Breaking NewsKERALA

പോക്സോ കേസ്: അന്വേഷണത്തിനു എല്ലാ ജില്ലകളിലും വനിത ഓഫീസര്‍മാര്‍, മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

പ്രത്യേക ലേഖകന്‍

കൊച്ചി: സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ എല്ലാ ജില്ലകളിലും വനിതാ ഐപിഎസ് ഓഫീസര്‍മാരെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വനിതാ ഐപിഎസ് ഓഫീസര്‍മാര്‍ ഇല്ലാത്ത ജില്ലകളില്‍ പ്രത്യേകം ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കാനും സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതവായാണ് അന്വേഷണം നടക്കുന്നതെന്ന് വനിതാ ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബാലാവകാശങ്ങളില്‍ പരിശീലനം ലഭിച്ചിട്ടുള്ളവരാണന്ന് ഇവര്‍ ഉറപ്പു വരുത്തണം. ഇരകളായ കുട്ടികളുടെ മൊഴി എടുക്കുന്നത് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരായിരിക്കണമെന്നും ഉറപ്പാക്കണം. കുട്ടികള്‍ ശരിയായ മാനസിക നിലയില്‍ ഉള്ളപ്പോഴാണ് മൊഴി രേഖപ്പെടുത്തുന്നതെന്നും ഉറപ്പുവരുത്തണം.

കുട്ടികളുടെ മാനസികാവസ്ഥ തെളിയിക്കുന്നതിനായി മനശാസ്ത്രജ്ഞര്‍ ഉള്‍പ്പടെയുള്ളവരെ കേസില്‍ സാക്ഷികളാക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ സ്വാധീനത്തിന് വഴങ്ങുന്നില്ലന്ന് ഉറപ്പാക്കണം. ഇരകള്‍ നല്‍കുന്ന മൊഴികള്‍ക്ക് അനുസൃതമാണ് മെഡിക്കല്‍ രേഖകളെന്ന് ഉറപ്പ് വരുത്തണം. മെഡിക്കല്‍ രേഖകള്‍ മൊഴികള്‍ക്ക് വിരുദ്ധമാണെങ്കില്‍ കൂടുതല്‍ അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്നും കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പരിശോധിച്ച് ശരിയായ തരത്തില്‍ തെളിവ് ശേഖരണം നടന്നിട്ടുണ്ടന്ന് ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ ജില്ലകളിലും ‘വണ്‍ സ്റ്റോപ്പ് സപ്പോര്‍ട്ട് സെന്റുകള്‍ ആരംഭിക്കണമെന്നും പോക്‌സോ നിയമത്തിലെ നടപ്പടിക്രമങ്ങള്‍ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കുന്നതിന് രണ്ടു മാസത്തിനകം സംസ്ഥാന തല നോഡല്‍ ഓഫിസറെ നിയമിക്കണമെന്നും ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.പോക്‌സോ കോടതിയിലെ ന്യായാധിപര്‍ക്ക് പരിശീലനം നല്‍കുന്നതിനും നടപടി വേണം പൊലീസ് സ്റ്റേഷഷനുകളില്‍ നിലവില്‍ നിയമിച്ചിട്ടുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാരെ പ്രത്യേക കേഡറായി നിയോഗിക്കാന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഫൊറന്‍സിക് ലാബിലെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണം. നിലവില്‍ നിയമിക്കപ്പെട്ടിട്ടുള്ള സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ യോഗ്യരാണോ എന്ന് ഉറപ്പ് വരുത്തണം. ഇരകള്‍ക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്യാന്‍ അടിയന്തര നടപടി വേണം. വിചാരണയില്‍ കുട്ടികളെ സഹായിക്കാന്‍ അഭിഭാഷകരുടെ സേവനം ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ സൗജന്യ നിയമ സഹായം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഉറപ്പാക്കണം. സംസ്ഥാന തല നോഡല്‍ ഓഫിസര്‍ മൂന്ന് മാസം തോറും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.സര്‍ക്കാര്‍ പുപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ലന്ന് വിലയിരുത്തിയാണ് കോടതി പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കേസില്‍ ഇരകളായ കുട്ടികളുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിന് ഹൈക്കോടതിയിലെ കേസ് രേഖകള്‍ സീല്‍ ചെയ്ത കവറുകളില്‍ പ്രത്യേകം സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.രേഖകളുടെ സുരക്ഷിതത്വവും കൈകാര്യവും ഉറപ്പാക്കുന്നതിനും പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നതടക്കം ഏഴിന നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. പാലത്തായി പീഡനം അടക്കം രണ്ടു കേസുകളിലെ ഉത്തരവുകളുടെ ഭാഗമായാണ് കോടതി വിപുമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close