടോബറില്‍ ഭണ്ഡാരയിലെ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിന്ന് അസിസ്റ്റന്റ് ഫോര്‍മാനായി വിരമിച്ച നാഗ്പൂര്‍ സ്വദേശിയായ നൈനി ഗോപാലിന്റെ ഹരജി പരിഗണിക്കവേയാണ് ബഞ്ച് ഇങ്ങനെ പറഞ്ഞത്. തന്റെ പെന്‍ഷനില്‍ നിന്ന് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ പെന്ഷന് പ്രോസസിംഗ് സെന്റര്‍ മാസംതോരും 11,400 രൂപ വീതം പ്രതിമാസ ഗഡുക്കളായി 3,69,035 രൂപ തിരികെ പിടിച്ചു എന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. 2007 ഒക്ടോബര്‍ മുതല്‍ 85 വയസ്സുള്ള നൈനി ഗോപാലന് 782 രൂപ പെന്ഷന് തുകയില്‍ അധികമായി നല്‍കുന്നതായി എസ് ബി ഐ കോടതിയെ അറിയിച്ചു. സാങ്കേതിക പിഴവ് മൂലം ബാങ്കിന് നഷ്ടമുണ്ടായതിനെ തുടര്‍ന്നാണ് അധിക തുക തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത് ഇതിന് റിസര്‍വ് ബേങ്കില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും എസ് ബി ഐ വാദിച്ചു. പക്ഷെ സാങ്കേതിക തെറ്റ് മനസ്സിലാക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടെന്ന കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. കൂടാതെ എട്ട് ദിവസത്തിനുള്ളില്‍ 50,000 രൂപ പരാതിക്കാരന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും മുടക്കം വരുത്തിയാല്‍ ഓരോ ദിവസവും 1,000 രൂപ പിഴയടക്കണമെന്നും നിര്‍ദേശിച്ചു.