KERALANEWS

പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതി അവസരം കാത്തിരുന്നത് ഒരുമണിക്കൂറിലേറെ…! കുറ്റ സമ്മതം നടത്തി പ്രതി വിനീഷ്

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതി വിനീഷ് അവസരം കാത്തിരുന്നത് ഒരുമണിക്കൂറിലേറെ. പുലര്‍ച്ചെയോടെ ഏലംകുളം കൂഴന്തറയിലെ ദൃശ്യയുടെ വീട്ടിലെത്തിയതായി പ്രതി തന്നെ പോലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. കൈയില്‍ കരുതിയ കത്തിക്കു മൂര്‍ച്ചയില്ലാത്തതിനാല്‍, ദൃശ്യയുടെ വീട്ടിലെ അടുക്കളയില്‍നിന്നാണ് കൊലചെയ്യാനുപയോഗിച്ച കത്തിയെടുത്തതെന്നും ഇയാള്‍ സമ്മതിച്ചു. പ്രതിയെ റിമാന്‍ഡ്‌ചെയ്തു. ചേച്ചിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ ദേവശ്രീ വെള്ളിയാഴ്ച വൈകീട്ട് ആശുപത്രി വിട്ടു.

ബുധനാഴ്ച രാത്രി പെരിന്തല്‍മണ്ണയിലുള്ള ദൃശ്യയുടെ അച്ഛന്റെ വ്യാപാരസ്ഥാപനത്തിനു തീയിട്ടശേഷം താന്‍ നടന്നു കൂഴന്തറയിലേക്കെത്തിയതായി വിനീഷ് പറഞ്ഞു. പിന്‍വാതിലിലൂടെ അകത്തുകടന്നു. അടുക്കളയില്‍നിന്നു കത്തിയെടുത്തു മുകള്‍നിലയിലേക്കെത്തി. ഇവിടത്തെ മുറിയിലേക്കു ദൃശ്യ വരുമെന്നുകരുതി ഒരുമണിക്കൂറോളം കാത്തിരുന്നു. കാണാതായപ്പോഴാണു താഴേക്കിറങ്ങിയത്. താഴത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ദൃശ്യയെ തുടര്‍ച്ചയായി കുത്തി. ബഹളംകേട്ടെത്തിയ അനിയത്തിയെയും കുത്തി. തുടര്‍ന്നു വീടിന്റെ പിറകുവശത്തേക്ക് ഓടി. പാടം കടന്നു റെയില്‍വേപാളവും കടന്നശേഷം ഒരു വീട്ടുമുറ്റത്തുനിന്നു ചെരുപ്പെടുത്തിട്ടു. കുറേദൂരംപോയി ഓട്ടോറിക്ഷയില്‍ കയറിയതായും വിനീഷ് പോലീസിനോടു പറഞ്ഞു

പ്രതിയുമായി വെള്ളിയാഴ്ച രാവിലെ യുവതിയുടെ വീട്ടില്‍ പോലീസ് തെളിവെടുപ്പുനടത്തി. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതി മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷിനെ (21) തെളിവെടുപ്പിനെത്തിച്ചത്. ജനരോഷം കണക്കിലെടുത്താണു മലപ്പുറം എം.എസ്.പിയില്‍ നിന്നടക്കം അറുപതോളം പോലീസുകാരുടെ സംഘത്തെ ഏര്‍പ്പെടുത്തിയത്. വീടിനടുത്തുനിന്നു നാട്ടുകാരെ മാറ്റിയശേഷമാണു പ്രതിയെ എത്തിച്ചത്. രണ്ടരമണിക്കൂറോളം നീണ്ട തെളിവെടുപ്പ് 12.45-ഓടെ അവസാനിച്ചു. വിനീഷിന്റെ ചെരുപ്പ്, കട കത്തിക്കാനുപയോഗിച്ചതെന്നു കരുതുന്ന ലൈറ്റര്‍, മാസ്‌ക് തുടങ്ങിയവ കണ്ടെടുത്തു.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി സാജു കെ. അബ്രഹാം, പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ സജിന്‍ ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതിയെ പെരിന്തല്‍മണ്ണ കോടതി മജിസ്ട്രേറ്റിന്റെ ചുമതലയുള്ള നിലമ്പൂര്‍ മജിസ്ട്രേറ്റ് റിമാന്‍ഡ്‌ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. സംഭവത്തില്‍ പ്രതി ഒറ്റയ്ക്കാണ് പങ്കെടുത്തതെന്നാണ് നിഗമനം. മറ്റാളുകളോ പ്രേരണയോ ഉണ്ടോയെന്നത് വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close