HEALTH

പൊന്നു പോലെ കാക്കേണ്ട ഹൃദയം

എപ്പോള്‍ വേണമെങ്കിലും നമ്മുടെ ജീവന്‍ കവരുന്ന നിശ്ശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. അറിവില്ലായ്മയും അശ്രദ്ധയുമാണ് പല ജീവനും പൊലിയാനുള്ള കാരണം. എന്നാല്‍, ചെറുപ്രായത്തില്‍ത്തന്നെവരുന്ന ഹൃദയാഘാതങ്ങളില്‍ 80 ശതമാനവും പ്രതിരോധിക്കാന്‍പറ്റുന്നവയാണ്. ഹൃദയാഘാതവും ഹൃദ്രോഗവും കാരണം ആഗോളതലത്തില്‍ ഏതാണ്ട് രണ്ടുകോടി മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേര്‍ക്കും അത് വരാതെ നോക്കാന്‍ സാധിക്കുമായിരുന്നുവെന്നതാണ് വാസ്തവം.മെഡിക്കല്‍ ഭാഷയില്‍ ‘മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍’ എന്നറിയപ്പെടുന്ന ഹൃദയാഘാതം എന്നത് ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊഴുപ്പും കാല്‍സ്യവും അടിഞ്ഞുകൂടി ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ പൂര്‍ണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലച്ച് പേശികളുടെ പ്രവര്‍ത്തനം നിലച്ച് നശിച്ചുപോവുന്ന അവസ്ഥയാണ്.


ഹൃദയാഘാതമുണ്ടാവുന്ന സമയത്ത് ആളുകള്‍ക്ക് സാധാരണ നെഞ്ചില്‍ ഭാരം എടുത്തുവെച്ചപോലെയുള്ള അസ്വസ്ഥതയായിട്ടാണ് അനുഭവപ്പെടുക. നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന അസ്വസ്ഥതപോലുള്ള വേദന ഇടതുകൈയിലേക്കും ചിലര്‍ക്ക് ഇരുകൈകളിലേക്കും മറ്റുചിലര്‍ക്ക് കഴുത്തിലേക്കും നീങ്ങാം. ഈ അസ്വസ്ഥത ഓരോ ആളിലും ഓരോ വിധത്തിലായിരിക്കും. ഇത് നെഞ്ചെരിച്ചില്‍, പുകച്ചില്‍ എന്നിവയും വരിഞ്ഞുമുറുകുന്ന രീതിയിലും അനുഭവപ്പെടും. കൂടാതെ ഛര്‍ദി, ക്ഷീണം, തലചുറ്റല്‍, അമിതമായി ശരീരം വിയര്‍ക്കല്‍ എന്നിവയുണ്ടാവും. അപൂര്‍വമായി വയറിളക്കവും കാണാം. നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടെന്നും വരാം. പ്രത്യേകിച്ച് രാത്രിയിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നത്. ഹൃദയത്തിന് വലത്തും ഇടത്തുമായിട്ടുള്ള രണ്ട് രക്തക്കുഴലുകള്‍ വഴിയാണ് ഹൃദയത്തിലേക്ക് രക്തമെത്തുന്നത്. പഠനങ്ങള്‍ അനുസരിച്ച് ഹൃദയത്തിന്റെ രക്തക്കുഴലുകളില്‍ 10 വയസ്സ് കഴിയുമ്പോള്‍ത്തന്നെ കൊഴുപ്പ് അടിഞ്ഞുതുടങ്ങുന്നു.എന്നാല്‍, വെറുതെയിരിക്കുമ്പോഴോ ചെറിയ ജോലികള്‍ ചെയ്യുമ്പോഴോ അസ്വസ്ഥത അനുഭവപ്പെടണമെന്നില്ല. ചിലരില്‍ ഈ അവസ്ഥ കൂടിക്കൂടി വരികയും ചെറിയ ജോലികള്‍ ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴും ഇതേ അവസ്ഥ അനുഭവപ്പെടുകയും ചെയ്യാം. ഇതിനെ അണ്‍സ്റ്റേബിള്‍ ആന്‍ജിന എന്നു പറയുന്നു. അതേസമയം, ചിലര്‍ക്ക് പെട്ടെന്നാണ് നെഞ്ചില്‍ നില്‍ക്കാതെയുള്ള അസ്വസ്ഥത വരുന്നത്. ഇതിനെയാണ് ഹൃദയഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് എന്നുപറയുന്നത്.

