പെന്‍സില്‍വാനിയ തുണച്ചു; ബൈഡന് യു.എസ്. പ്രസിഡന്റ്, കമല വൈസ് പ്രസിഡന്റ്

ന്യൂയോര്‍ക്ക്: പെന്‍സില്‍വാനിയയിലെ 20 ഇലക്ടോറല്‍ വോട്ടുകളുടെ അട്ടിമറി വിജയത്തോടെ 270 ന്റെ സ്ഥാനത്ത് 290 വോട്ടുകള്‍ നേടി ജോ ബൈഡന് അമേരിക്കയുടെ 46-ാമത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ബൈഡന് പ്രസിഡന്റ് പദത്തിലെത്തുന്നതോടെ ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും.
ഇതോടെ, 1990ന് ശേഷം ഒറ്റത്തവണ മാത്രം പദവിയിലിരുന്നു പരാജയപ്പെടുന്ന പ്രസിഡന്റായി ട്രംപ് മാറി.
538 അംഗങ്ങളുള്ള യുഎസ് ഇലക്ടറല്‍ കോളജില്‍ ബൈഡന് ഇതുവരെ ലഭിച്ചത് 290 വോട്ടുകളെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സമയം ഉച്ചയ്ക്ക് 11.30ഓടെയാണ് പെന്‍സില്‍വേനിയയിലെ നിര്‍ണായക ഫലം പുറത്തുവന്നത്. അതോടെ ബൈഡന്റെ ഇലക്ടറല്‍ വോട്ടുനില 284. നേരത്തേ തന്നെ ഏ പി അടക്കമുള്ളവര്‍ വിജയം ഉറപ്പിച്ചിരുന്ന നെവാഡയിലെ ഫലവും 12.45ഓടെ പുറത്തുവന്നു.അതോടെ വോട്ടുനില 290 ആയി. സ്വിങ് സ്റ്റേറ്റായ ജോര്‍ജിയയിലും നിലവില്‍ ബൈഡനാണ് മുന്നില്‍. ഇതോടെ കഷ്ടിച്ചല്ലാതെ, വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ച് ബൈഡന് ഇനിയുള്ള നാലു വര്‍ഷക്കാലം യുഎസിന്റെ നായകത്വം വഹിക്കുമെന്ന് ഉറപ്പായി. കേസും കോടതിയുമായി തെരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്യാനുള്ള ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങളൊന്നും ഫലം കണ്ടില്ലെന്നതും ശ്രദ്ധേയമാണ്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് പെന്‍സില്‍വാനിയയും ജോര്‍ജിയയും പോലുള്ള സംസ്ഥാനങ്ങള്‍ റിപബ്ളിക്കന്സിനെ കൈവെടിയുന്നത്.
214 വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിന് ഇതുവരെ ലഭിച്ചത്. സ്വിങ് സ്റ്റേറ്റുകളായ നോര്‍ത്ത് കാരലൈന (ഇലക്ടറല്‍ വോട്ടുകള്‍ 15), അലാസ്ക (3) എന്നിവിടങ്ങളില്‍ മുന്നേറുന്നുണ്ടെങ്കിലും അവ രണ്ടും ട്രംപിനെ രക്ഷിക്കില്ല. ഈ രണ്ടു സ്റ്റേറ്റുകളിലെ മുഴുവന്‍ ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചാലും ട്രംപിന് 232 വോട്ടുകളേ ആവുകയുള്ളൂ. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും ആകാംക്ഷയ്ക്കുമൊടുവില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ബൈഡന് വിജയം സ്വന്തമാക്കിയപ്പോള്‍, വോട്ടെണ്ണലിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയെ സമീപിക്കാനും പ്രചാരണത്തിനും ഒരുങ്ങുകയാണ് ട്രംപ്.7,48,47,963 വോട്ടുകള്‍ നേടിയാണ് ജോ ബൈഡന് ചരിത്രമെഴുതിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ്ങാണിത്. ട്രംപിന് 7,05,91,853 വോട്ടുകള്‍ ഇതുവരെ ലഭിച്ചു.
അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡന്. ബരാക്ക് ഒബാമ സര്‍ക്കാരില്‍ എട്ടുവര്‍ഷം വൈസ് പ്രസിഡന്റായിരുന്നു.
കൂടുതല്‍ വായനയ്ക്ക്
https://mediamangalam.com/archives/tag/american-elections-2020