പൊലീസ് ക്യാംപസില്‍ പ്രവേശിച്ചത് അനുമതിയില്ലാതെ, നിയമനടപടി സ്വീകരിക്കും: ജാമിയ വിസി

ന്യൂഡല്‍ഹി: അനുമതിയില്ലാതെയാണ് ഡിസംബര്‍ 15 ന് ഡല്‍ഹി പൊലീസ് ക്യാംപസില്‍ പ്രവേശിച്ചതെന്ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍. സംഭവത്തില്‍ പൊലീസിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ വീണ്ടും സമ്മര്‍ദം ചെലുത്തും. ഇക്കാര്യം സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചതായും നിയമപരമായ മാര്‍ഗം തേടുമെന്നും വിസി വ്യക്തമാക്കി.
ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ വിസിയുടെ ഓഫീസ് ഘരാവോ ചെയ്തതിനു പിന്നാലെയാണ് പ്രതികരണം. കഴിഞ്ഞ മാസം ക്യാംപസിനകത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികള്‍ വിസിയെ ഘരാവോ ചെയ്തത്.
യൂണിവേഴ്സിറ്റി പരീക്ഷകള്‍ പുനഃക്രമീകരിക്കണമെന്നും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.സര്‍വകലാശാലയുടെ പ്രവേശന കവാടത്തിന്റെ പൂട്ട് തകര്‍ത്താണ് വിദ്യാര്‍ഥികള്‍ വിസിയുടെ ഓഫിസിലേക്കെത്തിയത്. ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികള്‍ വിസിക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രശ്നത്തെക്കുറിച്ച് വിദ്യാര്‍ഥികളുമായി സംസാരിക്കാന്‍ വിസി തയാറാകണമെന്നായിരുന്നു അവരുടെ ആവശ്യം. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി സംസാരിക്കവെയാണു പൊലീസിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നു വിസി വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം 15 ന് ഡല്‍ഹി പൊലീസ് ക്യാംപസിനകത്ത് കടന്ന് വിദ്യാര്‍ഥികള്‍ക്കുനേരെ കണ്ണീര് വാതകം പ്രയോഗിച്ചിരുന്നു. ലൈബ്രറിക്കുളളിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ വലിച്ചു പുറത്തേക്കിട്ടശേഷം മര്‍ദിക്കുകയും ചെയ്തു. ജാമിയ വിദ്യാര്‍ഥികള്‍ പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തില്‍ പങ്കെടുത്തതിനുപിന്നാലെയായിരുന്നു പൊലീസ് നടപടി.