KERALATrending

പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് പതിമൂന്നുകാരി നല്‍കിയ പരാതി വൈറലായി; വധശ്രമക്കേസില്‍ അച്ഛനും അമ്മയും അറസ്റ്റില്‍

തിരുവനന്തപുരം; ഗുണ്ടാ ആക്രമണത്തില്‍ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ 13കാരിയുടെ മാതാപിതാക്കള്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍. യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് തിരുവനന്തപുരം ചാക്ക സ്വദേശികളായ സുജിത് കൃഷ്ണയും ഭാര്യ സിതാരയും അറസ്റ്റിലായത്. ഇവര്‍ നടത്തിയ വധശ്രമം മറച്ചുവെക്കാനാണ് മകളെ മുന്‍നിര്‍ത്തി വ്യാജപരാതി ചമച്ചതെന്നാണ് പൊലീസ് പറയുന്നത്.തന്റെ കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ച ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് പതിമൂന്നുകാരി ഒരാഴ്ച മുമ്പ് പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നത്. ഇത് സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചകള്‍ക്ക് വഴിവച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുജിത്തിനെയും സിതാരയെയും അറസ്റ്റു ചെയ്തത്.ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വത്തുക്കള്‍ ഒപ്പിട്ട് വാങ്ങിയെന്ന പരാതിയില്‍ സുജിത്തിന്റെ വീട്ടില്‍ കഴിഞ്ഞ മാസം പൊലീസ് പരിശോധന നടത്തിയിരുന്നു. പരാതിക്ക് പിന്നില്‍ സുജിത്തിന്റെ മുന്‍ ഡ്രൈവറും കൂട്ടാളിയുമായിരുന്ന ശങ്കര്‍ മോഹനാണെന്ന ധാരണയിലാണ് വധശ്രമത്തിന് പദ്ധതി തയ്യാറാക്കിയത്.

ശങ്കര്‍മോഹനെ ചര്‍ച്ചക്കാണെന്ന പേരില്‍ പേട്ട ഗുരുമന്ദിരത്തിന് സമീപം വിളിച്ച് വരുത്തി വാഹനം ഇടിപ്പിച്ച് അപകടപ്പെടുത്താന്‍ സുജിത്തും സിതാരയും ശ്രമിച്ചു. പരിക്കേറ്റ ശങ്കറും മറ്റ് സുഹൃത്തുക്കളും ഇവരെ പിന്തുടര്‍ന്നതോടെ ഇരുവരും പേട്ട സ്റ്റേഷനില്‍ ഓടികയറി. ഗുണ്ടാനിയമ പ്രകാരം ശങ്കര്‍ അറസ്റ്റിലായി. തുടര്‍ന്നാണ് ശങ്കറിന്റെ അമ്മ, മകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഗുണ്ടാസംഘങ്ങളെ പൊലീസ് സഹായിക്കുന്നുവെന്ന പരാതിയുമായി സുജിത്തിന്റെയും സിതാരയുടെയും മകള്‍ രംഗത്തെത്തി. പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് പരാതിയും അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വധശ്രമം മറനീക്കി പുറത്തുവന്നത്. ശങ്കറിനെ കൊല്ലാന്‍ താന്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കി സുജിത്ത് പ്രചരിപ്പിച്ച ശബ്ദ സന്ദേശവും പൊലീസിന് തെളിവായി. നേരത്തേയും നിരവധി കേസുകളില്‍ പ്രതിയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പലിശക്ക് കടം കൊടുക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 17 കേസില്‍ പ്രതിയാണ് സുജിത്ത് കൃഷ്ണ. സിതാരക്കെതിരെയും കേസുള്ളതായി പൊലീസ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close