INSIGHTNEWSTop News

പേരുകള്‍ പോലെ തന്നെ നിര്‍മ്മാണത്തിലും വ്യത്യസ്തതകള്‍ നിലനിര്‍ത്തുന്ന വാറ്റ് ചാരായ നിര്‍മ്മാണം;കാവല്‍ നില്‍ക്കുന്നത് രാഷ്ട്രിയ ക്രിമിനലുകള്‍;പോലീസിനെ വലച്ച് സംസ്ഥാനത്ത് വ്യാജ മദ്യ നിര്‍മ്മാണം പൊടിപൊടിക്കുന്നു

ദീപ പ്രദീപ്

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് സജീവമായി കൊണ്ടിരിക്കുന്ന ഒരു കലാരൂപമായി ചാരായം വാറ്റ് മാറിയിരിക്കുകയാണ്. പല ജില്ലകളില്‍ നിന്നും ഇതിനോടകം നിരവധി കേസുകളും റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞിരിക്കുകയാണ്.ആദ്യ ലോക്ക് ഡൗണില്‍ സജീവമായിരുന്ന വ്യാജ വില്പനക്കാര്‍ കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ക് ഡൗണിലും സജീവമാകുമെന്ന് മനസ്സിലാക്കി പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെത്തന്നെ അന്വേഷണങ്ങള്‍ ആരംഭിച്ചു വെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രദമായില്ലെന്ന് വേണം പറയാന്‍.മാത്രവുമല്ല പോലീസിനെ വെല്ലുന്ന ചില മുന്‍കരുതലുമായാണ് ഇത്തവണ വ്യാജന്‍മാര്‍ ഇറങ്ങിയിരിക്കുന്നത്.

നാടന്‍ കശുമാങ്ങയും നെല്ലും പഴവര്‍ഗങ്ങളുമൊക്കെയിട്ട് വാറ്റുന്ന ചാരായത്തിന് ലിറ്ററിന് രണ്ടായിരം രൂപയാണ് ഇവര്‍ ഈടാക്കുന്നത്.മൂന്നിരട്ടി മദ്യമാണ് ഇങ്ങനെ പലരും വാങ്ങി കുടിച്ചത്. കണ്ണുരിലെ മലയോര പ്രദേശങ്ങളിലെ വനമേഖലയിലാണ് വ്യാവസായിക അടിസ്ഥാനത്തില്‍ മാലുര്‍, ഇരിട്ടിക്കടുത്തെ എടക്കാനം ചെറുപുഴ ,കണ്ണവം, കൊട്ടിയൂര്‍ വനമേഖലകള്‍ എന്നിവടങ്ങളില്‍ കള്ളവാറ്റ് നടക്കുന്നുണ്ട്. തോക്ക് അടക്കമുള്ള മാരകായുധങ്ങളുമായാണ് ഇവിടെ കള്ളവാറ്റുകാരെ സംരക്ഷിക്കുന്നവര്‍ കാവല്‍ നില്‍ക്കുന്നത്. കള്ളവാറ്റ് നടക്കുന്ന മലയുടെ താഴ്വാരങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്.എന്നാല്‍ ഇങ്ങ് തെക്കന്‍ കേരളത്തിലാകാട്ടെ ആരുടെയും കാവല്‍ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് ചില വിരുതന്മാര്‍.

രാഷ്ട്രീയ ക്രിമിനലുകളുടെ കാവലിലാണ് കള്ളവാറ്റ് വ്യാവസായികാടിസ്ഥാനത്തില്‍ നടക്കുന്നത്. നേരത്തെ ഒരു ലിറ്ററിന് ആയിരം രൂപ വരെയാണ് വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോഴത് രണ്ടായിരം രൂപ വരെയായി. മലകളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും സ്ത്രീകളടക്കമുള്ളവര്‍ വാറ്റുന്നുണ്ട്. പഴവര്‍ഗങ്ങളുടെ വില വര്‍ധിച്ചതിനാല്‍ മലയോരത്ത് സുഗമമായി ലഭിക്കുന്ന കശുമാങ്ങയാണ് കള്ളവാറ്റുകാര്‍ ഉപയോഗിക്കുന്നത്. വീര്യം കൂട്ടാനായി അനുബന്ധ സാധനങ്ങളും ഉപയോഗിക്കുന്നുണ്ട്.