ഹൃദയാഘാതത്തിന് ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും മാറ്റിയെടുക്കാന്‍ പറ്റുന്നതും മാറ്റിയെടുക്കാന്‍ പറ്റാത്തതുമായ ശീലങ്ങളുണ്ട്. പുകവലി, മാനസിക സമ്മര്‍ദം, പ്രമേഹം, ബി.പി., വ്യായാമക്കുറവ്, അമിതഭാരം എന്നീ മാറ്റിയെടുക്കാന്‍പറ്റുന്ന ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ത്തന്നെ ഒരുപരിധിവരെ നമുക്ക് ഹൃദയാഘാതത്തില്‍നിന്ന് രക്ഷനേടാവുന്നതാണ്. മനുഷ്യശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍, ചീത്ത കൊളസ്‌ട്രോള്‍ എന്നിങ്ങനെ രണ്ടുവിധത്തിലുള്ള കൊളസ്‌ട്രോളാണുള്ളത്.എച്ച്.ഡി.എല്‍. നല്ല കൊളസ്‌ട്രോളാണ്. എന്നാല്‍, ടൈഗ്ലിസറൈഡ്‌സ്, എല്‍.ഡി.എല്‍., വി.എല്‍.ഡി.എല്‍. എന്നിങ്ങനെയുള്ള ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ അത് രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടി ബ്ലോക്ക് ഉണ്ടാവാന്‍ പ്രേരിപ്പിക്കുന്നതാണ്. ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതുമൂലം ബ്ലോക്കിനുള്ള സാധ്യത കുറയ്ക്കുകയും അതുമൂലം ഹൃദയാഘാതം തടയുകയും ചെയ്യുന്നു.


വ്യായാമം, കൊഴുപ്പുകുറഞ്ഞ ഭക്ഷണം, പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക എന്നിവ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടാതെ സഹായിക്കുന്നു. അതേസമയം, നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പാരമ്പര്യം, ലിംഗം എന്നിവ മാറ്റിയെടുക്കാന്‍ പറ്റാത്തതാണ്. ഹൃദയാഘാതം മുന്‍കൂട്ടി പറയുക ബുദ്ധിമുട്ടായതിനാല്‍ പ്രത്യേക ടെസ്റ്റുകളായ ഇ.സി.ജി., ട്രെഡ്മില്‍ ടെസ്റ്റ്, കൊറോണറി ആന്‍ജിയോഗ്രാം, എക്കോ കാര്‍ഡിയോഗ്രാഫി എന്നിവ നടത്തുന്നതിലൂടെ ഹൃദയാഘാതത്തിനുള്ള സാധ്യത തിരിച്ചറിയാനും തക്കതായ ചികിത്സ കൃത്യസമയത്ത് തുടങ്ങാനും സാധിക്കും. കൂടാതെ, കൃത്യമായ വ്യായാമത്തിലൂടെയും ജീവിതശൈലീ നിയന്ത്രണത്തിലൂടെയും ഇതുവരാതെ നോക്കേണ്ടതാണ്. നാല്‍പ്പതു വയസ്സുകഴിഞ്ഞാല്‍ വ്യായാമം ശീലമാക്കേണ്ടതാണ്. പ്രായത്തിനനുസരിച്ചുള്ള വ്യായാമമാണ് തിരഞ്ഞെടുക്കേണ്ടതാണ്. പാരമ്പര്യമായി ഹൃദയരോഗങ്ങളുണ്ടെങ്കില്‍ പതിവായി പരിശോധനകള്‍ നടത്തേണ്ടതാണ്. ജീവിതശൈലീ നിയന്ത്രണത്തിന്റെ ഭാഗമായി ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. ഫാസ്റ്റ് ഫുഡ്, ജങ്ക്ഫുഡ് എന്നിവ ഒഴിവാക്കേണ്ടതാണ്. ഫാസ്റ്റ്ഫുഡ്, ജങ്ക് ഫുഡ് എന്നിവ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, ബേക്കറി എന്നിവ ഒഴിവാക്കേണ്ടതാണ്. എണ്ണയും കൊഴുപ്പും കുറച്ച് ഭക്ഷണം പാകംചെയ്യുക. കൊളസ്‌ട്രോള്‍ കൂടുതലുള്ള പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ചായയും കാപ്പിയും ഒഴിവാക്കുക. അതേസമയം, അയല, മത്തി, ട്യൂണ എന്നിങ്ങനെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സമൃദ്ധമായടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തിലുള്‍പ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ് രക്തക്കുഴലുകള്‍ക്ക് സംരക്ഷണം നല്‍കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close