പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പത്തനംതിട്ട തറയിൽ ഫിനാൻസ് ഉടമയായ സജി സാം പൊലീസിന് മുന്നിൽ കീഴടങ്ങി. രാവിലെ ഡിവൈഎസ്പി ഓഫിസിൽ നേരിട്ടെത്തിയാണ് സജി സാം കീഴടങ്ങിയത്. നിക്ഷേപകരിൽനിന്ന് ഏകദേശം 50 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിന്മേലാണ് അറസ്റ്റ്. എല്ലാവരുടെയും പണം തിരികെ നൽകുമെന്നും എന്നാൽ സാവകാശം വേണമെന്നും സജി പോലീസിൽ അറിയിച്ചു.
1991ൽ തുടങ്ങിയ സ്ഥാപനം നിക്ഷേപകരുടെ വിശ്വാസ്യത നേടിയടുത്താണ് പ്രവർത്തിച്ചിരുന്നത്. 13 മുതൽ 15 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്. കഴിഞ്ഞ മാർച്ച് മുതൽ പലിശ ലഭിക്കാതെ വന്നതോടെ സ്ഥാപനം തകരാൻ പോവുകയാണെന്ന് നിക്ഷേപകരിൽ ചിലർക്ക് സംശയം ഉണ്ടായിരുന്നു. കുറഞ്ഞ നിക്ഷേപം നടത്തിയ ചിലർ തുക പിൻവലിച്ചു. പണം ലഭിക്കാതെ വന്ന മറ്റുള്ളവർ സജിയെ സമീപിച്ചപ്പോൾ ഉടനെ നൽകാമെന്നായിരുന്നു മറുപടി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതൽ സജിയുടെ ഫോൺ സ്വിച്ച് ഒാഫായതോടെ നിക്ഷേപകർ പൊലീസിനെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം മുതൽ ഏഴുകോടി വരെ നിക്ഷേപിച്ചവരുണ്ട്. സ്ഥാപനം പൂട്ടിയെന്ന വിവരം അറിഞ്ഞെത്തിയ നിക്ഷേപകർ അറിഞ്ഞത് സജി സാമും കുടുംബവും സ്ഥലം വിട്ടെന്ന വാർത്തയാണ്. സജിസാമിനെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസടക്കം പുറപ്പെടുവിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് പോലീസിൽ കീഴടങ്ങിയത്.
തറയിൽ ഫിനാൻസിനെതിരേ അടൂർ സ്റ്റേഷനിൽ ഇതുവരെ 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓമല്ലൂരിൽ പ്രധാനകേന്ദ്രമായി പ്രവർത്തിച്ചിരുന്ന തറയിൽ ഫിനാൻസിന് അടൂർ കെ.എസ്.ആർ.ടി.സി.ജങ്ഷനു സമീപവും ശാഖയുണ്ടായിരുന്നു. ഇവിടെ പണം നിക്ഷേപിച്ചവരാണ് പരാതിക്കാരിൽ ഏറെയും. കഴിഞ്ഞദിവസം അടൂർ സി.ഐ.യുടെ നേതൃത്വത്തിൽ അടൂരിലെ ശാഖയിൽ തെളിവ് ശേഖരണം നടത്തി.