ലോക്ക് ഡൗണില്‍ ഹോം ഡെലിവറിയും സ്പോട്ട് ഡെലിവറിയും ഇവര്‍ നടത്തുന്നു. ഇതിനായി പ്രത്യേക നെറ്റ് വര്‍ക്ക് സംഘം തന്നെയുണ്ട്. ചില്ലറയായി ബൈക്കിലൂടെയാണ് ഇവരുടെ മദ്യക്കടത്ത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ വ്യാജപേരുകളില്‍ ആവശ്യക്കാരുമായി ബന്ധപ്പെടുന്നത്. ജീവജലം, ഇളനീര്, നാരങ്ങ മിഠായി എന്നിങ്ങനെയാണ് വാറ്റുചാരായത്തിനിട്ടിരിക്കുന്ന ഓമനപ്പേരുകള്‍.

സംസ്ഥാനത്ത് ഇത്തരത്തില്‍ ചാരായം വാറ്റുന്നവരുടെ കണക്കെടുത്താല്‍ ഒരു മാസം കുറഞ്ഞത് ഒരു ജില്ലയില്‍ നിന്ന് ഒരു കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.മെയ് 16 ന് അടൂരില്‍ നിന്നും പിടിച്ചെടുത്തത് 200 ലിറ്ററോളം കോട ആയിരുന്നു.രഹസ്യം വിവരം കിട്ടി സ്ഥലത്തെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് കരിക്കട്ട, ബാറ്ററി എന്നിവയിക്ക് പുറമെ മനുഷ്യ ശരീരത്തിന് ഹാനികരമായ ചില രാസവസ്തുക്കളും ചേര്‍ത്ത്
മൊബൈല്‍ മോര്‍ച്ചറിയില്‍ കോട കലക്കി വെച്ചിരുന്നതാണ്.അധികം വൈകാതെ തൊട്ടടുത്ത ദിവസം തൃശ്ശൂരില്‍ നിന്ന് കണ്ടെത്തിയത് 10 ലിറ്റര്‍ വാഷാണ്.അതും ദേവാലയ പരിസരത്തുള്ള പാരിഷ് ഹാളി നോട് ചേര്‍ന്ന്.

സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ അടച്ചിട്ടതില്‍ പ്രതിഷേധിച്ച് സ്വയം വാറ്റ് ചാരായം വീട്ടില്‍ നിന്നുമുണ്ടാക്കുന്നവരുമുണ്ട്.പ്രഷര്‍കുക്കര്‍ ഉപയോഗിച്ചാണ് ഇവരുടെ നിര്‍മ്മാണം. കഴിഞ്ഞ തവണത്തെ ലോക്ക് ഡൗണില്‍ വ്യാപകമായി വാറ്റുചാരായം നാട്ടുമ്പുറങ്ങളില്‍ ആളൊഴിഞ്ഞ വീടുകളും സ്ഥലങ്ങളും കേന്ദ്രീകരിച്ച് നിര്‍മ്മിക്കപ്പെട്ടിരുന്നു.എന്നാല്‍ കോവിഡ് കാലത്തിന് ശേഷവും ഇതു സ്വയംതൊഴില്‍ പോലെ പലരും തുടരുകയാണ് ചെയ്യുന്നത്. നാടെങ്ങും കൂണു പോലെ വാറ്റുചാരായ നിര്‍മ്മാണവും വില്‍പ്പനയും നടക്കുമ്പോള്‍ ഇവ പിടി കുടുന്നതിനായി ഓടി തളരുകയാണ് എക്സൈസ് സംഘം. മദ്യദുരന്തത്തിന്റെ സാധ്യതയും ഭീഷണിയായി മാറുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close